Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2023 10:17 AM IST Updated On
date_range 27 March 2023 5:00 PM ISTനോമ്പുകാലം ആരോഗ്യകരമാക്കാൻ ഈ പത്തു കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsbookmark_border
നോമ്പുകാലത്ത് ഭക്ഷണം, ഭക്ഷണരീതികൾ, അതിന്റെ തിരഞ്ഞെടുപ്പ് എന്നിവ പ്രധാനമാണ്. മികച്ച മുന്നൊരുക്കങ്ങളിലൂടെയും ശാസ്ത്രീയ അവബോധത്തിലൂടെയും നോമ്പുകാലം ആരോഗ്യകരമാക്കാം. അതിനായി 10 കാര്യങ്ങൾ ശ്രദ്ധിക്കാം.
- നോമ്പുകാലത്ത് നിർജലീകരണത്തിനു സാധ്യത ഏറെയാണ്. നോമ്പ് തുറന്ന ഉടനെയും രാത്രിയിലും ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഇതിന് പരിഹാരം. അതേസമയം, കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇവയിൽ അടങ്ങിയിരിക്കുന്ന അമിത പഞ്ചസാരയും കൃത്രിമ മധുരപദാർഥങ്ങളും നിറങ്ങളും ശരീരത്തിന് ദോഷംചെയ്യും.
- ഈത്തപ്പഴം പഞ്ചസാരയുടെ സ്വാഭാവിക ഉറവിടമാണ്. നോമ്പ് തുറന്നതിനു പിറകെ രണ്ട് ഈത്തപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കും.
- നോമ്പുതുറക്കുന്ന സമയത്ത് സൂപ്പുകൾ കഴിക്കുന്നവർ പോഷകസമ്പുഷ്ടമായവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പച്ചക്കറി, തക്കാളി, പയർ എന്നിവ നല്ലതാണ്. ക്രീം അടങ്ങുന്ന സൂപ്പുകൾ ഒഴിവാക്കുക. ചൂടുള്ള കാലാവസ്ഥയിൽ തണുത്ത സൂപ്പുകൾ നല്ലതാണ്.
- ഗ്രീൻ സാലഡുകൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. ഇത് എല്ലായ്പോഴും ആരോഗ്യകരമാണ്. പലതരം പോഷകങ്ങളും വിറ്റമിനുകളും ധാതുക്കളും നാരുകളും അടങ്ങിയതിനാൽ ഇവ ശരീരത്തിന് ഗുണകരമാണ്.
- ഇഫ്താർ വിരുന്നിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകണം. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ബ്രൗൺ റൈസ്, ഹോൾ ഗ്രെയിൻ പാസ്ത, ഹോൾ ഗ്രെയിൻ ബ്രെഡ്, ഉരുളക്കിഴങ്ങ് എന്നിവ നല്ലതാണ്. കാർബോ ഹൈഡ്രേറ്റ് ഊർജത്തിന്റെയും നാരുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ്.
- ആരോഗ്യകരമായ ലീൻ പ്രോട്ടീനുകൾ ഭക്ഷണത്തിൽ വളരെ പ്രധാനമാണ്. മാട്ടിറച്ചി, മത്സ്യം, മുട്ട, കോഴി എന്നിവയിൽ ഇവയുണ്ട്. പാലും തൈരും പലതരം അമിനോ ആസിഡുകളാലും സമ്പന്നമാണ്. പൂരിത കൊഴുപ്പുകൾ ഒഴിവാക്കുക. കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. വെജിറ്റേറിയൻ ഇഷ്ടപ്പെടുന്നവർക്ക് പയർവർഗങ്ങൾ, ബീൻസ്, നട്സ് എന്നിവ കഴിക്കാം.
- നോമ്പ് തുറന്ന ഉടനെ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഉത്തമം. വെള്ളവും ഈത്തപ്പഴവും ഉപയോഗിച്ച് നോമ്പ് തുറക്കാം. പ്രധാന ഭക്ഷണം കഴിക്കാൻ കുറച്ച് സമയം നൽകുക. സാവധാനം കഴിക്കുക, മിതമായി കഴിക്കുക എന്നത് ശരീരഭാരം കൂടാതെ നിലനിർത്താൻ സഹായിക്കും.
- പഞ്ചസാര, കൊഴുപ്പ്, സോഡിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. വറുത്ത ഇനങ്ങൾ പരീക്ഷിക്കരുത്. ചുട്ടതും ആവിയിൽ വേവിച്ചതും ഗ്രിൽ ചെയ്തതുമായ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക. ഉപ്പ്, പഞ്ചസാര എന്നിവക്കു പകരം ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കാം. പഴങ്ങൾക്ക് പ്രാധാന്യം നൽകാം. മിഠായികൾ, കേക്ക്, മറ്റു കൃത്രിമ മധുരപലഹാരങ്ങൾ എന്നിവയേക്കാൾ മികച്ചതാണ് ഇവ.
- നോമ്പുള്ളവർ അമിതമായി വ്യായാമം ചെയ്യരുത്. നിർബന്ധമുള്ളവർക്ക് നടത്തംപോലെ ചെറിയ വ്യായാമങ്ങൾ ചെയ്യാം. പുലരുന്നതിനു മുമ്പും സൂര്യാസ്തമയത്തിനു ശേഷവുമാണ് ഇതു നല്ലത്.
- ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ പ്രത്യേകിച്ച് ഹൃദ്രോഗം, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം ഉള്ളവർ, ഗർഭിണികളും മുലയൂട്ടുന്നവരും ഉപവാസത്തിനുമുമ്പ് ഡോക്ടറെ സമീപിച്ച് ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ നിർദേശങ്ങൾ തേടണം.
(ഡോ. ശ്രീധർ, ശിഫ അൽജസീറ മെഡിക്കൽ സെന്റർ ഫർവാനിയ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story