കാലാവസ്ഥ മാറുമ്പോൾ കുട്ടികളിലുണ്ടാകുന്ന രോഗങ്ങൾ
text_fieldsകാലാവസ്ഥ വ്യതിയാനമുണ്ടാകുന്ന സമയത്ത് ( തണുപ്പു മാറി ചൂടിലേക്ക് പോകുന്ന സമയം) ശ്വാസകോശസംബന്ധമായ അസുഖങ്ങളും ഛർദ്ദി, വയറിളക്കം എന്നിവയും കൂടുതലായി കണ്ടുവരുന്നു. ഛർദ്ദിയും വയറിളക്കവും കൂടുതലും വൈറസ് ബാധ മൂലമാണ് കണ്ടുവരുന്നത്. ഇതിനെ പ്രതിരോധിക്കാൻ കൂടുതൽ ശുചിത്വം പാലിക്കണം. പഴകിയതും സൂക്ഷിച്ചുവച്ചിരിക്കുന്നതുമായ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുകയും പുറത്തുനിന്നുള്ള ഭക്ഷണം ഒരു പരിധി വരെ ഒഴിവാക്കുകയും ചെയ്യണം.
കൂടെക്കൂടെ ജലദോഷവും ശ്വാസംമുട്ടലും വന്നാൽ എന്താണ് ചെയ്യേണ്ടത്
ജലദോഷം കുട്ടികളിൽ സാധാരണ കണ്ടുവരാറുള്ളതാണ്. കൂടുതൽ ദിവസം നീണ്ടുനിന്നാൽ ചികിൽസ തേടേണ്ടതുമാണ്. ആറുവയസ്സു വരെയുള്ള കുട്ടികളിൽ 30- 40 ശതമാനം വരെ ശ്വാസം മുട്ടൽ കണ്ടുവരാറുണ്ട്. കൃത്യമായ കാരണങ്ങൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്.
ശ്വാസകോശ രോഗങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമോ
ശ്വാസം മുട്ടൽ രോഗങ്ങൾക്ക് ഇപ്പോൾ വളരെയധികം ഫലപ്രദമായ പ്രതിരോധ മരുന്നുകൾ ലഭ്യമാണ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം അവ ഉപയോഗിക്കാം.
ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന കുട്ടിയുടെ ശീലം മാറ്റിയെടുക്കാൻ പറ്റുമോ
ഉറക്കത്തിൽ മൂത്രം ഒഴിക്കുന്നത് ഒരു പരിധി വരെ ട്രെയിനിങ് കൊണ്ട് മാറ്റിയെടുക്കാവുന്നതാണ്. ഏഴ് വയസ്സു വരെ ട്രെയിനിങ് മാത്രമേ ആവശ്യമുള്ളു. ട്രെയിനിങ് എങ്ങനെ ഫലപ്രദമായി ചെയ്യാം എന്നറിയാൻ ഡോക്ടറിനെ സമീപിക്കുക. ട്രെയിനിങ് ഫലപ്രദമായില്ലെങ്കിൽ മാത്രമേ മെഡിസിൻ ഉപയോഗിക്കേണ്ടതുള്ളു.
മൂത്രത്തിലെ അണുബാധ കണ്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൂത്രത്തിലെ അണുബാധ കുട്ടികളിൽ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. വെള്ളം കൂടുതലായി കുടിക്കുക, മൂത്രം പിടിച്ചുവെക്കാതിരിക്കുക, ശുചിത്വം പാലിക്കുക എന്നിവ വഴി ഒരു പരിധി വരെ മൂത്രത്തിലെ അണുബാധ നിയന്ത്രിക്കാവുന്നതാണ്. മൂത്രത്തിലെ അണുബാധ തുടർച്ചയായി ഉണ്ടാകുന്നവർ ഡോക്ടറെ കാണുകയും യൂറിൻ കൾച്ചർ, അൾട്രാ സൗണ്ട്, എന്നീ പ്രാരംഭ ടെസ്റ്റുകൾ ചെയ്യണം.
കുട്ടികളിൽ കാലിന് ഇടയ്ക്കിടെ വേദന വരുന്നത് രോഗലക്ഷണമാണോ
കുട്ടികളിൽ രാത്രി സമയങ്ങളിൽ കലുവേദന കാണാറുണ്ട്. കൂടുതൽ കളിക്കുകയും ഓടുകയും ചെയ്യുന്ന ദിവസങ്ങളിലാണ് സാധാരണ ഇത് കാണാറുള്ളത്.പല രോഗങ്ങളുടേയും കാരണമായി കാലുവേദന അനുഭവപ്പെടുമെങ്കിലും വിറ്റാമിൻ ഡി ചെക്ക് ചെയ്യുന്നത് നന്നായിരിക്കും.
അലർജി മൂലം കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനാകുമോ
പല രീതിയിലുള്ള അലർജികളും കുട്ടികളിൽ സാധാരണ കണ്ടുവരാറുണ്ട്.അലർജിയുടെ കൃത്യമായ കാരണം കണ്ടുപിടിക്കാൻ പറ്റുന്നില്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം അലർജി ടെസ്റ്റ് ചെയ്ത് കാരണം മനസ്സിലാക്കാം. അതനുസരിച്ച് അലർജി ഉണ്ടാക്കുന്ന വസ്തുക്കളുടെ സാമീപ്യം ഒഴിവാക്കുകയും ചെയ്യാം. തണുപ്പ് കാലം തുടങ്ങുന്നതിന് മുമ്പ് influenza vaccine എടുക്കുന്നത് വഴി വൈറൽ പനികളെ പ്രതിരോധിക്കാവുന്നതാണ്.
ഡോ. സജീവ് ബി.കെ, ശിശുരോഗ വിദഗ്ധൻ, കിംസ് ഹെൽത് ഹോസ്പിറ്റൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.