'കോവിഡ് വാക്സിൻ ഗ്രാമങ്ങൾക്കില്ല', രാജ്യത്ത് വാക്സിൻ വിതരണത്തിൽ കടുത്ത അനീതിയെന്ന് കണക്കുകൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിൽ ഗ്രാമങ്ങൾ നേരിടുന്നത് കടുത്ത അവഗണനയെന്ന് കണക്കുകൾ. നഗരങ്ങളിലുള്ളവർക്ക് അതിവേഗം വാക്സിൻ ലഭ്യമാകാൻ അവസരമൊരുങ്ങുേമ്പാൾ ഗ്രാമങ്ങൾക്ക് വളരെ കുറച്ചു മാത്രമാണ് ഇവ വിതരണം ചെയ്യപ്പെടുന്നതെന്നാണ് ആരോപണം.
രാജ്യത്ത് ഏറ്റവും അവികസിതമായി തുടരുന്ന 114 ജില്ലകളിൽ 17.6 കോടി ജനം താമസിക്കുേമ്പാൾ അവർക്കായി ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിനാണ്. എന്നാൽ, ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പുണെ, താനെ, നാഗ്പൂർ നഗരങ്ങളിൽ മാത്രം ഇത്രയും വാക്സിൻ വിതരണം ചെയ്തതായും കണക്കുകൾ പറയുന്നു. ഇവിടങ്ങളിലെ ജനസംഖ്യയാകട്ടെ നേർപകുതിയും.
45 വയസ്സിനു താഴെയുള്ളവർക്കും സ്വകാര്യ സ്ഥാപനങ്ങൾ വഴി വാക്സിൻ വിൽപന ആരംഭിച്ച കഴിഞ്ഞ മാസം മുതൽ വിതരണത്തിലെ അനീതി കൂടുതൽ രൂക്ഷമായിട്ടുണ്ട്. ആദ്യ നാലാഴ്ചകളിൽ മാത്രം ഈ ഒമ്പത് പട്ടണങ്ങൾ മൊത്തം ഗ്രാമീണ ജില്ലകൾക്ക് അനുവദിച്ചതിനെക്കാൾ 16 ശതമാനം അധികം വാക്സിനാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് സർക്കാറിന്‍റെ 'കോ-വിൻ' വാക്സിനേഷൻ പോർട്ടലിലെ കണക്കുകൾ വ്യക്തമാക്കുന്നു.
ജനുവരി മധ്യത്തിൽ രാജ്യത്ത് വിതരണം ആരംഭിച്ചതു മുതൽ 22.2 കോടി വാക്സിനാണ് കുത്തിവെച്ചത്. ചൈനയും അമേരിക്കയും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. എന്നാൽ, 95 കോടി മുതിർന്നവരിൽ അഞ്ചു ശതമാനത്തിന് മാത്രമാണ് രണ്ടാം ഡോസ് നൽകാനായത്.
ഗ്രാമീണ ഇന്ത്യയിൽ 135 കോടി പേർ വസിക്കുന്നതായാണ് രേഖ. ആപേക്ഷികമായി കോവിഡ് കണക്കുകളിൽ മുന്നിലുള്ളത് പക്ഷേ, നഗര ഇന്ത്യയാണ്. ഗ്രാമങ്ങളിലെ വ്യാപനം അടുത്തിടെ അതിരൂക്ഷമായിട്ടും കണക്കുകളിൽ ഗ്രാമങ്ങളിപ്പോഴും പിന്നിൽ തന്നെ. ഏപ്രിൽ, മേയ് മാസങ്ങളിലാണ് രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഏറ്റവും വലിയ ഭീതി ഉയർത്തിയത്. വാക്സിനേഷൻ വേഗത്തിലാക്കാൻ ഇതോടെ സമ്മർദം ശക്തമായിരുന്നു. രോഗവ്യാപന സാധ്യതയുള്ള വിഭാഗങ്ങൾ, ആരോഗ്യമേഖലയിലെ ജീവനക്കാർ, 45 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കാണ് നിലവിൽ കേന്ദ്ര സർക്കാർ വാക്സിൻ നൽകുന്നത്. എന്നാൽ, ഈ സൗജന്യ വാക്സിൻ ഏറെയും നഗരങ്ങൾ കേന്ദ്രീകരിച്ചാണ് നൽകുന്നത്. നഗരങ്ങളിലെ കോവിഡ് വ്യാപന സാധ്യത കൂടി കണക്കിലെടുത്താണ് ഈ നടപടിയെന്ന് സൂചനയുണ്ട്.
രാജ്യത്ത് മൈക്രോസോഫ്റ്റ്, പെപ്സി, ആമസോൺ, റിലയൻസ്, അദാനി, ടാറ്റ തുടങ്ങിയ വൻകിട കമ്പനികൾ സ്വന്തം ജീവനക്കാർക്ക് വാക്സിൻ നൽകുന്നുണ്ട്. ഇതിലും ഗ്രാമങ്ങൾ അവഗണിക്കപ്പെടുകയാണ്.
ഗ്രാമങ്ങളുടെ അവഗണനക്കെതിരെ കഴിഞ്ഞ ദിവസം സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിലേറെയും നഗരങ്ങളിൽ മാത്രമാണെന്നും ആ വിഷയം കൂടി കണക്കിലെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.