പുതുജീവൻ നൽകി നൂതന സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് സേവനങ്ങൾ
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ദേശീയ അർബുദ ചികിത്സാ ഗവേഷണ കേന്ദ്രത്തിലെ(എൻ.സി.സി.സി.ആർ) മൂലകോശം മാറ്റിവെക്കൽ സേവനം നിരവധിപേർക്ക് പുതുജീവൻ നൽകുന്നു. വർഷങ്ങളായുള്ള എൻ.സി.സി.സി.ആറിന് കീഴിലെ രക്ത, മജ്ജ മാറ്റിവെക്കൽ സേവനം കൂടുതൽ വിപുലീകരിച്ചതിലൂടെ നിരവധി രോഗികളാണ് ജീവിതത്തെക്കുറിച്ച് പുതിയ പ്രതീക്ഷ നെയ്തുകൊണ്ടിരിക്കുന്നത്.
എൻ.സി.സി.സി.ആറിലെ വളരെ നൂതനമായ ബ്ലഡ് ആൻഡ് മാരോ സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് പ്രോഗ്രാം (ബി.എം.ടി) രോഗീപരിചരണത്തിൽ വലിയ ഫലങ്ങൾ കാണിച്ചുതുടങ്ങിയതായി കേന്ദ്രത്തിലെ ബി.എം.ടി വകുപ്പ് ചെയർമാനും സീനിയർ കൺസൽട്ടൻറുമായ ഡോ. ജാവിദ് ഗാസീവ് പറഞ്ഞു. എൻ.സി.സി.സി.ആറിലെ ബി.എം.ടി പ്രോഗ്രാം ഖത്തറിലെ ഒരേയൊരു അഡൽട്ട് ഹെമറ്റോപോയിറ്റിക് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് പ്രോഗ്രാമാണ്. ഹെമറ്റോപോയിറ്റിക് സെൽ ട്രാൻസ്പ്ലാന്റേഷന്റെ ഫീൽഡ് പുരോഗമിക്കുന്നതിലും രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലും സമഗ്രവും അനുകമ്പയുള്ളതുമായ പരിചരണം നൽകാൻ ലക്ഷ്യമിടുന്നതാണിത്.
ട്രാൻസ്പ്ലാന്റ് ഫിസിഷ്യന്മാർ, നഴ്സുമാർ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ലബോറട്ടറി മെഡിസിൻ, സ്റ്റെം സെൽ പ്രോസസിങ് ലബോറട്ടറി എന്നിവരടങ്ങുന്ന വിദഗ്ധ ടീമുകൾ വർഷങ്ങളോളം പരിശ്രമിച്ചാണ് ഈ അത്യാധുനിക രക്ത-മജ്ജ മൂലകോശം മാറ്റിവെക്കൽ സേവനം
സ്ഥാപിച്ചിരിക്കുന്നതെന്നും ഡോ. ജാവിദ് ഗാസീവ് വ്യക്തമാക്കി. നിരവധി വർഷത്തെ പ്രത്യേക ട്രാൻസ്പ്ലാന്റ് വൈദഗ്ധ്യം ആവശ്യമുള്ള മേഖലയാണിത്. ലോകമെമ്പാടുമുള്ള മറ്റ് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് സെൻററുകളോട് ചേർന്നുനിൽക്കുന്ന പ്രോഗ്രാമിന്റെ തുടക്കംമുതൽ മികച്ച ഫലങ്ങളാണുള്ളതെന്നും വലിയ നേട്ടമാണിതെന്നും ഡോ. ഗാസീവ് കൂട്ടിച്ചേർത്തു. ബി.എം.ടി പ്രോഗ്രാമിന്റെ വിജയകരമായ സേവനങ്ങളിലൂടെ നൂറുകണക്കിനാളുകൾക്ക് പുതുജീവൻ നൽകാനായെന്ന് എൻ.സി.സി.സി.ആറിന്റെ പുതിയ പതിപ്പായ ന്യൂസ് ആൻഡ് വ്യൂസിൽ ഡോ. ഗാസീവ് ചൂണ്ടിക്കാട്ടി.
2015 അവസാനത്തിൽ പൂർത്തിയാക്കിയ ആദ്യത്തെ ഓട്ടോലോഗസ് ട്രാൻസ്പ്ലാന്റേഷനും 2017 ഡിസംബറിലെ ആദ്യ അലോജെനിക് ട്രാൻസ്പ്ലാന്റേഷനും മുതൽ ഇതുവരെയായി ബി.എം.ടി പ്രോഗ്രാമിന് കീഴിൽ 55 അലോജെനിക് ട്രാൻസ്പ്ലാന്റേഷനും 123 ഓട്ടോലോഗസ് ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാേൻറഷനും വിജയകരമായി പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. 2011ലെ ദേശീയ കാൻസർ സ്ട്രാറ്റജിക്ക് കീഴിൽ എൻ.സി.സി.സി.ആർ, എച്ച്.എം.സി എന്നിവയിലെ പരിചരണത്തിലെ ഏറ്റവും മികച്ച മുന്നേറ്റങ്ങളിലൊന്നായിരുന്നു അലോജെനിക് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ എന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.