ഇനി അൽപം നിൽക്കാം
text_fieldsമണിക്കൂറുകളോളം ഒരേയിരുപ്പിൽ ജോലി ചെയ്യുന്നപോലെ വിശ്രമമില്ലാത്ത നിൽപ്പും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും
കമ്പ്യൂട്ടറിനുമുന്നിൽ ഏറെ നേരം ഇരുന്ന് ജോലിചെയ്യേണ്ടി വരുന്നവരാണ് പലരും. മണിക്കൂറുകളോളം ഒരേ ഇരുപ്പിരുന്ന് ജോലിചെയ്യുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. രോഗങ്ങൾ ഒഴിവാക്കാനും ആരോഗ്യം നിലനിർത്താനും അതിനാൽ അൽപനേരം നിൽക്കേണ്ടതും ആവശ്യമാണ്.
എന്നാൽ, ഇതുരണ്ടും സന്തുലിതമായ രീതിയിൽ വേണമെന്നാണ് വിദഗ്ധർ പറയുന്നത്. മണിക്കൂറുകളോളം ഒരേ ഇരിപ്പിരിക്കുന്നത് അമിതവണ്ണം, ഹൃദയസംബന്ധമായ രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദം എന്നിവക്ക് കാരണമാകും. എന്നാൽ, നിൽക്കുന്നത് ഇവ കുറക്കാൻ സഹായിക്കും. പേശികൾക്കും രക്തചംക്രമണം മെച്ചപ്പെടുത്താനും കലോറി എരിച്ചുകളയാനും നിൽപ് സഹായകമാണ്.
എന്നാൽ ഒരാളുടെ പ്രായം, ഫിറ്റ്നസ് ലെവൽ, ജോലിയുടെ സ്വഭാവം, ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിൽപ് സമയം തീരുമാനിക്കേണ്ടത്. വിശ്രമമില്ലാതെ ഏറെനേരം നിൽക്കുന്നതും പ്രശ്നങ്ങൾക്ക് കാരണമാകും. ക്ഷീണം, പേശികൾക്കുള്ള ബുദ്ധിമുട്ട്, സന്ധിവേദന എന്നിവക്ക് അമിതമായ നിൽപ് കാരണമാകും. അതിനാൽ ഇടവേളയില്ലാതെ നിൽക്കുന്നതും അപകടം.
നിൽപിനുപുറമെ നടക്കൽ, സ്ട്രെച്ചിങ് ഉൾപ്പെടെയുള്ള വ്യായാമങ്ങളും ശീലമാക്കണം. ശരീരത്തിന് ശക്തിയും വഴക്കവുമുണ്ടാകാൻ ഇത് സഹായിക്കും. ഓരോ മണിക്കൂറിലും 3-5 മിനിറ്റുവരെ നിൽക്കുന്നതും അൽപനേരം നടക്കുന്നതും ഗ്ലൂക്കോസ് നിയന്ത്രണത്തിന് സഹായകമാണ്; പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹരോഗികൾക്ക്. കൂടാതെ സന്തുലിതമായ ഭക്ഷണക്രമവും പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഉറക്കവും രോഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.