Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightകുഞ്ഞുങ്ങളുടെ സ്കൂള്‍...

കുഞ്ഞുങ്ങളുടെ സ്കൂള്‍ മടി: പരിഹാര മാര്‍ഗങ്ങള്‍

text_fields
bookmark_border
കുഞ്ഞുങ്ങളുടെ സ്കൂള്‍ മടി: പരിഹാര മാര്‍ഗങ്ങള്‍
cancel
കുഞ്ഞുങ്ങളെ പുതിയതായി സ്കൂളിലോ പ്രി-സ്കൂളുകളിലോ വിടാനൊരുങ്ങുന്ന മാതാപിതാക്കളുടെ മനസ്സില്‍ ഇപ്പോഴേ ആശങ്കകളുടെ കാര്‍മേഘങ്ങള്‍ നിറഞ്ഞുകഴിഞ്ഞു.
തന്‍െറ കുഞ്ഞ് സ്കൂളില്‍ പോകാന്‍ മടികാണിക്കുമോ? മടികാണിച്ചാല്‍ എന്തുചെയ്യും എന്നുതുടങ്ങി സ്കൂള്‍ അന്തരീക്ഷം കുട്ടിക്ക് പിടിക്കുമോ, സ്കൂളില്‍വെച്ച് ഒറ്റക്ക് ഭക്ഷണം കഴിക്കുമോ, ടോയ്ലറ്റില്‍ പോകാന്‍ എന്തുചെയ്യും എന്നുതുടങ്ങി നൂറുകൂട്ടം ചോദ്യങ്ങളാണ് ഇവരുടെ മനസ്സിലുയരുന്നത്.
യഥാര്‍ഥത്തില്‍ സ്കൂളില്‍ പോകാനുള്ള മടി വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. താനെ അപ്രത്യക്ഷമാകുന്നതാണ് ഈ പ്രവണത.
വീട്ടിലെ സ്നേഹവും സ്വാതന്ത്ര്യവും നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് തികച്ചും അപരിചിതവും നിയന്ത്രണങ്ങളുള്ളതുമായ അന്തരീക്ഷത്തിലേക്കുള്ള മാറ്റമാണ് സ്കൂളില്‍ പോകാനുള്ള മടിയുടെ അടിസ്ഥാന പ്രശ്നം. മാതാപിതാക്കളുടെയും വീട്ടിലെ മറ്റംഗങ്ങളുടെയും ലാളനകള്‍ക്കിടയില്‍നിന്നുള്ള പെട്ടെന്നുള്ള മാറ്റം ഒരു കുഞ്ഞിനും ഉള്‍ക്കൊള്ളാനാകില്ല. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു വേണം ഈ പ്രശ്നത്തെ നേരിടാന്‍. സ്കൂള്‍ മടിയുടെ കാലയളവിന്‍െറ കാര്യത്തില്‍ കുട്ടികള്‍ തമ്മില്‍ വ്യത്യാസമുണ്ടാവാം. അയ്യോ...മറ്റുകുട്ടികള്‍ കരയാതെ സ്കൂളില്‍ പോകാന്‍ തുടങ്ങി എന്‍െറ മോന്‍െറ മടി മാറിയില്ലല്ളോ... എന്ന് വിലപിക്കുന്ന മാതാപിതാക്കളും കുറവല്ല. അപരിചിത സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കുട്ടികളുടെ കഴിവിന്‍െറ ഏറ്റക്കുറച്ചിലിനനുസരിച്ച് മടിയുടെ കാലയളവും നീണ്ടുനിന്നേക്കാം.
സ്കൂള്‍ ജിവിതം ബുദ്ധിമുട്ടുള്ളൊരു കാര്യമാണ് എന്ന രീതിയിലുള്ള സങ്കല്‍പമാണ് നമ്മുടെ സമൂഹത്തില്‍ എല്ലാ കുട്ടികളുടെയും മനസ്സില്‍ രൂപപ്പെട്ടുവരുന്നത്. ഇതിന്‍െറ പ്രധാന ഉത്തരവാദിത്തം വീട്ടിലുള്ളവര്‍ക്കാണ്. വീട്ടിലിരുന്ന് വികൃതി കാണിക്കുന്ന കുട്ടികളോട് ‘ഇങ്ങെനെ വികൃതി കാണിച്ചാല്‍ നിന്നെ സ്കൂളില്‍ വിടും’ എന്ന് ഭീഷണിപ്പെടുത്തുന്ന മാതാപിതാക്കള്‍ അറിയുന്നില്ല അവര്‍ കുട്ടിയുടെ മനസ്സില്‍ സ്കൂളിനെ കുറിച്ച് ഭീകരമായ ചിത്രം കോറിയിടുകയാണെന്ന്.
സ്കൂള്‍യാത്ര ഒരിക്കലും ശിക്ഷാനടപടിയായി ചിത്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുഞ്ഞുനാളിലേ ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണം. മറിച്ച് കൂട്ടുകൂടാനും പുതിയ അറിവുകള്‍ തേടാനുമുള്ള നല്ല സ്ഥലമായി സ്കൂളിനെക്കുറിച്ച് പറഞ്ഞുകൊടുക്കണം.
ആദ്യമായി സ്കൂളില്‍ പോകാനൊരുങ്ങുന്ന കുഞ്ഞിനോട് സ്കൂളിനെ കുറിച്ചും സ്കൂളില്‍ വിടാന്‍ പോകുന്ന കാര്യവും സൗമ്യമായി പറയണം. സ്കൂള്‍ തുറക്കും മുമ്പ് കുട്ടിയുമായി ഒന്നോ രണ്ടോ തവണ അവിടെ പോയി ക്ളാസ് മുറികള്‍ കാണിച്ചുകൊടുക്കുന്നതും മടി കുറക്കാനുള്ള ഒരു മാര്‍ഗമാണ്.
വീട്ടില്‍ അമിതലാളനയേറ്റ് വളരുന്ന കുട്ടികളിലാണ് സ്കൂള്‍ മടി ഒരു പ്രശ്നമായി മാറുന്നത്. അതുകൊണ്ട് സ്കൂള്‍ പ്രായമാകുമ്പോഴേക്കും കുഞ്ഞിനെ മറ്റു വ്യക്തികളുമായി ഇടപഴകാനും വീടിന് പുറത്തുള്ള മറ്റു സ്ഥലങ്ങളില്‍ കഴിയാനുമുള്ള പരിശീലനം നല്‍കണം. മൂന്നോ നാലോ വയസ്സാകുമ്പോള്‍ തന്നെ കുഞ്ഞിനെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അടുത്ത് അല്‍പനേരം നിര്‍ത്തുന്നത് വീട്ടിലുള്ളവരില്‍നിന്ന് മാറിനില്‍ക്കാന്‍ അവരെ പ്രാപ്തരാക്കും.
ഇത്തരത്തില്‍ വേണ്ടത്ര തയാറെടുപ്പുകള്‍ ഇല്ലാതെ കുഞ്ഞിനെ സ്കൂളിലയക്കുന്നതാണ് സ്കൂള്‍ മടിയുടെ മറ്റൊരു കാരണം. ആദ്യദിവസങ്ങളില്‍ കുട്ടികള്‍ കരയുന്നുവെന്ന് കരുതി അവരെ സ്കൂളില്‍ അയക്കാതിരിക്കരുത്. ഒരിക്കല്‍ ഇത്തരം സൗജന്യം അനുവദിച്ചുകൊടുത്താല്‍ പിന്നെ എല്ലാ ദിവസവും അവര്‍ ഈ തന്ത്രം പ്രയോഗിക്കാനിടയുണ്ട്.
ആദ്യമായി സ്കൂളില്‍ പോകാനൊരുങ്ങുന്ന കുഞ്ഞിനോട് സ്കൂളിനെ കുറിച്ചും സ്കൂളില്‍ വിടാന്‍ പോകുന്ന കാര്യവും സൗമ്യമായി പറയണം.
ആദ്യദിവസം തന്നെ കുട്ടികളെ അധികസമയം സ്കൂളില്‍ ഇരുത്തേണ്ട. പതുക്കെ പതുക്കെ സമയം കൂട്ടികൊണ്ടുവരുകയാണ് വേണ്ടത്. ഇപ്പോള്‍ മിക്ക സ്കൂളുകളിലും ഈ രീതി പിന്തുടരുന്നുണ്ട്. അതുപോലത്തെന്നെ കുട്ടികള്‍ക്ക് ഒരിക്കലും വാഗ്ദാനങ്ങള്‍ നല്‍കി മടി മാറ്റാന്‍ ശ്രമിക്കരുത്. ചോക്ളറ്റും കളിപ്പാട്ടങ്ങളും വാങ്ങിനല്‍കി മടിമാറ്റുന്നത് ശരിയായ രീതിയല്ല. സ്കൂളിനെ കുറിച്ച് പോസിറ്റീവായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്.
രണ്ടാഴ്ചയിലോ അതിലധികമോ സ്കൂളില്‍ പോകാനുള്ള മടി തുടരുകയാണെങ്കില്‍ കുട്ടിയോട് സൗമ്യമായി കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. അധ്യാപകരോടുള്ള ഭയം, മറ്റുകുട്ടികളില്‍നിന്നുള്ള ഉപദ്രവം, ഒറ്റക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാതിരിക്കുക, ഒറ്റക്ക് ടോയ്ലറ്റില്‍ കയറാന്‍ പേടി, ക്ളാസില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാവാതിരിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ സ്കൂള്‍ മടിക്ക് പിറകിലുണ്ടായേക്കാം. ചില കുട്ടികളില്‍ ഒരു കാരണങ്ങളുമില്ലാതെയും മടി കണ്ടേക്കാം.
മടിയുടെ പിന്നില്‍ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കില്‍ അത് കണ്ടത്തെി പരിഹരിക്കുകയാണ് വേണ്ടത്. അതിന് ആവശ്യമെങ്കില്‍ അധ്യാപകരുടെ സഹായം തേടാം.
സ്കൂളില്‍ പോകാന്‍ നേരത്ത് തലവേദന, വയറുവേദന, ചര്‍ദ്ദി, വയറിളക്കം എന്നിവ തുടങ്ങി നിരവധി അസുഖങ്ങള്‍ മടിയുടെ ഭാഗമായി കണ്ടുവരാറുണ്ട്. ഇത് പലപ്പോഴും വീട്ടിലുള്ളവരുടെ ശ്രദ്ധയും അനുകമ്പയും കിട്ടുന്നതിനുള്ള തന്ത്രമാകാനാണ് സാധ്യത. സ്കൂളില്‍ പോകേണ്ടെന്ന് പറഞ്ഞാലോ അവധി ദിവസങ്ങളിലോ ഇത്തരം അസുഖങ്ങള്‍ ഇല്ലാതിരുന്നാല്‍ മടിയുടെ ഭാഗമായുള്ള ‘അസുഖ’മാണെന്ന് കരുതാം. അങ്ങനെയെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. അസുഖമാണെന്നു പറയുമ്പോള്‍ ഡോക്ടറെ കാണിച്ച് നമുക്ക് ‘ഇന്‍ജക്ഷനെടുക്കാമെന്നോ’ മറ്റോ പറഞ്ഞ് സൗമ്യമായി പേടിപ്പിച്ചു നോക്കണം. ഇതോടെ മിക്കവരുടെയും അസുഖം താനെ മാറും. അതേസമയം, ശാരീരിക അസ്വസ്ഥതകള്‍ നീണ്ടുനിന്നാല്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കണം.
ചുരുക്കത്തില്‍ കുട്ടികളെ ശ്വാസിച്ചും നിര്‍ബന്ധിച്ചും സ്കൂളിലേക്ക് ‘ഓടിച്ചുവിടുന്ന’തിന് പകരം അവരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേട്ട് അതിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണം. സ്നേഹപൂര്‍വമായ പിന്തുണ നല്‍കിയാല്‍ ഏതൊരു കുട്ടിയുടെയും സ്കൂള്‍ മടി മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ചേര്‍ന്ന് മാറ്റിയെടുക്കാവുന്നതേയുള്ളൂ. ദീര്‍ഘകാലം കഴിഞ്ഞിട്ടും മടി മാറാതിരിക്കുകയോ പ്രശ്നം കുഞ്ഞിന്‍െറ പഠനത്തെയും ആരോഗ്യത്തെയും ബാധിക്കുകയോ ചെയ്യുന്നപക്ഷം സൈക്കോളജിസ്റ്റിന്‍െറ സഹായം തേടാവുന്നതാണ്.
(ലേഖിക കോഴിക്കോട് മെഡിക്കല്‍
കോളജിലെ മുന്‍ സൈക്കോളജിസ്റ്റാണ്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story