മനസ്സിനെ തൊട്ട് കോവിഡ് ആകുലതകൾ; 60,325 പേർക്ക് കൗൺസലിങ്
text_fieldsകൊച്ചി: കോവിഡുമായി ബന്ധപ്പെട്ട ആകുലതകളും മാനസിക സമ്മർദവും ജനങ്ങളിൽ ഏറിവരുന്നു. ഇത്തരക്കാർക്ക് സാന്ത്വനമേകാൻ ആരോഗ്യവകുപ്പ് ആരംഭിച്ച കൗൺസലിങ് പദ്ധതിയുടെ പ്രവർത്തനം ഇതിനകം 15 ലക്ഷത്തോളം പേരിലേക്ക് എത്തി. കോവിഡ് ഭീതി സൃഷ്ടിച്ച ആശങ്കയകറ്റാൻ മാനസിക പിന്തുണ തേടി ദിവസവും എത്തുന്നത് നൂറുകണക്കിനു ഫോൺ വിളികളാണ്.
മനോരോഗ വിദഗ്ധരും സാമൂഹിക പ്രവർത്തകരും ക്ലിനിക്കൽ ൈസക്കോളജിസ്റ്റുകളുമടക്കം 1145 പേരാണ് ഇതിനായി പ്രവർത്തിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവർ, ഭിന്നശേഷിക്കാരായ കുട്ടികൾ, വിദ്യാർഥികൾ, അന്തർ സംസ്ഥാന തൊഴിലാളികൾ, വയോധികർ, ക്വാറൻറീനിൽ കഴിയുന്നവർ തുടങ്ങിയവരെ ഫോണിൽ ബന്ധപ്പെടുകയും ആവശ്യക്കാർക്ക് കൗൺസലിങ് അടക്കം തുടർസേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.
ഇതുവരെ 14,75,278 പേരാണ് ഈ സേവനത്തിെൻറ ഗുണഭോക്താക്കളായത്. ഇതിൽ 60,325 പേർക്ക് കൗൺസലിങ് നൽകി. 64,286 വിദ്യാർഥികളെ സ്കൂൾ കൗൺസലർമാർ ഫോണിൽ ബന്ധപ്പെടുകയും 10,300 പേർക്ക് കൗൺസലിങ് നൽകുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള കൗൺസലിങ്ങും ‘ഒറ്റക്കല്ല, ഒപ്പമുണ്ട്’ എന്ന പദ്ധതിയുടെ ഭാഗമാണ്.
മാനസിക സമ്മർദം, ഉത്കണ്ഠ, വിഷാദം, ഉറക്കത്തിലെ താളപ്പിഴകൾ തുടങ്ങിയവയാണ് ഭൂരിഭാഗം പേരുടെയും പ്രശ്നങ്ങൾ. കുട്ടികളിൽ പെരുമാറ്റവൈകല്യം മുതൽ ആത്മഹത്യപ്രവണത വരെയുണ്ട്. ക്വാറൻറീനിൽ കഴിയുന്ന 3,14,042 പേർ ഹെൽപ് ലൈനുമായി ബന്ധപ്പെടുകയും ഇവരിൽ 24,704 പേർക്ക് കൗൺസലിങ് അടക്കം തുടർസേവനം ലഭ്യമാക്കുകയും ചെയ്തു.
29.25 ശതമാനം പേരുടെയും പ്രശ്നം മാനസിക സമ്മർദമാണ്. കോവിഡിനെക്കുറിച്ച ഭീതിയും സാമൂഹിക ബന്ധങ്ങൾ കുറയുന്നതും തൊഴിൽരംഗത്തെ പ്രതിസന്ധിയും സാമ്പത്തിക പ്രശ്നങ്ങളും വീട്ടിൽ കഴിയേണ്ടി വരുന്നതുമൊക്കെയാണ് കാരണം. ഡിഅഡിക്ഷനുമായി ബന്ധപ്പെട്ട് 2667 കേസുകൾ റിപ്പോർട്ട് ചെയ്യുകയും 323 പേർക്ക് കിടത്തിച്ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.