വിഷാദം അകറ്റാൻ പോസറ്റീവാകാം
text_fieldsഎന്താണ് വിഷാദം? വിഷാദാവസ്ഥ ചികിത്സ തേടേണ്ട മാനസിക പ്രശ്നമാകുന്നത് എപ്പോഴാണ്?
വിഷാദമെന്നത് എല്ലാ മനുഷ്യരിലുമുണ്ടാകുന്ന ഒരു മാനസികാവസ്ഥയാണ്. നഷ്ടങ്ങളും അനിഷ്ടങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോള്‍ നാം ഒാരോരുത്തരും അനുഭവിക്കുന്ന മാനസികാവസ്ഥ. എന്നാല്‍, സാധാരണ ഗതിയില്‍ ഈ വിഷാദം ഏറെനാള്‍ നിലനിൽക്കുകയില്ല. കുറച്ചു സമയത്തേക്കോ ദിവസങ്ങളിലേക്കോ മാത്രം ഒതുങ്ങുന്ന ഈയവസ്ഥ ഒരു രോഗമെന്ന നിലയിലെത്തണമെങ്കില്‍ വിഷാദത്തിെൻറ ഒരുകൂട്ടം ലക്ഷണങ്ങള്‍ തീവ്രതയോടെ രണ്ടാഴ്ചയോ അതിലധികമോ നീളുകയും ദൈനംദിന ജീവിതത്തെ അതു ബാധിക്കുകയും വേണം.
എന്തൊക്കെയാണ് വിഷാദരോഗ ലക്ഷണങ്ങൾ?
സദാ ദുഃഖഭാവം, ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളില്‍ പോലും എല്ലായ്പ്പോഴുമുള്ള താൽപര്യമില്ലായ്മ, ഒന്നിനും ഊർജമില്ലെന്ന തോന്നലും ക്ഷീണവും ഇവയെല്ലാമാണ് വിഷാദരോഗത്തിെൻറ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം ഉറക്കമില്ലായ്മയും വിശപ്പില്ലായ്മയും ഉണ്ടാകാം. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയില്ലായ്മയും സഹായിക്കാനാരുമില്ല; തനിച്ചാണെന്ന തോന്നലും ആത്മനിന്ദയും തനിക്കൊന്നിനുമാവില്ലെന്ന തോന്നലുമെല്ലാം കൂടെയുണ്ടാകാം. കുറ്റബോധം, ആത്മഹത്യാചിന്തകള്‍ എന്നിവയും വളരെ സാധാരണമാണ്. ചിലരിലാകട്ടെ ഭയം, സംശയങ്ങള്‍ എന്നിവയുമുണ്ടാകാം. പലരിലും ഈ ലക്ഷണങ്ങളുടെ തീവ്രതയില്‍ രാപ്പകല്‍ വ്യത്യാസങ്ങളും കാണാം. ജോലിയിലും പഠനത്തിലുമൊന്നും ശ്രദ്ധകേന്ദ്രീകരിക്കാനാകാത്ത അവസ്ഥയുമുണ്ടാകാം. ശരീരഭാരം ഏകദേശം അഞ്ചു ശതമാനത്തോളം കുറയുന്നതും പതിവാണ്. ചിലരിലാകട്ടെ, വിശപ്പും ഉറക്കവും കൂടുതലായി കാണപ്പെടാറുമുണ്ട്.
വിഷാദരോഗങ്ങൾ ഏതൊക്കെ?
രോഗം (disease) എന്നതിനെക്കാള്‍ രോഗാവസ്ഥ (disorder) എന്ന പ്രയോഗമാണ് ശരി. മുകളിൽ പറഞ്ഞ രോഗലക്ഷണങ്ങളുടെ തോതനുസരിച്ച് ലഘുവായത് (mild), മിതമായത് (moderate), തീവ്രമായത് (severe) എന്നിങ്ങനെ വിഷാദാവസ്ഥയെ തരംതിരിച്ചിരിക്കുന്നു. ഇതില്‍ തീവ്ര വിഷാദത്തോടൊപ്പം സൈക്കോട്ടിക് ലക്ഷണങ്ങളും കാണാം. സാധാരണഗതിയില്‍ ആറു മുതല്‍ 11 മാസം വരെ നീണ്ടുനിൽക്കാവുന്ന ഈയവസ്ഥ വലിയൊരു ശതമാനത്തിനും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. റിക്കറൻറ് ഡിപ്രസിവ് ഡിസോർഡർ എന്നാണ് ഇതറിയപ്പെടുന്നത്. വിഷാദവും ഉന്മാദവും മാറിമാറി വരുന്ന രോഗാവസ്ഥയായ ബൈപോളാര്‍ ഡിസോർഡറില്‍ കാണപ്പെടുന്ന വിഷാദത്തിെൻറ എപ്പിസോഡുകളാണ് ബൈപോളാര്‍ ഡിപ്രഷന്. രണ്ടു വർഷത്തിലേറെ നീളുന്ന, വിഷാദരോഗ ലക്ഷണങ്ങളെല്ലാം തികച്ചില്ലാത്ത അവസ്ഥക്ക് ഡിസ്തൈമിയ എന്നുപറയും.
പുതിയ കാലത്ത് വിഷാദരോഗം കൂടുകയാണോ?
വ്യവസായവത്കരണത്തിനു ശേഷം വിഷാദരോഗ നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് അഞ്ചുപേരിൽ ഒരാൾക്കെന്ന തോതില്‍ വിഷാദരോഗം ഇപ്പോള്‍ നമുക്കു ചുറ്റുമുണ്ട്. ഏകദേശം 350 ദശലക്ഷം പേര് ഈ നിമിഷം വിഷാദരോഗത്തോടു പൊരുതുന്നുണ്ട്. എട്ടുലക്ഷം പേരാണ് ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നത്. ഇതിൽ രണ്ടുലക്ഷം പേര് ഇന്ത്യയിലാണ്. ഒഴിവാക്കാനാകുമായിരുന്ന ഈ ആത്മഹത്യകളില്‍ തൊണ്ണൂറു ശതമാനവും തിരിച്ചറിയാനാകാതെപോയ വിഷാദരോഗത്തിെൻറ വിനകളാണ്. നേരത്തേ കണ്ടെത്താനും ചികിത്സിച്ചു ഭേദമാക്കാനും കഴിയുന്ന ഈ രോഗാവസ്ഥ ഇന്നും ഇത്രയും നാശംവിതക്കുന്നതിനൊരു കാരണം, വിഷാദരോഗത്തെക്കുറിച്ചുള്ള അജ്ഞതയും ഈ അവസ്ഥയോടുള്ള സമൂഹത്തിെൻറ അവഗണനയുമാണ്. നല്ല സാമൂഹികബന്ധങ്ങളുടെ കുറവും അസന്തുലിതമായ ജീവിതശൈലിയും വിഷാദരോഗത്തിനു കാരണമാവുന്നുണ്ട്.
പുരുഷന്മാരിലാണോ സ്ത്രീകളിലാണോ വിഷാദരോഗം കൂടുതലായി കാണുന്നത്?
കുട്ടിക്കാലത്ത് ആണിലും പെണ്ണിലും വിഷാദരോഗ സാധ്യത തുല്യമാണ്. എന്നാല്‍, കൗമാരാരംഭത്തോടെ ഇതില്‍ മാറ്റംവരുന്നു. പ്രായപൂർത്തിയായ സ്ത്രീകളില്‍, വിഷാദരോഗസാധ്യത പുരുഷന്മാരെക്കാള് 1.5 മുതല്‍ മൂന്നു മടങ്ങുവരെ കൂടുതലാണ്. വിഷാദരോഗത്തിെൻറ അകമ്പടിയായ ആത്മഹത്യാപ്രവണതയും സ്ത്രീകളില്‍ കൂടുതലാണ്. എന്നാല്‍, ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിലും കുറവാണ്. രോഗവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലൊന്നും സ്ത്രീ^പുരുഷ വ്യത്യാസങ്ങള്‍ കാര്യമായില്ല. സ്ത്രീകളില്‍ ഗർഭാവസ്ഥയിലും പ്രസവശേഷവും കാണപ്പെടുന്ന പെരിപാർട്ടം ഡിപ്രഷനും പോസ്റ്റ്പാർട്ടം ഡിപ്രഷനും ആർത്തവചക്രവുമായി ബന്ധപ്പെട്ടു കാണുന്ന ‘പി.എം.എസ്’ എന്ന ‘പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡറും’ വിഷാദരോഗ ഗണത്തിൽപെട്ടതാണ്. വിഷാദരോഗത്തിന് സ്ത്രീകളോടുള്ള ഈ പ്രതിപത്തിയുടെ കാരണം പലതാകാം. പുരുഷന്മാരെ അപേക്ഷിച്ച് വിവിധ ജീവിതകാലഘട്ടങ്ങളില്‍ ശരീരത്തിലെ ഹോർമോണുകളുടെ നിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നത് ഒരു കാരണമാകാം. ജനിതകമായ ചില പ്രത്യേകതകളും ഇതിനു വഴിതെളിക്കുന്നു. സാമൂഹിക ചുറ്റുപാടുകളുടെ സമ്മർദംമൂലം പുരുഷന്മാരെക്കാള് കുടുംബത്തിലെ കൂടുതൽ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നതിനാലും കുടുംബബന്ധങ്ങൾക്ക് കൂടുതല്‍ പ്രാധാന്യം നൽകുന്നതിനാല് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവയെപ്പറ്റി കൂടുതല്‍ ചിന്തിക്കാനുള്ള പ്രവണത കാണിക്കുന്നതിനാലും ലൈംഗികാതിക്രമങ്ങളും അസമത്വങ്ങളും കൂടുതലായി അനുഭവിക്കേണ്ടിവരുന്നതിനാലും അവരിലുണ്ടാകുന്ന വൈകാരികസംഘർഷം വിഷാദത്തിനു കാരണമാകാം.
കുട്ടികളിൽ വിഷാദരോഗം ഉണ്ടാവുമോ?
കുട്ടികളിലും വിഷാദരോഗം കാണാറുണ്ട്. സ്കൂള്പ്രായത്തിനു മുമ്പ് ആയിരത്തില്‍ മൂന്നു പേരെയും സ്കൂൾ പ്രായക്കാരില്‍ മൂന്നു ശതമാനത്തെയും 13 മുതല്‍ 18 വയസ്സുകാരില്‍ ആറു ശതമാനത്തെയും വിഷാദരോഗം കീഴ്പ്പെടുത്തുന്നു. ഏഴു മുതല്‍ ഒമ്പതു മാസം വരെയാണ് കുട്ടികളിലെ വിഷാദത്തിെൻറ ശരാശരി കാലാവധി. എന്നാല്‍, ആദ്യം മുതലേ ശരിയായ ചികിത്സ നൽകിയില്ലെങ്കില്‍ വിഷാദരോഗം മടങ്ങിയെത്താനുള്ള സാധ്യത അടുത്ത രണ്ടു വർഷക്കാലത്തിനിടയില്‍ 40 ശതമാനവും അഞ്ചു വർഷക്കാലത്തിനിടയില്‍ 70 ശതമാനവുമാണ്. സങ്കടം പ്രകടമാകണമെന്നു നിർബന്ധമില്ല ഇത്തരം വിഷാദരോഗത്തില്‍. കളികളിലും മറ്റു കാര്യങ്ങളിലും നിന്നുള്ള പിന്‍വലിയലാണ് 87 ശതമാനം പേരും കാണിക്കുന്ന ആദ്യ ലക്ഷണം. ശ്രദ്ധക്കുറവ്, ദേഷ്യം, ക്ഷീണം, പഠനപ്രശ്നങ്ങൾ, ശാരീരിക അസ്വസ്ഥതകള്‍, വിശപ്പ്, ഉറക്കം എന്നിവയിലുള്ള വ്യത്യാസങ്ങള്‍ തുടങ്ങിയവയും സാധാരണമാണ്. തലവേദന, വയറുവേദന തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങള്‍, കിടക്കയില്‍ മൂത്രമൊഴിക്കല്‍, സ്കൂളില്‍ പോകാനും മറ്റുള്ളവരുമായി ഇടപഴകാനുമുള്ള മടിയും ഭയവും, പഠനത്തില്‍ പിന്നാക്കമാവുക തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായി മാസ്ക്ക്ഡ് ഡിപ്രഷന് അഥവാ മറഞ്ഞിരിക്കുന്ന വിഷാദം എന്ന അവസ്ഥയും നിലവിലുണ്ട്. സാധാരണയില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഉറക്കം, വിശപ്പ്, തൂക്കം എന്നിവയും നുണപറയല്‍, മോഷണം എന്നീ പെരുമാറ്റ വൈകല്യങ്ങളും കുട്ടികളില്‍ കണ്ടേക്കാം. ആത്മഹത്യാപ്രവണത മുതിർന്നവരെ അപേക്ഷിച്ചു കുട്ടികളില്‍ കുറവാണെങ്കിലും കൗമാരക്കാരിലെ ആത്മഹത്യനിരക്കു കൂടിവരുന്നതായാണ് പഠനം കാണിക്കുന്നത്.
പ്രായമായവരെ വിഷാദരോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണോ?
ചെറുപ്പക്കാരെക്കാള്‍ വിഷാദരോഗത്തിെൻറ തോത് പ്രായമായവരില്‍ കുറവാണ്. 60 വയസ്സ് കഴിഞ്ഞവരെക്കാള്‍ വിഷാദാവസ്ഥ ബാധിക്കാനുള്ള സാധ്യത 18നും 29നും ഇടയിലുള്ളവർക്ക് മൂന്നിരട്ടിയാണ്. എന്നാല്‍, വാർധക്യത്തിെൻറ കൂടെയെത്തുന്ന ഒറ്റപ്പെടലും നീണ്ടുനിൽക്കുന്ന ശാരീരികരോഗങ്ങളും വിഷാദരോഗത്തിനുള്ള സാധ്യത കൂട്ടുന്നു. അധികവും ശാരീരിക രോഗലക്ഷണങ്ങളായാണ് കാണപ്പെടുന്നതെന്നതിനാലും പ്രായമേറുമ്പോഴുണ്ടാകുന്ന ഓർമക്കുറവുകള് തെറ്റിദ്ധരിപ്പിക്കാമെന്നതിനാലും ഇവരില്‍ വിഷാദം തിരിച്ചറിയാതെപോകാനുള്ള സാധ്യതയേറെയാണ്. വീണ്ടും വീണ്ടും ഉണ്ടാവാനുള്ള പ്രവണതയും വാർധക്യത്തിലെ വിഷാദരോഗത്തിന് കൂടുതലാണ്.
വിഷാദരോഗ നിർണയം എങ്ങനെ ?
സാധാരണഗതിയില്‍ രോഗിയുമായും അടുത്തബന്ധുക്കളുമായും സംസാരിച്ച് രോഗവിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞും രോഗിയുടെ മാനസികാവസ്ഥയും ഓർമയും ബുദ്ധിയുമായി ബന്ധപ്പെട്ട തലച്ചോറിെൻറ പ്രവർത്തനശേഷിയും വിലയിരുത്താനുള്ള ചിട്ടപ്പെടുത്തിയ സങ്കേതങ്ങളുപയോഗിച്ചുമാണ് വിഷാദരോഗം നിർണയിക്കുന്നത്. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ICD 10, DSM 5 തുടങ്ങിയ മാർഗനിർദേശങ്ങളെയാണ് മാനസികാരോഗ്യ വിദഗ്ധര്‍ ഇതിനാശ്രയിക്കുന്നത്. ചിലപ്പോഴെങ്കിലും മണിക്കൂറുകൾ വേണ്ടിവരുന്ന ഒരു പ്രക്രിയയാണിത്. രോഗനിർണയം പൂർണമായും ഈ വിവരങ്ങളെ ആശ്രയിച്ചിരിക്കുമെന്നതിനാല്‍ ചികിത്സകരോട് രോഗസംബന്ധമായ വിവരങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ സത്യസന്ധത പാലിക്കേണ്ടതിന് ഏറെ പ്രസക്തിയുണ്ടിവിടെ. വിഷാദരോഗത്തിെൻറ സാന്നിധ്യം കണ്ടെത്താനും അതുറപ്പുവരുത്താനും അതിെൻറ തീവ്രത നിർണയിക്കാനുമെല്ലാം സഹായിക്കുന്ന വിവിധ ചോദ്യാവലികളും നിലവിലുണ്ട്. ‘ബെക്ക് ഡിപ്രഷന് ഇൻവെൻററി’, ‘മോൺഗോമറി ആസ്ബെർഗ് സ്കെയിൽ’ തുടങ്ങിയവ ഉദാഹരണമാണ്. ഇതിൽത്തന്നെ ‘സങ് സെൽഫ് റേറ്റിങ് ഡിപ്രഷന് സ്കെയിൽ’ തുടങ്ങിയവ രോഗികൾക്ക് വിഷാദത്തെ സ്വയം നിർണയിക്കാന്‍ സഹായകമാകുന്നവയാണ്. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള പ്രത്യേക ചോദ്യാവലികളും ആൻഡ്രോയിഡ് ആപ്പുകളും നിലവിലുണ്ട്. ചികിത്സാപുരോഗതി നിരീക്ഷിക്കാനും ഇവ സഹായകമാണ്. ലഹരിയുപയോഗമോ തലച്ചോറിെൻറ പ്രവർത്തനങ്ങളെ ബാധിക്കുന്ന ശാരീരികാസുഖങ്ങളോ ഇല്ല എന്നുറപ്പുവരുത്താന്‍ സാധാരണ രക്തപരിശോധനകള്‍ തുടങ്ങി സ്കാനിങ് വരെയുള്ള ടെസ്റ്റുകളും ചെയ്യാറുണ്ട്.
വിഷാദത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾരോഗ കാരണങ്ങൾ എന്തൊക്കെയാണ്?
രോഗിയുടേതായ പ്രത്യേകതകളും ചുറ്റുപാടുകളുടെ സവിശേഷതകളും വിഷാദരോഗത്തിനു വളമാകാം. ജനിതക സവിശേഷതകള്‍, വ്യക്തിത്വപരമായ പ്രത്യേകതകള്‍, ചെറുപ്പത്തിലേ മാതാപിതാക്കളില്‍നിന്നോ അതുപോലെ മാനസിക അടുപ്പമുള്ള വ്യക്തികളില്‍നിന്നോ വിട്ടുപിരിയേണ്ടിവരുന്നത്, കുട്ടിയാകുമ്പോള്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ള മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങള്‍, മാതാപിതാക്കളുടെ അവഗണനാപരമായതോ ആവശ്യത്തിലും കൂടുതല്‍ ഇടപെടലുകളോടു കൂടിയതോ ആയ രീതികള്‍, അവരുടെ മാനസികരോഗങ്ങള്‍, നീണ്ടുനിൽക്കുന്ന ജീവിതസമ്മർദങ്ങള്‍, തൊഴിലില്ലായ്മ, സാമ്പത്തികഞെരുക്കം, മോശമായ ജീവിതസാഹചര്യങ്ങള്‍, താഴ്ന്ന വിദ്യാഭ്യാസ നിലവാരം, സാമൂഹിക പിന്തുണയില്ലായ്മ, നീണ്ടുനിൽക്കുന്ന ശാരീരിക രോഗങ്ങള്‍ ഇവയെല്ലാം വിഷാദരോഗത്തിന് അരങ്ങൊരുക്കുന്നു. പ്രതിരോധ ഘടകങ്ങളുടെ അളവുകളിലുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍, തലച്ചോറിലെ നാഡീരസങ്ങളായ ഡോപമിന്‍, സിറോടോണിന്, നോർ അഡ്രിനാലിന്‍ എന്നിവയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകള്‍, നാഡീകോശങ്ങളിലുണ്ടാകുന്ന ചില പ്രത്യേക വ്യതിയാനങ്ങള്‍, ചില മസ്തിഷ്കഭാഗങ്ങളുടെ പ്രവർത്തനങ്ങളിലുണ്ടാകുന്ന സങ്കീർണമായ മാറ്റങ്ങള്‍ എന്നിവയാണ് വിഷാദത്തിെൻറ ജീവശാസ്ത്രപരമായ കാരണങ്ങളെന്ന് അറിയപ്പെടുന്നത്.
ശാരീരികമായ കാരണങ്ങളുമുേണ്ടാ?
ശാരീരികമായ പല കാരണങ്ങളും വിഷാദത്തിലേക്ക് നയിക്കാറുണ്ട്. ആർത്തവം, ഗർഭധാരണം, പ്രസവം തുടങ്ങിയ അവസ്ഥകളില്‍ വിഷാദസാധ്യത കൂടുതലാണ്. മസ്തിഷ്കത്തിെൻറ പ്രവർത്തനത്തെ ബാധിക്കുന്ന ശാരീരികാസുഖങ്ങള്‍, ഹോർമോണ്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം വിഷാദത്തിെൻറ സാധ്യത വർധിപ്പിക്കാറുണ്ട്. പ്രമേഹം ചില ശ്വാസകോശ രോഗങ്ങള്‍, നീണ്ടുനിൽക്കുന്ന ചർമരോഗങ്ങൾ തുടങ്ങിയവയും പ്രശ്നമാണ്.
തൈറോയ്ഡ് ഹോർമോൺ അളവ് കുറയുന്നത് വിഷാദരോഗത്തിലേക്ക് നയിക്കുമോ?
ഹൈപോതൈറോയ്ഡിസം എന്നറിയപ്പെടുന്ന തൈറോയ്ഡ് ഹോർമോണ്‍ കുറവാകുന്ന അവസ്ഥയുടെ ഒരു ലക്ഷണം വിഷാദമാണ്. ക്ഷീണവും തളർച്ചയും ഉറക്കക്കൂടുതലും ഭക്ഷണത്തിനോട് താൽപര്യമില്ലായ്മയും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം ഈ അവസ്ഥയില്‍ കണ്ടുവരുന്നു. വിഷാദാവസ്ഥയോടൊപ്പം ശരീരഭാരം കൂടുകയും നാഡിമിടിപ്പു കുറയുകയും ചർമം വരണ്ടുപോകുകയും മുടികൊഴിച്ചിലും കൈകാല്‍ തരിപ്പും നീറ്റലും മലബന്ധവും കണ്ടുവരാറുണ്ട്. തൈറോയ്ഡ് ഹോർമോണിെൻറ അളവുകള്‍ അറിയാനുള്ള രക്തപരിശോധനകള്‍ നടത്തുകയും കുറവാണെങ്കില്‍ തൈറോയ്ഡ് ഹോർമോൺ അടങ്ങിയ ഗുളികകള്‍ കഴിക്കുകയും വേണം.
മരുന്നുകളുടെ ഉപയോഗം വിഷാദമുണ്ടാക്കുമോ?
വന്ധ്യത ചികിത്സക്കും ഓസ്റ്റിയോപൊറോസിസിനുമുപയോഗിക്കുന്ന ഹോർമോണ്‍ അധിഷ്ഠിതമായ ചില മരുന്നുകള്‍ ചില ഗർഭനിരോധന ഗുളികകള്‍, ചില കൊളസ്ട്രോള്‍ മരുന്നുകള്‍, പാർക്കിൻസൺസ് രോഗത്തിനുപയോഗിക്കുന്ന ചില മരുന്നുകള്‍, ചിലതരം ആൻറിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, ഉറക്കഗുളികകള്‍, അപസ്മാരത്തിെൻറ ചില മരുന്നുകൾ എന്നിവയും ബീറ്റാ ബ്ലോക്കേഴ്സ് എന്നറിയപ്പെടുന്ന രക്താതിസമ്മർദത്തിനുള്ള മരുന്നുകളും ഇൻറർഫെറോണുകളുമെല്ലാം വിഷാദാവസ്ഥയെ ക്ഷണിച്ചുവരുത്താം.
ആധുനിക ചികിത്സകൾ എന്തൊക്കെയാണ്?
മനശ്ശാസ്ത്ര ചികിത്സകളും മരുന്നുകളുമാണ് പൊതുവെ ഉപയോഗിക്കുന്നത്. രോഗത്തിെൻറയും രോഗിയുടെയും പ്രത്യേകതകളെ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കാറുള്ളത്. തീവ്രമല്ലാത്ത രോഗാവസ്ഥയില്‍ സമയബന്ധിതമായി കോഗ്നിറ്റിവ് ബിഹേവിയര്‍ തെറപ്പി മുതലായ സൈക്കോതെറപ്പികളോ മരുന്നുകളോ നൽകാം. തീവ്രത കൂടുതലാണെങ്കില്‍ രണ്ടുചികിത്സാരീതികളെയും സംയോജിപ്പിച്ച് നൽകാം. ഇവ രണ്ടും വിജയംകാണുന്നില്ലെങ്കില് ഇലക്ട്രോ കൺവെൽസിവ് തെറപ്പി (ഇ.സി.ടി) നൽകുന്നു. അനസ്തേഷ്യ നൽകിയ ശേഷമാണ് ഇ.സി.ടി നൽകുന്നത്. അനസ്തേഷ്യ നൽകുന്ന റിസ്ക്കുകള്‍ ഒഴിച്ചുനിർത്തിയാല്‍ മരുന്നുകളെക്കാള്‍ കൂടുതല്‍ സുരക്ഷിതവും വേഗം ഫലംനൽകുന്നതുമായ ചികിത്സാരീതിയുമാണിത്. വളരെ വേഗത്തില്‍ വിഷാദലക്ഷണങ്ങളെയും ആത്മഹത്യാപ്രവണതയെയും നിയന്ത്രിക്കുന്ന കീറ്റമിന്‍ പോലുള്ള മരുന്നുകളും ഇപ്പോളുണ്ട്.
വിഷാദവിരുദ്ധ മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുമോ? രോഗി അടിമപ്പെടുമോ?
വിഷാദചികിത്സക്ക് മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യഘട്ട ചികിത്സ കാതലായ ലക്ഷണങ്ങളെ വരുതിയില്‍ വരുത്താനും രണ്ടാംഘട്ടം ഇവ തിരിച്ചുവരുന്നത് തടയാനും സാമൂഹികജീവിതം വീണ്ടെടുക്കാന്‍ സഹായിക്കാനും മൂന്നാം ഘട്ടം രോഗം വീണ്ടും വരുന്നതിനെ തടഞ്ഞുനിർത്താനും വേണ്ടിയാണ്. രോഗം ആദ്യമായുണ്ടാകുന്നവര് ആറുമാസം മുതല്‍ ഒരു വർഷത്തോളം മരുന്ന് കഴിക്കേണ്ടിവരും. രോഗത്തിെൻറ പഴക്കവും തീവ്രതയുമനുസരിച്ച് മൂന്നാംഘട്ട കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. രോഗം പഴക്കമുള്ളതും കൂടക്കൂടെയുണ്ടാകുന്നതുമായ സാഹചര്യങ്ങളില്‍ കൂടുതല്‍ കാലം മരുന്ന് കഴിക്കേണ്ടിവരാം. ഇത് ഓരോ രോഗികളുടെയും പ്രത്യേകതകളനുസരിച്ച് വ്യത്യസ്തമാകാം.പൊതുവെ ഈ മരുന്നുകൾ അടിമത്തം ഉണ്ടാക്കാറില്ല. കുറിപ്പടിയില്ലാതെ മരുന്നുവാങ്ങുന്ന ശീലവും സ്വയം ചികിത്സയും ഒഴിവാക്കുക.
പൂർണമായി ചികിത്സിച്ച് മാറ്റാനാവുമോ?
വിഷാദം ഒരു സ്വയംനിയന്ത്രിതമായതും (self limiting) അതേസമയം, വീണ്ടും വീണ്ടും വരാന്‍ സാധ്യതയുള്ളതുമായ രോഗാവസ്ഥയാണ്. അതായത് ചികിത്സിച്ചാലും ഇല്ലെങ്കിലും അതു സ്വയം മാറിപ്പോകും. സാധാരണഗതിയില്‍ ആറു മുതല്‍ 13 മാസം വരെ നീളുന്നതാണ് ഈ അവസ്ഥ. ചികിത്സിക്കാതിരുന്നാല്‍ ഈ കാലയളവില്‍ വിഷാദരോഗത്തിെൻറ എല്ലാ ദുരിതങ്ങളും മുഴുവന്‍ തീവ്രതയോടെയും രോഗി അനുഭവിക്കേണ്ടിവരും. ആത്മഹത്യാചിന്തകളും ശ്രമങ്ങളും മൂലമുണ്ടാകാനിടയുള്ള സങ്കീർണതകളും വ്യക്തിബന്ധങ്ങളിലും തൊഴിൽ േമഖലയിലുമുണ്ടാകുന്ന നഷ്ടങ്ങൾ വേറെയും. എന്നാല്‍, ചികിത്സയെടുത്താലാകട്ടെ, രോഗലക്ഷണങ്ങള്‍ ഏറിയാല്‍ മൂന്നു മാസത്തിനുള്ളില്‍ ഗണ്യമായ രീതിയിൽ കുറയുകയും രോഗം വീണ്ടുമുണ്ടാകാനുള്ള സാധ്യതയെ തുലോം കുറക്കുകയും ചെയ്യുന്നു.
ജീവിതശൈലിയിൽ എന്തൊക്കെ പരിഷ്കാരങ്ങളാണ് വരുത്തേണ്ടത്?
ആരോഗ്യദായകമായ സമീകൃതാഹാരം, ആവശ്യത്തിന് ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍, മാനസികോല്ലാസത്തിനുവേണ്ട ഉപാധികള്‍, നല്ല സാമൂഹിക ബന്ധങ്ങള്‍, സമയത്തിെൻറ ശരിയായ ഉപയോഗം, കോപം നിയന്ത്രിക്കുന്നതിനുള്ള പരിശീലനം ഇവയെല്ലാം ഒരു പരിധിവരെ സഹായകമാണ്. ചിന്തകളിലും പ്രവൃത്തികളിലും ബന്ധങ്ങളിലും പോസിറ്റിവ് മനോഭാവം പുലർത്തുന്നതും ഗുണം ചെയ്യും.
ഡോ. സി. എ സ്മിത
അസി. പ്രഫസർ, സൈക്യാട്രി,
ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.