പരീക്ഷ പരീക്ഷണമാക്കരുത്
text_fieldsപരീക്ഷാക്കാലമാണ് വരുന്നത്. ഒരു വർഷം പഠിച്ചതു മുഴുവൻ വീണ്ടും പരിശോധിച്ച് ഒാർമ ഉറപ്പിക്കുന്ന കാലം. എത്ര പഠ ിച്ചാലും പരീക്ഷാ ഹാളിൽ കയറുേമ്പാൾ മറന്നുപോകുമെന്നാണ് ചിലരുടെ ഭയം. അതിനാൽ സ്വയം പഠിക്കുന്നതു കൂടാതെ ഒാരോ വിഷയങ്ങൾക്കും വ്യത്യസ്ത ട്യൂഷനും വിധേയരാകേണ്ടി വരികയാണ് വിദ്യാർഥികൾ.
ആശങ്ക കൂടുതല്‍ രക്ഷാകര്‍ത്താക്കള്‍ക്ക്
വലിയ പരീക്ഷ അല്ലെങ്കില്‍ ഫൈനല്‍ എക്‌സാം-വിദ്യാര്‍ഥികളെക്കാള്‍ രക്ഷാകര്‍ത്താക്കള്‍ക്കാണ് ആശങ്ക. എല്‍.കെ.ജി മുതല്‍ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കു വരെ ഇതാണ് അവസ്ഥ. എന്തിനാണ് പരീക്ഷയെക്കുറിച്ച് ഇത്രയധികം ടെന്‍ഷന്‍? പേടിക്കുന്നതെന്തിന്? പേടിപ്പിക്കുന്നതെന്തിന്? രക്ഷാകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് മാനസികസമ്മര്‍ദ്ദം നല്‍കരുത്. നന്നായി പഠിക്കുന്നവരായാല്‍പോലും ചില രക്ഷാകര്‍ത്താക്കള്‍ക്കു വേവലാതിയാണ്. എപ്പോഴും പിറകേ നടന്ന് 'പഠിക്ക്...പഠിക്ക്...'എന്നു പറഞ്ഞുകൊണ്ടേയിരിക്കും. ഒരു സ്വൈര്യവും നല്‍കില്ല. നിങ്ങളുടെ ഈ പ്രവണത കുട്ടികളില്‍ മിക്കപ്പോഴും നെഗറ്റീവ് റിസല്‍ട്ടാവും നല്‍കുക.
ഉറക്കം പ്രധാനം
ശരിയായ ഉറക്കം പ്രധാനപ്പെട്ട ഘടകമാണ്. ഉറക്കം കുട്ടികളുടെ ശ്രദ്ധയെ ഉണര്‍ത്തും. ഉറക്കം നഷ്ടപ്പെടുത്തി പരീക്ഷക്കു പരിശ്രമിക്കുന്ന കുട്ടികളുടെ ആകെ നിലവാരം മെച്ചപ്പെട്ടതായിരിക്കില്ല. ഉറക്കക്കുറവുമൂലം വിദ്യാര്‍ഥികള്‍ക്ക് പതിവായി അസുഖവും ശാരീരികക്ഷീണവും സംഭവിക്കും. പഠിച്ചത് ഓര്‍മവെക്കാന്‍ നന്നായി ഉറങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്. ഉറങ്ങുമ്പോള്‍ പഞ്ചേന്ദ്രിയങ്ങളും എല്ലാ അവയവങ്ങളും പൂര്‍ണ വിശ്രമത്തിലാകും. ഏഴ്-എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ ഉറക്കം ലഭിക്കണം. വിദ്യാർഥികള്‍ രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ചിലര്‍ക്ക് രാത്രി വൈകിയിരുന്ന് പഠിക്കുന്നതാണ് ഇഷ്ടം. ചിലര്‍ക്ക് രാവിലെയും. അത് അങ്ങനെ തന്നെ അവര്‍ ചെയ്‌തോട്ടെ.
പഠനം താളാത്മകം
പരീക്ഷാ സമയത്തു പോലും പഠനം താളാത്മകമായാണ് കൊണ്ടു പോകേണ്ടത്. രക്ഷാകര്‍ത്താക്കളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. കളിക്കാനും ഉല്ലസിക്കാനും വിശ്രമിക്കാനും അനുവദിക്കാതെയുള്ള രക്ഷാകര്‍ത്താക്കളുടെ സമീപനങ്ങള്‍, കുട്ടികളില്‍ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാതാക്കും. ടെന്‍ഷനായാല്‍ നന്നായി പഠിച്ചത് പരീക്ഷാസമയത്ത് മറന്നു പോകും. നെഗറ്റീവ് ചിന്തകള്‍ പാടില്ല. 'എനിക്കു സാധിക്കും' എന്ന വിശ്വാസം എപ്പോഴും മനസ്സിലുണ്ടാകണം. മുന്‍ പരീക്ഷാ ചോദ്യങ്ങള്‍ ശേഖരിച്ച് ഉത്തരങ്ങള്‍ കണ്ടെത്തുകയും പാഠങ്ങള്‍ വായിക്കുമ്പോള്‍ ചോദ്യം വരാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
സമയം നഷ്ടപ്പെടുത്തരുത്
സോഷ്യല്‍ മീഡിയ, ടെലിവിഷന്‍ തുടങ്ങി സമയം നഷ്ടപ്പെടുത്തുന്ന ഉപാധികളുമായി ഇടപഴകാന്‍ പരീക്ഷാ സമയത്ത് അനുവദിക്കരുത്. കുട്ടികള്‍ക്ക് നന്നായി പരീക്ഷയെഴുതാന്‍ അവസരം സൃഷ്ടിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ സാധിക്കും. വിനോദ ഉപാധികള്‍ പരീക്ഷക്കാലത്ത് വീടുകളിലും ഉപയോഗിക്കാതിരിക്കുകയും കുട്ടികളെ പരീക്ഷയില്‍ മികവു പുലര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. കുടുംബത്തിലെ ഓരോ അംഗത്തിെൻറയും ധാര്‍മികമായ പിന്തുണയും വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. ഇടവേളകളില്‍ മനസ്സിനു കുളിര്‍മ പകരുന്ന ഗാനങ്ങളും ബി.ജി.എമ്മും ശ്രവിക്കാം. പഠനം പ്രാര്‍ഥനയോടെ വേണം തുടങ്ങാന്‍. പഠനത്തില്‍ ശ്രദ്ധ ലഭിക്കാന്‍ ധ്യാനം നല്ലൊരു ഉപാധിയാണ്. ക്ലേശകരമെന്നു തോന്നുന്ന വിഷയങ്ങള്‍ ആദ്യം പഠിക്കണം. മണിക്കൂറുകള്‍ മുഷിഞ്ഞിരുന്ന് പഠിക്കരുത്. ഇടക്ക് കണ്ണിനും ശരീരത്തിനും വിശ്രമം നല്‍കണം. ഇടവേളകളില്‍ കിടക്കയില്‍ മലര്‍ന്ന് കിടന്നോ കസേരയില്‍ നിവര്‍ന്നിരുന്നോ റിലാക്‌സ് ചെയ്യണം. പുറത്തിറങ്ങി മുറ്റത്തെ പച്ചപ്പിലേക്ക് ദൃഷ്ടികള്‍ അയച്ച് കണ്ണിന് കുളിര്‍മ നല്‍കാം.
കുളിയും ഭക്ഷണവും വ്യായാമവും
രാവിലെയും വൈകീട്ടും കുളിക്കണം. ചൂടുള്ള ഈ മാസങ്ങളില്‍ അയവുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. ഭക്ഷണക്രമവും പ്രധാനപ്പെട്ടതാണ്. അമിതമായി ഭക്ഷണം കഴിക്കരുത്. പഴവര്‍ഗങ്ങളും ജ്യൂസും ലഭ്യമാക്കി രക്ഷിതാക്കള്‍ കുട്ടികളുടെ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കണം. വെള്ളം കുടിക്കാന്‍ നന്നായി പ്രോത്സാഹിപ്പിക്കണം. ടിന്‍ ഫുഡുകള്‍, പാക്കറ്റുകളിലെ സ്‌നാക്‌സുകള്‍ (ലെയ്‌സ് പോലെയുള്ളവ), കോളകള്‍, ഐസ്‌ക്രീം തുടങ്ങിയവ ഒഴിവാക്കുക. രാത്രികാലങ്ങളില്‍ മത്സ്യം, മാംസം, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ കഴിക്കാതിരിക്കുന്നതാണു നല്ലത്. ഉറക്കം വരുമ്പോള്‍ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഉറക്കമിളച്ചിരുന്ന് പഠിക്കേണ്ടതില്ല. ഉറങ്ങിയെണീറ്റ് മുഖവും കാലും കഴുകി പഠനം തുടരുക. രാവിലെ അര മണിക്കൂര്‍ നടത്തവും 10 മിനുട്ട് വ്യായാമവും നടത്തുന്നത് പഠനത്തിനും പരീക്ഷയെ നേരിടുന്നതിനും ഊര്‍ജസ്വലത സൃഷ്ടിക്കും.
പരീക്ഷക്ക് നേരത്തെ ഒരുങ്ങണം
പരീക്ഷക്കാവശ്യമായ പേനകളും മറ്റും സാമഗ്രികളും നേരത്തെ തയാറാക്കി വെക്കുകയും പരീക്ഷക്ക് പുറപ്പെടുന്നതിനു മുമ്പ് അവയെല്ലാം കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. എഴുതാന്‍ എളുപ്പവും തെളിമയുമുള്ള ഒന്നിലേറെ പേനകള്‍ കരുതണം. മാനസിക പിരിമുറുക്കവും ഉത്ക്കണ്ഠയും ഒഴിവാക്കാന്‍ പ്രാര്‍ഥിക്കുകയും ധ്യാനനിരതരാകുകയും ചെയ്യുക. നിശ്ചിത സമയത്തിന് മുമ്പേ തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തുക. ചോദ്യപേപ്പറുകള്‍ വാങ്ങി വായിച്ചു മനസ്സിലാക്കണം. മനസ്സിലാകാത്ത ചോദ്യങ്ങള്‍ പരീക്ഷാ മേല്‍നോട്ടത്തിനു നിയോഗിക്കപ്പെട്ട അധ്യാപകനോടു ചോദിക്കുക.
പരീക്ഷയെഴുതുന്ന സമയത്ത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ അസ്വസ്ഥരാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. അടുത്ത ചോദ്യത്തിലേക്ക് കടക്കുകയും അറിയാവുന്ന ഉത്തരങ്ങളെല്ലാം എഴുതിയ ശേഷം പ്രയാസമുള്ള ചോദ്യത്തിന് ഉത്തരമെഴുതാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. പരീക്ഷയുടെ സമയത്തെക്കുറിച്ച് കൃത്യമായ ധാരണ വേണം. ഓരോ ചോദ്യത്തിനും ഉത്തരമെഴുതുന്നതിന് ചെലവിടുന്ന സമയം ആകെ ചോദ്യങ്ങള്‍ക്ക് തികയണം. രണ്ടു മാര്‍ക്കുള്ള ചോദ്യത്തിന് രണ്ടു പേജില്‍ ഉത്തരമെഴുതി സമയം നഷ്ടപ്പെടുത്തരുത്. ഓരോ പരീക്ഷയെ നേരിടുമ്പോഴും അതതു വിഷയങ്ങള്‍ പഠിപ്പിച്ച അധ്യാപകരുടെ ഉപദേശം തേടണം.
നേരത്തെ എഴുതിത്തീര്‍ന്നാലും പരീക്ഷക്ക് അനുവദിച്ച സമയം കഴിഞ്ഞ ശേഷം മാത്രം ഹാള്‍ വിടുക. പരീക്ഷ കഴിഞ്ഞാല്‍ അതെക്കുറിച്ച് അങ്ങനെയെഴുതിയില്ലല്ലോ എന്നൊന്നും ആവലാതിപ്പെടുകയോ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുകയോ അരുത്. കഴിഞ്ഞതിനെപ്പറ്റി ഓര്‍ത്തു ദുഃഖിച്ചിട്ടു കാര്യമില്ല. അടുത്ത പരീക്ഷാ വിഷയത്തില്‍ മികച്ച വിജയം ഉറപ്പാക്കുന്നതിലാവണം ശ്രദ്ധ. ഉത്സാഹിച്ചാല്‍ വിജയം സുനിശ്ചിതമാണ്.
തയാറാക്കിയത്: നദീറ അന്‍വര്‍
MSc. Psychology, PGDGC
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.