മൊബൈൽ ഉപയോഗം വല്ലാതെ കൂടുന്നുണ്ടോ? കുറയ്ക്കാൻ ആഗ്രഹമുണ്ടോ, ഈ ഏഴ് മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ
text_fieldsഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്‌മാർട്ട്‌ഫോണുകൾ ഒഴിച്ചുകൂടാനാകാത്തവയാണ്. നമ്മുടെ ശരീരത്തിന്‍റെയും ചിന്തകളുടെയുമെല്ലാം അവിഭാജ്യ ഘടകമായി ഫോൺ മാറിയിട്ടുണ്ട്. സ്മാർട്ട് ഫോണുകൾ നമുക്ക് നൽകുന്ന സൗകര്യങ്ങളും വിനോദങ്ങളുമെല്ലാം വളരെയേറെയാണെങ്കിലും അമിതമായ ഫോൺ ഉപയോഗം അത്ര നല്ലതല്ല. 'മൊബൈൽ ഫോൺ അഡിക്ഷൻ' എന്നത് പുതിയ കാലത്തെ ജീവിതരീതിയിൽ നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഇത് പലപ്പോഴും മാനസികാരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
അമിതമായ സ്മാർട്ട്‌ഫോൺ ഉപയോഗം ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്, മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാനാവാത്ത അവസ്ഥ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ, നമ്മുടെ തന്നെ തീരുമാനങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് മാറിനിൽക്കാനും സാധിക്കും. ആരോഗ്യകരമായ സ്‌മാർട്ട്‌ഫോൺ ശീലങ്ങൾ വളർത്തിയെടുക്കാൻ പിന്തുടരാവുന്ന ഏതാനും മാർഗങ്ങൾ പരിശോധിക്കാം.
1. പരിധി നിശ്ചയിക്കുക
മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ഏറ്റവും ആദ്യത്തെ മാർഗം എപ്പോഴൊക്കെ ഉപയോഗിക്കാമെന്നുള്ള സമയപരിധി നിശ്ചയിക്കലാണ്. കോളുകൾ വരുമ്പോൾ ഏതു സമയത്തും ഫോൺ എടുക്കേണ്ടിവരും. എന്നാൽ, അതിന് പുറമേയുള്ള വിനോദത്തിനും മാറ്റിവെക്കാവുന്ന മറ്റ് ആവശ്യങ്ങൾക്കും ഫോൺ ഏത് സമയത്താണ് ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിച്ചുറപ്പിക്കുക. ഗെയിം കളിക്കാൻ, വിഡിയോകൾ കാണാൻ, ഓൺലൈൻ ഷോപ്പിങ് ചെയ്യാൻ തുടങ്ങിയ ഓരോന്നിനും അനുയോജ്യമായ സമയം നിശ്ചയിക്കണം. ഇങ്ങനെ സമയം നിശ്ചയിക്കുന്നതിലൂടെ ഇടക്കിടക്ക് ഫോണിൽ സമയം ചെലവിടുന്നതിനുള്ള പ്രലോഭനം ഒഴിവാക്കാം.
2. മാനസിക സന്തോഷവും ശ്രദ്ധയും പരിശീലിക്കുക
മനസ്സിനെ എപ്പോഴും സന്തോഷത്തോടെയും ശ്രദ്ധയോടെയും കാത്തുസൂക്ഷിക്കുക എന്നത് മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്ന് മാത്രമല്ല, മറ്റ് പലവിധ മാനസികാരോഗ്യ വെല്ലുവിളികളിൽ നിന്നും മാറിനിൽക്കാനുള്ള ഉപായമാണ്. ജോലിക്കിടെ ചെറിയ ഇടവേളകൾ എടുക്കുക, മനസ്സിന് സന്തോഷം ലഭിക്കുന്ന ചെറിയ കാര്യങ്ങൾ ചെയ്യുക, ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ വളർത്തിയെടുക്കുക മുതലായവയിലൂടെ ഇത് കൈവരിക്കാം. ഫോൺ അനാവശ്യമായി ഉപയോഗിക്കാനുള്ള ഒരു ത്വരയുണ്ടാകുമ്പോൾ മനസ്സിനെ അടക്കി നിർത്താൻ ഇത്തരം ടെക്നിക്കുകൾ വഴി സാധിക്കും.
3. മാനുഷിക ബന്ധങ്ങൾക്ക് മുൻഗണന നൽകുക
ഡിജിറ്റൽ ലോകത്ത് വിർച്വൽ ബന്ധങ്ങൾ വളർത്തിയെടുക്കൽ വളരെ എളുപ്പമാണ്. അതേസമയം, നേരിട്ടുള്ള ബന്ധങ്ങളുടെ ശക്തി കുറഞ്ഞുവരികയും ചെയ്യും. ഇന്നത്തെ കാലത്ത് അയൽക്കാരുമായും ബന്ധുക്കളുമായും സുഹൃത്തുക്കളുമായുമെല്ലാം ഇടപഴകൽ ഏറെയും മൊബൈൽ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളിലൂടെയാണ്. ഡിജിറ്റൽ ആശയവിനിമയത്തെ മാത്രം ആശ്രയിക്കുന്നതിനുപകരം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മുഖാമുഖ ആശയവിനിമയത്തിന് മുൻഗണന നൽകാൻ ശ്രമിക്കുക. നമ്മുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും ശക്തമായ സാമൂഹിക ബന്ധങ്ങൾ അനിവാര്യമാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. നേരിട്ടുള്ള ഇടപഴകലുകൾക്ക് സാഹചര്യം കുറവുള്ളവർക്ക്, നടക്കാൻ പോകുന്നതോ ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസിൽ പങ്കെടുക്കുന്നതോ പോലുള്ള സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം.
4. നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക
നമ്മൾ ഇന്ന് ഏറ്റവുമധികം ശ്രദ്ധാലുക്കളാകുന്ന ഒരു സാഹചര്യമാണ് മൊബൈൽ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വരുന്ന സമയം. വാട്സാപ്പ് പോലെയുള്ള മെസ്സേജിങ് ആപ്പുകളിൽ സന്ദേശം വരുന്നത്, യൂട്യൂബിൽ നമുക്കിഷ്ടമുള്ള പുതിയൊരു വിഡിയോ വന്നത്, ഇൻസ്റ്റയിലെ ഫോട്ടോയ്ക്ക് ഒരാൾ കമന്‍റ് ചെയ്തത്, തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും നമുക്ക് നോട്ടിഫിക്കേഷനുകൾ വന്നുകൊണ്ടേയിരിക്കും. ഈ നോട്ടിഫിക്കേഷനുകൾ ഒരാളെ മൊബൈൽ ഫോണിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ്. നോട്ടിഫിക്കേഷനുകൾ നിയന്ത്രിച്ചാൽ ഒരു പരിധിവരെ മറ്റു കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ നൽകാൻ കഴിയും. അല്ലാത്തപക്ഷം, ജോലി ചെയ്യുമ്പോഴോ മറ്റെന്തെങ്കിലും പ്രവൃത്തിയിലേർപ്പെടുമ്പോഴോ നോട്ടിഫിക്കേഷനുകൾ വരുന്നത് ഏകാഗ്രതയെ ബാധിക്കുകയും ഫോൺ എടുത്തുനോക്കാനുള്ള പ്രേരണ ചെലുത്തുകയും ചെയ്യും. അത്യാവശ്യമല്ലാത്ത ആപ്പുകളിൽ നിന്നും ചാറ്റുകളിൽ നിന്നുമുള്ള നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം.
6. ഡിജിറ്റൽ വെൽ-ബീയിങ് ആപ്പുകൾ
നമ്മുടെ അമിതമായ ഫോൺ ഉപയോഗത്തെ വിലയിരുത്താനും ആരോഗ്യകരമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള ടൂളുകൾ പല ഫോണുകളിലുമുണ്ട്. ഇവ ഡൗൺലോഡ് ചെയ്തെടുക്കാനും സാധിക്കും. നമ്മുടെ ഫോൺ ഉപയോഗ സമയത്തിന്‍റെ കണക്കുകൾ, ഓരോ ആപ്പും എത്രനേരം ഉപയോഗിച്ചു, എത്ര തവണ ഫോൺ അൺലോക്ക് ചെയ്തു, എത്ര നേരം വിഡിയോ കണ്ടു, എത്ര നേരം കാൾ ചെയ്തു, തുടങ്ങിയ നിരവധി വിവരങ്ങൾ ഇത്തരം ആപ്പുകൾ വഴി വിശകലനം ചെയ്യാൻ കഴിയും. എല്ലാ ദിവസവും ഇത് പരിശോധിച്ചുകൊണ്ട് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാനാകും. ഇതുപോലെ നോട്ടിഫിക്കേഷനുകൾ സ്വയം നിയന്ത്രിക്കപ്പെടുന്ന ബെഡ് ടൈം മോഡ്, സൈലന്‍റ് മോഡ്, ഫോക്കസ് മോഡ്, തുടങ്ങിയ വിവിധ മോഡുകളും മിക്ക ഫോണുകളിലുമുണ്ട്. ഇവയും ശരിയായി ഉപയോഗിക്കുന്നതിലൂടെ സ്ക്രീൻ സമയം നിയന്ത്രിക്കാം.
7. മാനസികാരോഗ്യ പിന്തുണ തേടുക
ഫോൺ ഉപയോഗം അഡിക്ഷനായി മാറുകയും, അതിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലെത്തുകയും ചെയ്താൽ ഒട്ടും മടികൂടാതെ മാനസികാരോഗ്യ കൗൺസിലർമാരുടെയോ തെറാപ്പിസ്റ്റുകളുടെയോ പിന്തുണ തേടാം. നമ്മുടെ പ്രശ്നങ്ങൾ വിശദമായി പഠിച്ച് വ്യക്തിപരമായ പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ ഇവർക്ക് സാധിക്കും. ഒറ്റക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ സഹായവും തേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.