ക്രിയാത്മക ചിന്ത
text_fieldsജീവിതത്തെ നമ്മള്‍ എങ്ങനെ കാണുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ജീവിത വിജയം സാധ്യമാവുന്നത്. ഇവിടെയാണ് ക്രിയാത്മക ചിന്ത അല്ലെങ്കില്‍ സര്‍ഗ്ഗാത്മക ചിന്തയുടെ പ്രാധാന്യം. മനുഷ്യരിലെല്ലാം ക്രിയാത്മക ചിന്തയുണ്ട്. പക്ഷേ വളരെക്കുറച്ചു പേര്‍ മാത്രമേ അത് തിരിച്ചറിഞ്ഞ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നുള്ളൂ. ചിന്തകളെ നമുക്ക് അനുഗുണമായ തരത്തില്‍ ക്രിയാത്മകമായി മാറ്റുന്നവരാണ് ജീവിത്തില്‍ വലിയ വിജയം കണ്ടെത്തുന്നവര്‍. സാധ്യമല്ലെന്ന് കരുതുന്ന ഇടങ്ങളില്‍ പുതിയ സാധ്യതകള്‍ തെളിയുന്നു.
ലോകത്തില്‍ വലിയ വിജയം നേടിയ എഴുത്തുകാരും, ചിത്രകാരന്‍മാരും, സംഗീതജ്ഞരും മറ്റു കലാകാരന്‍മാരും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെയുള്ള പ്രതിഭകളെല്ലാം അങ്ങനെയാണ് ജീവിതത്തില്‍ വിജയം കണ്ടെത്തിയത്. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ക്രിയാത്മക ചിന്ത അത്യാവശ്യമാണെന്ന് ചുരുക്കം. ജീവിതത്തില്‍ നൂതനവും കൂടുതല്‍ വിശാലവുമായ വഴിയിലൂടെ അത് നമ്മെ നയിക്കും. അതുകൊണ്ട് തന്നെ ക്രിയാത്മക ചിന്ത ആര്‍ജ്ജിച്ചെടുക്കുക എന്നത് പ്രധാനമാണ്.
എന്താണ് ക്രിയാത്മക ചിന്ത?
ജീവിതത്തിലെ പുതിയ അനുഭവങ്ങളെ വ്യത്യസ്തമായ രീതിയില്‍ സമീപിക്കാനും പുതിയ വീക്ഷണവഴികള്‍ കണ്ടെത്തി അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും സാധിക്കുന്ന സര്‍ഗ്ഗാത്മകമായ കഴിവാണിത്. നിത്യ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെയും അനുഭവങ്ങളെയുമെല്ലാം വ്യത്യസ്തമായ കാഴ്ചപ്പാടോടെ നിരീക്ഷിക്കുകയും അതില്‍ ഇടപെടുകയും ചെയ്ത്, വ്യക്തിയെന്ന നിലയില്‍ നമുക്ക് എങ്ങനെ ഗുണകരമായി ഭവിക്കുന്നു എന്നതിനൊപ്പം സമൂഹത്തിനും ഗുണകരമാകുന്ന രീതിയില്‍ പുതുമയും തനിമയുള്ളതുമായ ആശയങ്ങള്‍ കണ്ടെത്തി പ്രാവര്‍ത്തികമാക്കാന്‍ ക്രിയാത്മക ചിന്തയിലൂടെ സാധിക്കും. ക്രിയാത്മക ചിന്തയോടൊപ്പം പ്രവൃത്തിയും പ്രധാനമാണ്. പ്രതിസന്ധികളെ തരണം ചെയ്യുന്നതിനൊപ്പം മുന്നോട്ടുള്ള വഴി തെളിക്കാനും ക്രിയാത്മക ചിന്തയിലൂടെ കഴിയും
ക്രിയാത്മക ചിന്ത കൊണ്ടുള്ള ഗുണങ്ങള്‍
വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും അതിജീവിച്ചവരാണ് തിളക്കമുള്ള വ്യക്തിത്വത്തിനും ജീവിതത്തിനും ഉടമകളായവര്‍. ക്രിയാത്മക ചിന്ത നമ്മുടെ ജീവിതത്തെ നല്ലനിലയില്‍ സ്വാധീനിക്കുകയും ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യും.
1. സമ്മര്‍ദ്ദമേറിയ സാഹചര്യം ജീവിതത്തില്‍ നേരിടാത്തവരുണ്ടാവില്ല. ക്രിയാത്മക ചിന്ത വളര്‍ത്തിയെടുക്കുന്നതിലൂടെ സമ്മര്‍ദ്ദമേറിയ സാഹചര്യങ്ങളെ ശരിയായ നിലയില്‍ നേരിടാന്‍ കഴിയും.
2. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പലപ്പോഴും സാധിക്കാത്തവരുണ്ട്. എങ്ങനെ നേരിടണമെന്നും ഇതിനപ്പുറമെന്ത് എന്നും ചിന്തിച്ചിരിക്കുന്ന അവസ്ഥ. ക്രിയാത്മകമായി ചിന്തിക്കുന്ന വ്യക്തി ആദ്യം പ്രശ്‌നമെന്താണെന്ന് ആഴത്തില്‍ മനസ്സിലാക്കി അതിന്റെ പരിഹാര വഴികളും എളുപ്പത്തില്‍ കണ്ടെത്തും.
3. ക്രിയാത്മക ശേഷിയുള്ള വ്യക്തികളുമായുള്ള ബന്ധങ്ങള്‍ വലിയ തോതില്‍ ജീവിതത്തെ സ്വാധീനിക്കും. ക്രിയാത്മക ചിന്താശേഷിയിലൂടെ സമൂഹവുമായി കൂടുതല്‍ അടുത്തിടപഴകാനും ജീവിതത്തെ ശരിയായ വഴിയിലേക്ക് നയിക്കുന്ന കൂടുതല്‍ വ്യക്തി ബന്ധങ്ങളുണ്ടാക്കാനും കഴിയും.
4. ക്രിയാത്മക ചിന്തയിലൂടെ നമ്മുടെ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയും.
5. എല്ലാ മനുഷ്യരിലും വ്യത്യസ്തമായ കഴിവുകളും പ്രത്യേകതകളുമുണ്ട്. പലപ്പോഴും അത് തിരിച്ചറിയാറില്ല. നമ്മുടെയുള്ളിലെ പ്രതിഭയെ കണ്ടെത്താന്‍ ക്രിയാത്മക ചിന്തയ്ക്ക് സാധിക്കും.
6. ആത്മവിശ്വാസമുള്ളവരാണ് ജീവിതത്തെ ശരിയായ രീതിയില്‍ ഉപയോഗിച്ചിട്ടുള്ളത്.
7. നമ്മുടെയുള്ളിലെ നിഷേധാത്മ ചിന്തകളെ അകറ്റി ക്രിയാത്മകമായി ചിന്തിക്കുന്നവര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും.
8. ക്രിയാത്മക ചിന്തയുള്ള ഒരു വ്യക്തി ജീവിതത്തില്‍ സ്വയം പ്രചോദനം നല്‍കാന്‍ പ്രാപ്തനായിരിക്കും.
9. പുതിയ കാര്യങ്ങളെ തേടി കണ്ടെത്താന്‍ ശ്രമിക്കും. ഇതിലൂടെ ജീവിതത്തില്‍ നവീനവും സാഹസികവുമായ വഴികളിലൂടെ സഞ്ചരിക്കാനും വിജയവഴികളിലെത്താനും സാധിക്കും.
ക്രിയാത്മക വ്യക്തികളുടെ സവിശേഷതകള്‍
1. പോസിറ്റീവ് ചിന്ത
2. ഭാവനയുള്ള വ്യക്തിത്വം
3. അറിയാനുള്ള അടങ്ങാത്ത ആഗ്രഹം
4. ജീവിതത്തെ ശുഭാപ്തി വിശ്വസത്തോടെ സമീപിക്കും
5. പ്രശ്‌നങ്ങളെ പെട്ടെന്ന് കണ്ടെത്തും
6. പ്രതിസന്ധികളെ പോലും മികച്ച അവസരമാക്കി മാറ്റാന്‍ കഴിവുണ്ടാകും
7. പ്രശ്‌നങ്ങളോട് സമരസപ്പെട്ട്, വിവേകപൂര്‍ണ്ണായ തീരുമാനമെടുക്കും
8. അറിവുള്ളവരും അതേസമയം വിചിത്ര സ്വഭാവമുള്ളവരുമായിരിക്കും
9. ഒരേസമയം ഉത്തരവാദിത്തമുള്ളവരും ഇല്ലാത്തവരുമായി കാണപ്പെടും
10. തുറന്ന മനസ്സുള്ളവരും അയഞ്ഞ സ്വഭാവമുള്ളവരും മികച്ച ആശയവിനിമയമുള്ളവരുമായിരിക്കും
ക്രിയാത്മക ചിന്ത എങ്ങനെ വര്‍ധിപ്പിക്കാം
1. Brain Storming - ഒരു കാര്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സിലേക്കു വരുന്ന എല്ലാ കാര്യങ്ങളും, ഏറ്റവും ചെറുതും ചിലപ്പോള്‍ മണ്ടത്തരമെന്നു തോന്നുന്ന കാര്യം പോലും ചേര്‍ത്തുവെക്കുക. ഇവ ഓര്‍ത്തുവെക്കുകയോ എഴുതിവെക്കുകയോ ചെയ്യാം. ഈ രീതിയില്‍ ചിന്തയിലേക്കുവരുന്ന എല്ലാ വിവരങ്ങളെയും ആശയങ്ങളെയും ഒരുമിച്ചുകൂട്ടി വെക്കുന്ന പ്രക്രിയ ക്രിയാത്മക ചിന്ത വളര്‍ത്താന്‍ നല്ലതാണ്.
2. Mind Mapping - വിഷയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരസ്പരം ബന്ധിപ്പിക്കാനും അവ ക്രമീകരിക്കാനും ഏകീകരിക്കാനുമുള്ള പ്രക്രിയയാണിത്. യുക്തിപൂര്‍വം ചിന്തിച്ച് ഇവയിലെ പൊതുവായ കാര്യങ്ങള്‍ കണ്ടെത്തുകയും ഒരുമിച്ചു ചേര്‍ക്കുകയും വേര്‍തിരിക്കുകയും ചെയ്യുക.
3. Reframing - കാര്യങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ശ്രമിക്കുന്നത് ക്രിയാത്മക ചിന്ത വര്‍ധിപ്പിക്കും.
4. Envisaging the future - വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി അതിനു തയ്യാറെടുക്കുന്നത് വളരെ പ്രയോജനപ്രദമാണ്.
5. Role Play - മറ്റൊരാളുടെ റോളിലേക്കു മാറുന്നത് വിഷയത്തെ മറ്റുള്ളവരുടെ കാഴ്ച്ചപ്പാടില്‍ കാണുന്നതിനും അതുവഴി വ്യത്യസ്ത ചിന്താരീതികള്‍ മനസ്സിലാക്കുന്നതിനും സഹായിക്കും.
പ്രധാനപ്പെട്ട ക്രിയാത്മക ചിന്താ ശേഷികള്‍
1. അപഗ്രഥന ശേഷി
ക്രിയാത്മക ചിന്തയുള്ളവര്‍ വിശകലന ശേഷിയുള്ളവരുമായിരിക്കണം. എങ്കില്‍ മാത്രമേ ക്രിയാത്മക ചിന്ത ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.
2. തുറന്ന മനസ്സ്
തുറന്ന മനസ്സോടെ ചിന്തിക്കാനും സമീപിക്കാനും കഴിയുന്നവരായിരിക്കണം ക്രിയാത്മക ചിന്തയുള്ളവര്‍.
3. പ്രശ്‌ന പരിഹരണ കഴിവ്
പ്രശ്‌നങ്ങളെ പുതിയ മാര്‍ഗത്തിലൂടെ പരിഹരിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നവര്‍ക്കേ ക്രിയാത്മക ചിന്തകൊണ്ട് പ്രയോജനമുള്ളൂ.
4. ആശയവിനിമയം
മികച്ച ആശയവിനിമയശേഷിയും ഇക്കൂട്ടര്‍ക്ക് ഉണ്ടാവണം. ചിന്തകളും ആശയങ്ങളും മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും മനസ്സിലാക്കിക്കൊടുക്കാനും ആശയവിനിമയത്തിനുള്ള കഴിവ് വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.