Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightവിഷാദത്തിന്‍റെ...

വിഷാദത്തിന്‍റെ മരുപ്പച്ച

text_fields
bookmark_border
വിഷാദത്തിന്‍റെ മരുപ്പച്ച
cancel
ലോകത്ത് ഏകദേശം 280 ദശലക്ഷം ആളുകൾക്ക് വിഷാദരോഗമുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. വിഷാദരോഗത്തിന്റെ ചികിത്സ ഏറ്റവും സങ്കീർണമാക്കുന്നത് അത് നിർണയിക്കാൻ മാനസിക അളവുകോലുകൾ മാത്രമേയുള്ളൂ എന്ന കാര്യമാണ്. എന്നാൽ, മാനസിക അളവുകോലുകൾക്കപ്പുറം ശാരീരിക പരിശോധനകളിലൂടെ വിഷാദരോഗം നിർണയിക്കാമെന്നാണ് തിരുവനന്തപുരം ഐസറിലെ വിദ്യാർഥിസംഘം അവരുടെ നൂതന മെഡിക്കൽ കിറ്റായ ‘ഒയാസിസി’ലൂടെ തെളിയിക്കുന്നത്. ഇവർ കണ്ടുപിടിച്ച ‘ഒയാസിസ്​’ എന്ന വിഷാദ​രോഗ നിർണയ ഉപകരണം​ പാരിസിൽ നടന്ന ‘ഐജെം’ അന്താരാഷ്ട്ര മത്സരത്തിലെ താരമായിരുന്നു

നിങ്ങളുടെ ഒരു തുള്ളി രക്തം തന്നാൽ മനസ്സിന്റെ ഉള്ളറയിൽ ഒളിഞ്ഞുകിടക്കുന്ന വിഷാദത്തിന്റെ വ്യാപ്തി അളന്നുനൽകാമെന്നു പറഞ്ഞാൽ അതിശയിക്കേണ്ട. സംഗതി സത്യമാണ്. തിരുവനന്തപുരം ​ഐസറിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്) 16 അംഗ വിദ്യാർഥിസംഘത്തിന്‍റെ ഈ കണ്ടുപിടിത്തത്തിന് അന്താരാഷ്ട്ര അംഗീകാരം വരെ ലഭിച്ചുകഴിഞ്ഞു. ഇവർ കണ്ടുപിടിച്ച ‘ഒയാസിസ്​’ എന്ന വിഷാദ​രോഗ നിർണയ ഉപകരണം​ പാരിസിൽ നടന്ന ‘ഐജെം’ അന്താരാഷ്ട്ര മത്സരത്തിലെ താരമായിരുന്നു.​

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്തെ ജനസംഖ്യയുടെ 3.8 ശതമാനം പേർ വിഷാദം അനുഭവപ്പെടുന്നവരാണ്. ഇതിൽ അഞ്ചു ശതമാനം മുതിർന്നവരുമാണ്. 60 വയസ്സിനു മുകളിലുള്ളവരിൽ 5.7 ശതമാനം പേർ വിഷാദത്തിന്റെ പിടിയിലാണ്. ലോകത്ത് ഏകദേശം 280 ദശലക്ഷം ആളുകൾക്ക് വിഷാദരോഗമുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒ പറയുന്നത്. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ വിഷാദരോഗത്തിന്റെ അളവ് 50 ശതമാനം കൂടുതലാണ്. 10 ശതമാനത്തിത്തിലധികം ഗർഭിണികളും അമ്മമാരും വിഷാദരോഗം അനുഭവിക്കുന്നുണ്ട്. പ്രതിവർഷം 7,00,000ത്തിലധികം ആളുകളുടെ ആത്മഹത്യക്ക് കാരണവും വിഷാദംതന്നെ. ഇൗയൊരു സന്ദർഭത്തിലാണ് തിരുവനന്തപുരം ഐസറിലെ വിദ്യാർഥികളുടെ കണ്ടുപിടിത്തത്തിന് പ്രസക്തിയേറുന്നത്.

ഇനി എളുപ്പം തിരിച്ചറിയാം

വിഷാദരോഗത്തിന്റെ ചികിത്സ ഏറ്റവും സങ്കീർണമാക്കുന്നത് അത് നിർണയിക്കാൻ മാനസിക അളവുകോലുകൾ മാത്രമേയുള്ളൂ എന്നതാണ്. പലപ്പോഴും വിഷാദം അറിയാതെ പോകാനും കൃത്യമായ ചികിത്സ ലഭിക്കാതിരിക്കാനും ഇത് കാരണമാകാറുമുണ്ട്. എന്നാൽ, മാനസിക അളവുകോലുകൾക്കപ്പുറം ശാരീരിക പരിശോധനകളിലൂടെ വിഷാദരോഗം നിർണയിക്കാമെന്നാണ് തിരുവനന്തപുരം ഐസറിലെ ഈ വിദ്യാർഥിസംഘം അവരുടെ നൂതന മെഡിക്കൽ കിറ്റിലൂടെ തെളിയിക്കുന്നത്. രോഗിയുടെ രക്തത്തിലെ ജൈവ അടയാളങ്ങളിലെ അളവിലുള്ള വ്യതിയാനം കണ്ടെത്താനുള്ള ‘ഒയാസിസ്’ എന്ന രോഗനിർണയ സംവിധാനം ഇപ്പോൾ ശാസ്ത്രലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയാണ്.

മാനസിക അളവുകോലുകൾക്കപ്പുറം ശാരീരികപരിശോധനകളിലൂടെ വിഷാദരോഗം നിർണയിക്കാനാവും. രക്തത്തിലുള്ള എം.ഐ.ആർ.എൻ.എ-124, എം.ഐ.ആർ.എൻ.എ-132, സെറോടോണിൻ, കോർട്ടിസോൾ, ജി.എസ്.എ പ്രോട്ടീൻ എന്നിവയുടെ അളവ് രേഖപ്പെടുത്തി വിഷാദം നിർണയിക്കാമെന്നാണ് കണ്ടെത്തൽ. ‘ഒയാസിസ്’ എന്ന ചിപ്പിലേക്ക് രക്തത്തുള്ളികൾ വീഴ്ത്തുന്നു. ചിപ്പിനോടു ചേർന്ന് ഘടിപ്പിച്ച അഞ്ചു ചാലകങ്ങളിലേക്കു പോകുന്ന രക്തത്തുള്ളികളിലെ മേൽപറഞ്ഞ അഞ്ചു ഘടകങ്ങളിലെ വ്യതിയാനങ്ങൾ സ്‌ക്രീനിൽ കാണിക്കും. അതുവഴി വിഷാദം അളക്കാം. ഈ അഞ്ചു ഘടകങ്ങൾ വിഷാദരോഗത്തിന് കാണമാകുന്നുവെന്നു തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളുമുണ്ട്.

പേറ്റന്റിലേക്കുള്ള ദൂരം

ബിരുദ വിദ്യാർഥികൾക്ക് മനുഷ്യരക്തത്തിൽ പരീക്ഷണങ്ങൾ അനുവദനീയമല്ലാത്തതിനാൽതന്നെ രക്തത്തിലെ ഘടകങ്ങളുടെ പരീക്ഷണ സാമ്പിളുകൾ വിദേശത്തുനിന്നെത്തിച്ചാണ് പരീക്ഷണം നടത്തിയത്. സാധാരണ മനഃശാസ്ത്രജ്ഞന്മാർ ചോദ്യോത്തരങ്ങളിലൂടെയും കൗൺസലിങ്ങിലൂടെയും മറ്റുമാണ് വിഷാദം കണ്ടെത്തുന്നത്. അവിടെയാണ് ഒയാസിസിന്റെ പ്രസക്തി. ഒയാസിസിന്റെ പേറ്റന്റിനായി ഉടൻ അപേക്ഷിക്കുമെന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുകയാണെന്നും വിദ്യാർഥിസംഘം പറയുന്നു. ഇന്ത്യയിലെ ഒരു കാമ്പസിലേക്ക്​ ആദ്യമായാണ്​ ഈ പുരസ്കാരം എത്തുന്നത്​. ഇന്‍റഗ്രേറ്റഡ് ഹ്യൂമൻ പ്രാക്ടിസസ് വിഭാഗത്തിൽ ആദ്യ അഞ്ചിലും ഒയാസിസ് ഇടംനേടി.

നിലവിലുള്ള വിവിധ രീതികളിൽനിന്ന്​ വ്യത്യസ്​തമായി കൂടുതൽ കാര്യക്ഷമമായ പരിശോധനഫലം ഉറപ്പു നൽകാനാവുമെന്നതാണ്​ ഈ ഉപകരണത്തിന്‍റെ സവിശേഷത. ​വിഷാദവുമായി ബന്ധപ്പെട്ട ജൈവ അടയാളങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരം ശേഖരിക്കുന്നതോടെ ഇത്​ പൂർണമായി പ്രവർത്തനക്ഷമമാകും. അതോടെ രോഗനിർണയത്തിനും ശക്തമായ ഗവേഷണ പ്രവർത്തനങ്ങൾക്കും സഹായകമായ ഉപകരണമാകും ഒയാസിസ്​. രോഗനിർണയത്തോടൊപ്പം വിഷാദ ചികിത്സക്കും ഇത് ഉപയോഗപ്പെടും.

ഇതാണ് ടീം

‘ഒയാസിസി’ന്റെ 16 അംഗ ടീമിൽ ഒമ്പതുപേർ മലയാളികളാണ്. മറ്റുള്ളവർ യു.പി, ബിഹാർ, തമിഴ്‌നാട്, കർണാടക, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ളവർ. ബിരുദ-ഗവേഷണ വിദ്യാർഥികളാണ് ഇവർ. ഐസറിൽ നിന്നുള്ള മൂന്നാമത്തെ ടീമിനാണ്​ ഐജെമ്മിൽ പുരസ്കാരം ലഭിക്കുന്നത്​. 2021ലെ ആദ്യ ടീമിന്​ വെള്ളിമെഡലും 2022ലെ രണ്ടാമത്തെ ടീമിന്​ സ്വർണമെഡലും ഏതാനും നാമനിർദേശങ്ങളും നേടാനായി. 2023ലെ മൂന്നാമത്തെ ടീം വിജയിച്ചു.

ടീമംഗങ്ങൾ- ബയോളജി: ആഭ പി. ശംസ്​ (രണ്ടാം വർഷ എം.എസ്​സി- ലീഡർ), എം. വിഭാവരി (ബി.എസ്​-എം.എസ് മൂന്നാം വർഷം-കോ ലീഡർ), ഉമാശങ്കർ ചെല്ലം, അഭിനന്ദ്​ ലാൽ (ബി.എസ്​-എം.എസ്- നാലാം വർഷം), എം. അനുഗ്രഹ, എസ്​. പ്രിയാൻശി, ഹന ലുഖ്മാൻ, നയന ഹരിലാൽ, എം. റോശിദ, വിഗ്​നേഷ്​ ജയൻ, പി. സമീക്ഷ, സൂര്യാസിസ്​ ദത്ത- (ബി.എസ്​-എം.എസ്- മൂന്നാം വർഷം).

ഫിസിക്സ്: സാർഥക്​ തോററ്റ്​ (ബി.എസ്​-എം.എസ്- നാലാം വർഷം), കെ. നവനീത്​ (ബി.എസ്​-എം.എസ്- മൂന്നാം വർഷം).

ഡേറ്റ സയൻസ്: രുചി ആര്യ, ഒ.എസ്​. യശ്വന്ത്​ -(ബി.എസ്​-എം.എസ്- മൂന്നാം വർഷം).

ഡോ. നിഷ കണ്ണൻ, ഡോ. നടേഷ്​ രാമനാഥൻ എന്നിവരാണ്​ നേതൃത്വം നൽകുന്ന അധ്യാപകർ. ആദർശ്​ കരേക്കാട്ട്​, ഇറ സിബ്ബു, ജഗൻ, ടി.എം. തേജസ്​ എന്നിവർ മെന്‍റർമാരാണ്​. ഈ സംഘത്തിനു കീഴിലാണ്​ ഗ​വേഷണ പ്രവർത്തനങ്ങൾ നടക്കുന്നത്.

എന്താണ് iGEM?

ആധുനിക ജീവശാസ്ത്രത്തിൽ വിദ്യാർഥികളുടെ താൽപര്യം ഉണർത്തുന്നതിനും അവരുടെ സ്വതന്ത്ര പഠന മികവുകൾ വികസിപ്പിക്കുന്നതിനും ആവശ്യമായ നൂതനമാർഗങ്ങൾ പ്രദർശിപ്പിക്കാനുള്ള ആഗോള വേദിയാണ് ഐജെം (ഇന്‍റർനാഷനൽ ജനിറ്റിക്​ എൻജിനീയറിങ് മെഷീൻ). പാരിസിൽ നടക്കുന്ന ആഗോളപ്രശസ്​തമായ ഈ സിന്തറ്റിക് ബയോളജി മത്സരത്തിന്​ ഇന്ത്യയിൽ അധികം പ്രചാരം ലഭിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള ഹൈസ്‌കൂൾ, അണ്ടർഗ്രേഡ്, ഓവർഗ്രേഡ് വിദ്യാർഥികൾ മാറ്റുരക്കുന്ന മത്സരമാണിത്​.

ജീവശാസ്ത്രപരമായ സംവിധാനങ്ങളിൽ എൻജിനീയറിങ് തത്ത്വങ്ങൾ പ്രയോഗിക്കുന്ന അതിവേഗം വളരുന്ന ശാസ്​ത്രശാഖയാണ്​ സിന്തറ്റിക് ബയോളജി. ആഗോള വെല്ലുവിളികളെ നേരിടാനായി പ്രകൃതിയുമായി യോജിച്ചു പ്രവർത്തിച്ച്​ ബയോടെക്നോളജി വികസനം സാധ്യമാക്കുന്നതാണ്​ സിന്തറ്റിക് ബയോളജി. ജീവശാസ്ത്രപരമായ പുതിയ സംവിധാനങ്ങൾ നിർമിക്കുക വഴി​ പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടലാണ്​ സിന്തറ്റിക് ബയോളജിയുടെ ലക്ഷ്യം. സിന്തറ്റിക് ബയോളജി എന്ന പുതിയ ജൈവശാസ്ത്ര ശാഖയെ കുറിച്ച്​​ ബോധവത്​കരിക്കുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ്​ ഐജെം ഫൗണ്ടേഷൻ.

ഐജെമ്മിലേക്കുള്ള വഴി

ഏറെ കടമ്പകൾ പിന്നിട്ടാൽ മാത്രം എത്തിപ്പെടാവുന്ന അതിവിദൂര സാധ്യതയിലുള്ള ഒരു വേദിയാണ്​ ഐജെം. കനത്ത സാമ്പത്തിക ചെലവും കഠിനമായ ഗൃഹപാഠവും നൂതന ആശയവും അത്​ നടപ്പാക്കാൻ ഇച്ഛാശക്തിയുള്ള ഗവേഷകരും അധ്യാപകരും സ്ഥാപന മേധാവികളും എല്ലാം ഒത്തുവരണം. തിരുവനന്തപുരം ജില്ലയിലെ വിതുരയിലെ ഐസർ കാമ്പസിൽനിന്നുള്ള വിദ്യാർഥി സംഘം തുടർച്ചയായി മൂന്നാം വർഷമാണ് ​ഐജെമ്മിൽ ഉയർന്ന നേട്ടം കരസ്ഥമാക്കുന്നത്.

ഐജെം മത്സരത്തിൽ പ​ങ്കെടുക്കാനാവശ്യമായ ഭീമമായ തുക കണ്ടെത്തുക എന്നതു തന്നെയാണ്​ ഏതൊരു ടീമിനെയും ആദ്യം തളർത്തുക. മൂന്നു ഘട്ടങ്ങളിലായിലുള്ള രജിസ്​ട്രേഷനുമാ​ത്രം 10,000 ഡോളറിലധികം കണ്ടെത്തണം. ഇതിന് ആവശ്യമായ തുക കണ്ടെത്താൻ വിദ്യാർഥികളുടെ പ്രോജക്ടുകൾക്ക്​ മത്സരത്തിൽ മുൻഗണനയുണ്ട്​.

അമേരിക്കയിൽനിന്നും യൂറോപ്പിൽ നിന്നുമുള്ള കോളജുകളുടെയും സർവകലാശാലകളുടെയും മുഴുവൻ ചെലവും അതത്​ സ്ഥാപനങ്ങൾ തന്നെയാണ്​ വഹിക്കുന്നത്​. ഏഷ്യയിൽ നിന്നുള്ള വിദ്യാർഥികൾ സ്വയം പണം കണ്ടെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്​​.

മൂന്നു ഘട്ടങ്ങളിലായുള്ള രജിസ്​ട്രേഷനാണ്​​ ഐ​ജെമ്മിലെത്താനുള്ള ആദ്യ കടമ്പ. ​ഒന്നാമത്തെ രജിസ്​ട്രേഷന്​​ 5500 ഡോളറാണ്​ ചെലവ്​. പാരിസിൽ പോയി പ്രോജക്ട് കാണിച്ചകൊടുക്കാനുള്ള രണ്ടാമത്തെ രജിസ്​ട്രേഷന്​ 3000 ഡോളർ. പോകുന്ന ഓരോരുത്തർക്കും 450 ഡോളർ വീതമുള്ള വ്യക്തിഗത രജിസ്​ട്രേഷനാണ്​ മൂന്നാമത്തേത്​. കൂടാതെ യാത്രച്ചെലവ്, താമസം,​ ഗവേഷണ​ സാധനങ്ങൾ വാങ്ങാനുള്ള പണം, പ്രോജക്ടിന്‍റെ പബ്ലിസിറ്റിക്കുള്ള തുക ഇങ്ങനെ കുറേയധികം തുക കണ്ടെത്തണം​.

തിരുവനന്തപുരം ഐസറിലെ സംഘത്തിന്‍റെ യാത്രയുടെ ആദ്യ രണ്ടു രജിസ്​ട്രേഷനുകളുടെയും പണം കോളജ്​ തന്നെ നൽകി. മൂന്നാം ഘട്ട രജിസ്​ട്രേഷനും 16 അംഗ ടീമിലെ ഓരോരുത്തരു​ടെയും യാത്ര ഉൾപ്പെടെയുള്ള ചെലവിനും ആവശ്യമായ പണം കണ്ടെത്തലായിരുന്നു അടുത്തത്​. സാമൂഹിക ഫണ്ടിങ്​ കാമ്പയിനിലൂടെയാണ്​ വിദ്യാർഥികൾ പണം കണ്ടെത്തിയത്. പല കമ്പനികളും സാമ്പത്തികമായി സഹായിച്ചു. യാത്രക്കും താമസത്തിനുമൊക്കെ വലിയ തുക ചെലവുവരുമെന്നതിനാൽ പലരും

പ്രോജക്ടിൽനിന്ന്​ പിൻവാങ്ങാനും ഒരുങ്ങിയിരുന്നു. എന്നാൽ ഫണ്ടിങ്ങിലൂടെ പ്രോജക്ട് ശരിയായി പൂർത്തിയാക്കാനും കേരളത്തിന്​ അഭിമാനകരമായ നേട്ടം കൈവരിക്കാനും വിദ്യാർഥിക്കൂട്ടത്തിന്​ സാധിച്ചു.

എന്തുകൊണ്ട്​ വിഷാദം?

ക്ലിനിക്കൽ ഡിപ്രഷൻ ഒരു രോഗാവസ്ഥയാണ്. കേരളത്തിൽ മാത്രം, 2017ൽ മാനസിക വൈകല്യങ്ങളുടെ വ്യാപനം 12.43 ശതമാനമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2002 മുതൽ 2018 വരെ സംസ്ഥാനത്ത് മനോരോഗികളുടെ എണ്ണം 1,00,000ത്തിന് 272 എന്നതിൽനിന്ന് 1,00,000 പേർക്ക് 400 ആയി വർധിച്ചു. കോവിഡ്-19 പാൻഡെമിക് കേരളത്തിലും ആഗോളതലത്തിലും മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. ഒറ്റപ്പെടൽ, ദുഃഖം, സാമ്പത്തിക വെല്ലുവിളികൾ, പാൻഡെമിക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ എന്നിവ വിഷാദത്തിനുള്ള സാധ്യത വർധിപ്പിക്കുകയും നിലവിലുള്ള മാനസികാരോഗ്യ അവസ്ഥകൾ വഷളാക്കുകയും ചെയ്തു. കേരളത്തിൽ കോവിഡ്-19 പാൻഡെമിക് സമയത്ത്, വിഷാദവും (75.2%) ഉത്കണ്ഠയും (69.4%) ഹോം ക്വാറന്റീനിലുള്ള ആളുകൾ അഭിമുഖീകരിച്ച പ്രധാന പ്രശ്‌നങ്ങളാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. സമീപ വർഷങ്ങളിൽ മനോരോഗങ്ങളിൽ സംസ്ഥാനം ദ്രുതഗതിയിലുള്ള വർധന അനുഭവിച്ചു.

മഹാമാരിയെ തുടർന്ന്, ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ആഗോള വ്യാപനം 25 ശതമാനം വർധിച്ചതായി ലോകാരോഗ്യ സംഘടനയുടെ പഠനത്തിൽ പറയുന്നു. വിഷാദരോഗമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് രോഗനിർണയമോ ചികിത്സ സഹായമോ ലഭിക്കുന്നില്ല. ഇവരുടെ കാമ്പസിനടുത്ത ഗ്രാമപ്രദേശങ്ങളിൽ വിവിധയിടങ്ങളിൽ നടത്തിയ പഠനങ്ങളിലൂടെ ഐസറിലെ സംഘം ഇത്​ കണ്ടെത്തിയിട്ടുണ്ട്​.

ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആത്മഹത്യയുടെ പ്രധാന കാരണങ്ങളിലൊന്ന് വിഷാദരോഗമാണെന്ന് സംഘം മനസ്സിലാക്കി. പ്രത്യേകിച്ച് സമീപ വർഷങ്ങളിൽ. വിദ്യാർഥികൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിക്കുന്നു എന്ന ആശങ്ക ക്ലിനിക്കൽ ഡിപ്രഷനിൽ പ്രവർത്തിക്കാനുള്ള അവരുടെ ആഗ്രഹം ശക്തിപ്പെടുത്തി. വിഷാദരോഗവും അതിന്റെ പോരായ്മകളും കണ്ടുപിടിക്കുന്നതിന്​ അവരുടെ അനുഭവങ്ങളെക്കുറിച്ചു പഠിക്കുന്നത് നല്ലതാണെന്ന്​ മനസ്സിലാക്കിയാണ്​ ഈ വിഷയം തിരഞ്ഞെടുത്തത്​.

ക്ലിനിക്കൽ ഡിപ്രഷന്റെ ജീവശാസ്ത്ര വശങ്ങൾ പരിഗണിച്ച് ഒരു വസ്തുനിഷ്ഠമായ ഉപകരണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു ജോലി ആരംഭിച്ചപ്പോൾ, പ്രചോദനത്തിനായി മറ്റ് ഐജെം ടീമുകളെ നോക്കി. മറ്റു മാനസിക വൈകല്യങ്ങളിൽനിന്ന് വിഷാദം വേർതിരിച്ചറിയാൻ ടീം മോസ്കോ 2021 ഒരു ഡയഗ്നോസ്റ്റിക് കിറ്റിൽ വിപുലമായി പ്രവർത്തിച്ചതായി കണ്ടെത്തി. അവരുടെ പ്രോജക്ട് ഒരു ഡയഗ്‌നോസ്റ്റിക് കിറ്റിനായുള്ള പ്രാരംഭ ആശയങ്ങളെ സാധൂകരിക്കുകയും പ്രശ്‌നം കൂടുതൽ ആഴത്തിൽ പരിശോധിക്കാൻ പ്രേരിപ്പിക്കുകയും പ്രോജക്ട് രൂപകൽപന രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്തതായി ഇവർ പറയുന്നു.

വിഷാദവുമായി ബന്ധപ്പെട്ട അഞ്ചു രക്ത ബയോമാർക്കറുകളുടെ അളവ് അളക്കുന്നതിന്, രണ്ടു വ്യത്യസ്ത ഫ്ലൂറസെൻസ് അടിസ്ഥാനമാക്കിയുള്ള ക്വാണ്ടിഫിക്കേഷൻ സംവിധാനങ്ങളുള്ള ഒരു മൈക്രോഫ്ലൂയിഡിക് ഉപകരണമാണ്​ ഒയാസിസ്​. ഫ്ലൂറസെന്റ് റീഡൗട്ടുകൾ കണ്ടെത്താനും അവയെ രക്തത്തിലെ ബയോമാർക്കർ അളവുമായി ബന്ധപ്പെടുത്താനും കഴിയുന്ന ഒരു ഹാർഡ്‌വെയർ സംവിധാനത്തോടെയാണ് ഇത് വരുന്നത്. രോഗനിർണയം, ആന്റിഡിപ്രസന്റ് ട്രാക്കിങ്, ക്ലിനിക്കൽ ഡ്രഗ് ട്രയലുകൾ, ശാസ്ത്രീയ ഗവേഷണം എന്നിവയിലേക്ക് വ്യാപിച്ചുകിടക്കുന്ന ക്ലിനിക്കൽ വിഷാദത്തിനുള്ള ഒരു ഡയഗ്നോസ്റ്റിക് സഹായിയായി ഉപയോഗിക്കാനാണ് ഒയാസിസ്​ നിർമിച്ചിരിക്കുന്നത്. ഇൗ പദ്ധതിയിലൂടെ, ശാസ്ത്രത്തിന്റെയും സിന്തറ്റിക് ബയോളജി ആശയവിനിമയത്തിന്റെയും പ്രാധാന്യവും മാനസികാരോഗ്യ അവബോധത്തിന്റെ ആവശ്യകതയും തിരിച്ചറിയുന്നതായി ഇവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:depressiontrivandrum iseroasys
News Summary - depression- trivandrum iser- oasys
Next Story