കുട്ടികളിലെ ആത്മഹത്യ നിരക്ക് കുറക്കാൻ 11 നിർദേശങ്ങളുമായി ഡി.ജി.പി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക് വർധിച്ചതോടെ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ അടിയന്തര ഇടപെടൽ നടത്താൻ ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പിയുടെ നിർദേശം. കുട്ടികളിലെ ആത്മഹത്യ തടയാന്‍ 11 നിർദേശങ്ങളാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മുന്നോട്ടുവെച്ചിരിക്കുന്നത്. അതിൽ പ്രധാനം ഇൻറർനെറ്റിന്റെയും സ്മാർട്ട് ഫോണിന്റെയും ഉപയോഗം കുട്ടികളിൽ നിയന്ത്രിക്കണമെന്നതാണ്.
2019 ല്‍ 230 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2020ല്‍ ഇത് 311 ആയി. 2021 ആയപ്പോഴേക്കും 345 ആയി ഉയര്‍ന്നതായി സംസ്ഥാന ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. മൊബൈല്‍ ഫോണിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗമാണ് ആത്മഹത്യക്ക് നയിക്കുന്നതിലെ പ്രധാന കാരണം. ഇതില്‍ മാനസിക സംഘര്‍ഷം കാരണം 2019ല്‍ 30.9 ശതമാനമാണ് ആത്മഹത്യ ചെയ്തത്. 2021ല്‍ 27.8 ശതമാനമായി. പ്രണയനൈരാശ്യവും ആത്മഹത്യ കാരണങ്ങളില്‍ ചിലതാണ്. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും കുട്ടികള്‍ ജീവിതത്തില്‍ നിന്നൊളിച്ചോടാന്‍ കാരണമാകുന്നതായും എസ്.സി.ആർ.ബി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് സ്കൂളുകളിൽ അടിയന്തര പ്രവർത്തനങ്ങൾ നടത്താൻ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
നിർദേശങ്ങൾ ചുവടെ
•ഇൻറർനെറ്റിന്റെയും സ്മാർട്ട് ഫോണിന്റെയും ഉപയോഗം കുട്ടികളിൽ നിയന്ത്രിക്കണം
•വിഷാദരോഗം ഒഴിവാക്കാൻ രക്ഷാകർത്താക്കൾക്ക് ബോധവത്കരണം നൽകണം
•കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഒരു അധ്യാപികക്ക് ഉത്തരവാദിത്തം നൽകണം
•കോവിഡ് നിയന്ത്രണങ്ങൾ മാറിയതിനാൽ കുട്ടികളെ കളിക്കളങ്ങളിലേക്ക് കൊണ്ടുവരണം
•മാതാപിതാക്കളുടെ പ്രശ്നങ്ങൾ കുട്ടികളിൽ മാനസിക സംഘർഷങ്ങൾക്ക് കാരണമാകരുത്
•കുടുംബ പ്രശ്നങ്ങളുള്ള വീടുകളിൽ നിന്നുള്ള കുട്ടികൾക്ക് കൗൺസലിങ് നൽകണം
•സ്കൂളുകളിൽ കൗൺസലിങ് പരിപാടി സംഘടിപ്പിക്കണം
•രക്ഷാകർത്താക്കൾക്ക് സാങ്കേതിക പരിജ്ഞാനം നൽകണം
•പരീക്ഷപ്പേടി മാറ്റാൻ പ്രത്യേക പ്രോഗ്രാമുകൾ സംഘടിപ്പിക്കണം
•വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ പദ്ധതികൾ വേണം
•കുട്ടികളും രക്ഷാകർത്താക്കളും തമ്മിലുള്ള തർക്കം കുറക്കാൻ ഇടപെടൽ വേണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.