പേടിയെ പേടിക്കേണ്ട
text_fieldsനമുക്കെല്ലാവര്‍ക്കും പല തരത്തിലുള്ള പേടികളുണ്ട്. പേടികളില്ലാത്തവര് വളരെ ചുരുക്കമാണ്. ഒരുപാട് ആളുകളെ അഭിമുഖീകരിക്കാന്‍, സദസ്സിന് മുമ്പില്‍ ഔപചാരികമായി സംസാരിക്കാന്‍, ചോദ്യങ്ങള്‍ തുറന്ന് ചോദിക്കാന്‍, ജീവജാലങ്ങളെ, മരണത്തെ അങ്ങനെ പലതരത്തിലുള്ള പേടികളുള്ളവരുണ്ട്. നമ്മുടെ വിജയത്തിന് തടസ്സം നില്ക്കുന്ന ഒന്നാണ് പേടി. നമ്മുടെ കഴിവുകളെ പുറത്തെടുക്കുന്നതിന് വിഘാതമായി നില്ക്കുന്ന ഒന്ന്. പേടിയുള്ളതുകൊണ്ട് മാത്രം അവസരങ്ങള്‍, ജീവിതത്തിലെ പല നേട്ടങ്ങള്‍ നഷ്ടമായേക്കാം.
പേടിയെ എങ്ങനെ ഒഴിവാക്കാം
1. വാലിഡേറ്റ് യുവർ ഫിയർ
ചില കാര്യങ്ങള്‍ക്ക് നമുക്ക് പേടിയുണ്ട് എന്നുള്ളത് സ്വയം മനസിലാക്കണം. ശരിക്കും നമ്മള് അതിനെ പേടിക്കേണ്ടതുണ്ടോയെന്ന് സ്വയം വിശകലനം നടത്തിനോക്കണം. നമ്മള് പേടിക്കുന്നതില്‍ എന്തെങ്കിലും ലോജിക്കുണ്ടോ? അല്ലെങ്കില്‍ ഒരു കാര്യവുമില്ലാതെ പേടിക്കുകയാണോ? എന്നൊക്കെ ചിന്തിച്ചു നോക്കണം. ഇങ്ങനെ നമ്മള് പേടിയെ മനസിലാക്കുകയെന്നതാണ് ആദ്യത്തെ ഘട്ടം. പേടികൊണ്ട് എന്തൊക്കെ നഷ്ടമുണ്ടാകും, ഈ പേടി എവിടെ നിന്നാണ് വന്നത് ഇതൊക്കെ നമ്മള് മനസിലാക്കുന്നതിലൂടെ നമ്മള് പേടിയെ അറിയുകയാണ്. ഈ പേടിയെ അതിജീവിച്ച് മുന്നോട്ടുപോയാല്‍ നമുക്ക് ജീവിതത്തില്‍ എന്തൊക്കെ നേടാന്‍ കഴിയുമെന്ന് സ്വയം ചോദിക്കണം. ഇത്തരം ചോദ്യങ്ങള്‍ നമ്മളോടുതന്നെ ചോദിക്കുക വഴി ഭയത്തെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള കരുത്ത് ലഭിക്കും.
2. പ്ലാൻ എഹെഡ്
പേടിയെ മനസിലാക്കി കഴിഞ്ഞാല്‍ മറികടക്കാനുള്ള തന്ത്രങ്ങള്‍ നമ്മള് തന്നെ കണ്ടെത്തണം. വൈകാരികമായും, ശാരീരികമായും മാനസികമായും ആത്മീയമായും ഈ പേടിയെ എങ്ങനെ നമ്മള് നേരിടണമെന്ന് ചിന്തിക്കണം. അതിനുള്ള വഴികള്‍ നമ്മള് കണ്ടെത്തണം. നമ്മള് പേടിക്കുന്ന കാര്യം ചെയ്താല്‍ കൂടിവന്നാല്‍ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? ആ സാഹചര്യത്തെ നമ്മള് എങ്ങനെ നേരിടും? എന്ന് സ്വയം ചോദിക്കണം.
3. സീക് നോളേജ്
ചില കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ട് നമുക്ക് അതിനോട് പേടിതോന്നാം. ഒരു കാര്യത്തെക്കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ട് പേടിവരാം. അറിവില്ലായ്മകൊണ്ടോ സ്കില്‍ ഇല്ലാത്തതുകൊണ്ടോ ആണ് പേടിവരുന്നതെങ്കില് അതിനെക്കുറിച്ച് അറിയാനും, സ്കില്‍ ഉണ്ടാക്കിയെടുക്കാനും വേണ്ട കാര്യങ്ങള്‍ ചെയ്യുക.
4. സീക് അദർ പീപ്പിൾസ് എക്സ്പീരിയൻസ്
ജീവിതത്തില്‍ ഇത്തരത്തില്‍ പേടിയുള്ള മറ്റുള്ള ആളുകള്‍ അതിനെ എങ്ങനെയാണ് മറികടന്നത്, അവരുടെ അനുഭവങ്ങള്‍ എന്നിവ ചോദിച്ച് മനസിലാക്കാം. പുസ്തകങ്ങളിലൂടെ വായിച്ച് മനസിലാക്കാം. ഉദാഹരണത്തിന് ബിസിനസ് ചെയ്യാന്‍ പേടിയുളളയാള് ആ ഭയത്തെ മറികടന്ന് ബിസിനസ് ചെയ്ത് ജീവിതവിജയം കണ്ടെത്തിയതായി അറിയാമെങ്കില്‍ അയാളുടെ അനുഭവങ്ങള്‍ ചോദിച്ച് അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാം.
5. ഹെല്പ് അതേർസ് ടു ഓവർ കം ഫിയർ
നമ്മളെപ്പോലെ തന്നെ പേടി മനസില്‍ സൂക്ഷിക്കുന്ന ഒരാള്‍ സുഹൃദ് വലയങ്ങളിലോ ജോലി സ്ഥലത്തോ ഒക്കെ ഉണ്ടെങ്കില്‍ ആ പേടിയെ അതിജീവിക്കാന്‍ അയാളെ സഹായിക്കുക. അത് നമുക്കും ഗുണം ചെയ്യും.
6. കൽട്ടിവേറ്റ് ബിലീവ് ആൻഡ് ഫെയ്ത്
നമ്മളിലുള്ള വിശ്വാസവും ദൈവവിശ്വാസികളാണെങ്കില്‍ ആ വിശ്വാസവും പരിപോഷിപ്പിക്കുകയാണെങ്കില്‍ അത് നമുക്ക് കൂടുതല്‍ ധൈര്യം പകരും.
7.വിഷ്വലൈസ് സക്സസ്
നമുക്ക് പേടിയുള്ള ഒരു കാര്യത്തെ അതിജീവിച്ച് വിജയം കൈവരിക്കുന്നതായി മനസില്‍ കാണുക. ഇത് നമ്മുടെ ഉപബോധ മനസിലേക്ക് ധൈര്യം കൊണ്ടുവരാനും പേടിക്കേണ്ടതില്ലയെന്ന ഫീല്തരാനും സാധിക്കും
8. റിലാക്സ്
ബ്രീത്തിങ്, മെഡിറ്റേഷന്‍ പോലുള്ള റിലാക്സേഷന് ടെക്നിക്കുകള്‍ പേടി കുറയ്ക്കാന്‍ സഹായിക്കും.
9. അവോയ്ഡ് നെഗറ്റീവ് തോട്ട്സ്
നെഗറ്റീവായ ചിന്തകള്‍ ഒഴിവാക്കി പോസിറ്റീവായി ചിന്തിച്ച് തുടങ്ങുന്നത് ധൈര്യമുള്ള മാനസികാവസ്ഥയുണ്ടാക്കും. ഇത് നമ്മളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുക, ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ ധൈര്യം കാണിക്കുക, പുതിയ പുതിയ അനുഭവങ്ങളുണ്ടാക്കിയെടുക്കുക ഇതെല്ലാം നമ്മുടെ പേടി കുറച്ച് ധൈര്യത്തോടെ മുന്നോട്ടുനീങ്ങാന്‍ സഹായിക്കും. നമുക്ക് പേടിയുള്ളതെന്താണോ അത് ചെയ്തുകൊണ്ട് ആ പേടിയെ മാറ്റിയെടുക്കുക. ഉദാഹരണത്തിന് നീന്താന്‍ പേടിയാണെങ്കില്‍ കുറച്ച് കുറച്ചായി നീന്തിക്കൊണ്ടുതന്നെ അതിനെ മറികടക്കുക. ഇംഗ്ലീഷ് സംസാരിക്കാന്‍ പേടിയാണെങ്കില്‍ ഇംഗ്ലീഷ് സംസാരിച്ചുതന്നെ ആ പേടിമാറ്റുക. എന്താണോ പേടിക്കുന്നത് ആ കാര്യങ്ങള്‍ ധൈര്യപൂര്‍വ്വം ചെയ്തു തുടങ്ങുക, അങ്ങനെ പേടി മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.