വിക്ടിം എനർജി’യിൽനിന്ന് ‘വിക്ടറി’യിലേക്ക്
text_fieldsജീവിതത്തിൽ എവിടെയും എത്താതെ പരാജയപ്പെടുന്നവർക്ക്, നഷ്ടബോധവുംം സങ്കടവും വേദനയുമായി ജീവിതം തള്ളിനീക്കുന്നവർക്ക് സാധാരണയായി ഒരു പൊതുസ്വഭാവം ഉണ്ടാകും. ‘വിക്ടിം എനർജി’ എന്നാണ് അതിനെ വിദഗ്ധർ അടയാളപ്പെടുത്തുന്നത്. ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും നേടാതെ പോകുന്ന 97ശതമാനം ആളുകളും ഈ വിക്ടിം എനർജിയുള്ളവരായിരിക്കും. അവർക്ക് പൊതുവായി മൂന്നു സ്വഭാവങ്ങളാണ് ഉണ്ടാകുക.
അതിൽ ഏറ്റവും ആദ്യത്തേത് കുറ്റപ്പെടുത്തലാണ്. കൂടുതൽ സമയവും കുറ്റപ്പെടുത്തുന്നതിലായിരിക്കും അവരുടെ ശ്രദ്ധ. എല്ലായ്‌പ്പോഴും നശീകരണ സ്വഭാവത്തോടെയുള്ള വിമർശനവും അതിന്റെ ഭാഗമാണ്. ഒന്നിലും നല്ലതു കാണാൻ അവർക്കു കഴിയില്ല.
എല്ലാത്തിന്റെയും മോശം വശത്തെക്കുറിച്ചു മാത്രം സംസാരിക്കുകയും അതിനെ വിമർശിക്കുകയും ചെയ്തുകൊണ്ടിരിക്കും. സ്വന്തം ജീവിതം ഇങ്ങനെയായതിന്റെ മുഴുവൻ ഉത്തരവാദിത്തവും കാരണവും മറ്റെന്തിന്റെയെങ്കിലും മേലിൽ കെട്ടിവെക്കാൻ അവർ യാതൊരു മടിയും കാണിക്കില്ല.
എന്തിനും ഏതിനും പരാതി പറയലാണ് ഇക്കൂട്ടരുടെ മറ്റൊരു സ്വഭാവം. എന്റെ ജീവിതം ഇങ്ങനെയായിപ്പോയി, എനിക്ക് നല്ല സ്‌കൂളിൽ പഠിക്കാൻ കഴിഞ്ഞില്ല തുടങ്ങി എല്ലാ കാര്യത്തിനും പരാതിയായിരിക്കും. നമ്മുടെ ജീവിതത്തിൽ കഴിഞ്ഞുപോയ ഒരു കാര്യവും മാറ്റാൻ പറ്റില്ലെങ്കിലും അവയെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കും.
അവ പരിഹരിക്കുന്നതിനാവശ്യമായ ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നുണ്ടാവില്ല. സത്യാവസ്ഥ മനസ്സിലാക്കാതെ എല്ലാത്തിനെയും വിധിക്കുന്ന സ്വഭാവവും (ജഡ്ജ്‌മെന്റൽ) ഇവരിൽ പൊതുവായി കാണപ്പെടുന്നു. എത്ര ശ്രമിച്ചാലും ഇങ്ങനെയേ വരൂ, അയാൾ ഇതേ ചെയ്യൂ തുടങ്ങിയ മുൻവിധികൾ ഇവരിൽ കാണപ്പെടുന്നു.
ഈ വിഭാഗത്തിൽപെട്ടവർ ഒരിക്കലും സന്തോഷം അനുഭവിക്കുകയില്ല. സദാ സമയവും പരാതി പറഞ്ഞോ കുറ്റപ്പെടുത്തിയോ അവർ ജീവിതം തള്ളിനീക്കുന്നു. അവരുടെ ജീവിതത്തിനു മാറ്റം വരണമെങ്കിൽ, ജീവിതത്തിൽ വിജയം നേടണമെങ്കിൽ അവർക്ക് ആദ്യം മാറ്റമുണ്ടാകണം. അവർ ആത്മപരിശോധന നടത്തുകയും അവരുടെ പ്രശ്‌നം സ്വയം മനസ്സിലാക്കുകയും വേണം. സ്വന്തം ജീവിതത്തിന്റെ നൂറു ശതമാനം ഉത്തരവാദിത്തവും സ്വയം ഏറ്റെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. നമ്മളെ സന്തോഷിപ്പിക്കാനോ സങ്കടപ്പെടുത്താനോ രക്ഷിക്കാനോ മറ്റാർക്കും കഴിയില്ല, അത് നമുക്ക് തന്നെയാണ് കഴിയുക എന്ന സത്യം മനസ്സിലാക്കി പ്രവർത്തിക്കണം.
വിക്ടിം എനർജിയിൽനിന്ന് പുറത്തുകടന്ന് ധൈര്യത്തോടെ ജീവിതത്തെ നേരിടണം. അതിനായി ചില എക്‌സർസൈസുകൾ ചെയ്യാൻ കഴിയും. നമ്മുടെ പരാജയത്തെക്കുറിച്ച്, നമ്മുടെ അവസ്ഥയെക്കുറിച്ച് എന്തൊക്കെ ന്യായീകരണങ്ങളാണ് നമ്മൾ പറയുന്നത്, എന്തൊക്കെ പരാതികളാണ് നമ്മൾ പറയുന്നത്, ആരെയാണ് പരാതി പറയുന്നത് തുടങ്ങിയ കാര്യങ്ങൾ എഴുതി നോക്കണം.
അവ എഴുതി വെക്കുമ്പോൾ തന്നെ നമ്മൾ വലിയൊരു ട്രാപ്പിലാണ് എന്ന് മനസ്സിലാകും. എത്ര വലിയ പ്രശ്‌നമാണെന്ന് ബോധ്യമാകും. മെല്ലെ അതിൽനിന്നു പുറത്തുകടക്കാൻ നമ്മൾ ശ്രമിച്ചു തുടങ്ങും. E+R=O (ഇവന്റ്‌സ് + റെസ്‌പോൺസ് = ഔട്ട്കം) എന്നത് വളരെ ഫലപ്രദമായ ഒരു ആശയമാണ്. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തിന് (ഇവന്റ്) നിങ്ങൾ എന്തു പ്രതികരണം (റെസ്‌പോൺസ്) ആണ് നൽകിയത് എന്നത് അതിന്റെ ഫലത്തെ (റിസൾട്ട് / ഔട്ട്കം) നിശ്ചയിക്കുന്നു.
റെസ്‌പോൺസിനു പകരം നിങ്ങൾ നൽകിയത് റിയാക്ഷൻ ആണെങ്കിൽ അതിന്റെ ഫലം പലപ്പോഴും നെഗറ്റീവായിരിക്കും. റിയാക്ഷൻ നിങ്ങൾ ആലോചിക്കാതെ തൽക്ഷണം നൽകുന്നതാണ്. റെസ്‌പോൺസ് എന്നാൽ നിങ്ങൾ ആലോചിച്ചു വരുംവരായ്കകൾ മനസ്സിലാക്കി ചെയ്യുന്നതാണ്.
നമ്മുടെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യവും നമുക്ക് മാറ്റാൻ കഴിയില്ല. എല്ലാ മോശം സമയങ്ങളിലും എന്തുകൊണ്ട് ഞാൻ എന്ന് ചിന്തിക്കാതെ എങ്ങനെ അതിൽനിന്നു പുറത്തുകടക്കാം എന്നു ചിന്തിച്ചു തുടങ്ങുക. അപ്പോൾതന്നെ നിങ്ങളുടെ പകുതി പ്രശ്‌നം മാറുകയും നിങ്ങളുടെ മാനസികാവസ്ഥ പോസിറ്റീവായി തുടങ്ങുകയും ചെയ്യും.
അത് നിങ്ങളെ പ്രശ്‌ന പരിഹരണത്തിലേക്ക് നയിക്കുകയും വിജയസാധ്യത കൂട്ടുകയും ചെയ്യുന്നു. ഒരു തവണ നിങ്ങൾക്കങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ പിന്നീട് ഓരോ തവണയും ഇതുപോലെ പോസിറ്റീവായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയും. അത് നിങ്ങളുടെ ജീവിതത്തെ, വിജയത്തെ വാനോളം ഉയരാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.