ജോലി മതി, സ്ട്രസ് വേണ്ട
text_fieldsജോലി നിങ്ങൾക്ക് സാമ്പത്തിക സുരക്ഷയും സന്തോഷവും സമാധാനവും തരുന്നതോടൊപ്പം സ്ട്രസ്സും തരുന്നു. പോസിറ്റീവായ സ്ട്രസ് നല്ലതാണെങ്കിലും നെഗറ്റീവായ സ്‌ട്രെസ് വ്യക്തികളുടെ ശാരീരിക-മാനസികാരോഗ്യത്തെയും ജോലിയിലെ പെർഫോമൻസിനെയും വളരെ ദോഷകരമായി ബാധിക്കും. 40 ശതമാനം പേരും ജോലിയിൽ സമ്മർദ്ദം അനുഭവിക്കുന്നവരാണ് എന്നാണ് പഠനങ്ങൾ. യുവാക്കളും സ്ത്രീകളും സ്‌കിൽ കുറഞ്ഞവരുമാണ് കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നത്. മോശപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, ഫ്‌ളക്‌സിബിൾ അല്ലാത്ത ജോലിസമയം, ജോലിസ്ഥലത്തെ മാനസിക പീഡനം, ജോലിസ്ഥിരത, കുറഞ്ഞ ശമ്പളം, അമിതജോലി, സമൂഹത്തിന്‍റെ പിന്തുണയില്ലായ്മ എന്നിവ ക്രോണിക് സ്ട്രസ്സിന് കാരണമാണ്. ഇവ വ്യക്തികളെ മാത്രമല്ല അവർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളെയും മോശമായി ബാധിക്കുന്നു.
ജീവനക്കാരുടെ ശാരീരിക-മാനസികാരോഗ്യത്തെ ബാധിക്കുന്ന ക്രോണിക് സ്ട്രസ് പലവിധ രോഗങ്ങൾക്ക് പോലും ഇടയാക്കുന്നു. ഉൽക്കണ്ഠ, വിഷാദം, അമിതവണ്ണം, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, കൊളസ്‌ട്രോൾ, നടുവേദന തുടങ്ങിയവയ്ക്കും കാരണമാകുന്നു. ആയുർദൈർഘ്യത്തെ വരെ കുറക്കുന്ന അവസ്ഥയിലേക്ക് ഇത്തരം സ്ട്രസ്സും തുടർന്നുള്ള രോഗങ്ങളും വ്യക്തികളെ നയിക്കുന്നു.
ജോലി സ്ഥലത്തെ സമ്മർദ്ദം ഒഴിവാക്കാൻ നിങ്ങൾക്ക് കഴിയണമെന്നില്ല, എന്നാൽ അവയെ നല്ലരീതിയിൽ മാനേജ് ചെയ്യാൻ കഴിയും.
1. ചെയ്തുതീർക്കേണ്ട കാര്യങ്ങൾ കൃത്യസമയത്ത് ചെയ്തുതീർക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക. അത്യാവശ്യമില്ലാത്ത, അപ്രധാനമായ കാര്യങ്ങൾ ആദ്യം ചെയ്ത് സമയം നഷ്ടപ്പെടുത്തരുത്. കാര്യങ്ങളെ മുൻഗണനാ ക്രമത്തിൽ തരംതിരിച്ച് പ്രധാനപ്പെട്ടതും അത്യാവശ്യമുള്ളതുമായ കാര്യങ്ങൾ ആദ്യം ചെയ്യുക. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കി കാര്യങ്ങളെ അതിന്‍റെ ക്രമത്തിൽ ചെയ്താൽ സമയവും മാനേജ് ചെയ്യാൻ കഴിയും. വലിയ ടാസ്‌കുകളെ ചെറിയ ചെറിയ ടാസ്‌കുകളാക്കി വിഭജിച്ച് ഓരോന്നായി ചെയ്താൽ ടാസ്‌കിന്‍റെ വലുപ്പം നിങ്ങളെ മടുപ്പിക്കുകയോ തളർത്തുകയോ ചെയ്യില്ല.
2. എല്ലാം ഞാൻ തന്നെ ചെയ്താലേ ശരിയാകൂ എന്ന ചിന്തയിൽ ജോലി ചെയ്യരുത്. മറ്റുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ അവർക്ക് വിഭജിച്ച് നൽകി ജോലിയുടെ മേൽനോട്ടം വഹിക്കുക.
3. പെർഫക്ഷനിസത്തിനു വേണ്ടി അനാവശ്യമായി ശ്രമിക്കരുത്. ഒരാൾക്ക് എപ്പോഴും എല്ലാ കാര്യത്തിലും പെർഫക്ടായി പ്രവർത്തിക്കാൻ കഴിയില്ല. നിങ്ങളുടെ മാക്‌സിമം ചെയ്യാൻ നോക്കുക. അതിനപ്പുറമുള്ള കാര്യത്തിനായി വെറുതെ ശ്രമിക്കരുത്.
4. മൾട്ടി ടാസ്‌കിങ് ചെയ്യാതിരിക്കുക. ഒരു സമയത്ത് പല കാര്യങ്ങൾ ചെയ്യുന്നത് സമയനഷ്ടം ഉണ്ടാക്കും. ഒരുസമയം ഒരു കാര്യത്തിൽ മാത്രം ഫോക്കസ് അത് പൂർത്തിയാക്കുക.
5. നിങ്ങളുടെ സാമൂഹികബന്ധങ്ങൾക്കായി സമയം ചെലവഴിക്കുക. നല്ല ബന്ധങ്ങളെ നിലനിർത്താൻ ശ്രമിക്കുക. എന്നാൽ മാത്രമേ നിങ്ങളുടെ നല്ല സമയത്ത് കൂടെ നിൽക്കുന്നതുപോലെ മോശം സമയത്തും അവരുടെ സ്‌നേഹവും പിന്തുണയും ലഭിക്കുകയുള്ളൂ.
6. സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക. ജോലികൾ ചെയ്തുതീർക്കണ്ട സമയത്ത് ഫോണിന്‍റെയും സോഷ്യൽ മീഡിയയുടെയും ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ സമയം കടന്നുപോകുന്നത് അറിയുകയേയില്ല.
7. വ്യക്തിജീവിതത്തിന്‍റെയും തൊഴിൽജീവിതത്തിന്‍റെയും സമതുലനം സൂക്ഷിക്കുക. നമുക്ക് ഒരു ജീവിതമേ ഉള്ളൂ. ജോലിക്കായി മാത്രം സമയം ചെലവഴിക്കുന്നത് വ്യക്തി-കുടുംബബന്ധങ്ങളെ മോശമായി ബാധിക്കും. ആഘോഷങ്ങൾക്കും, യാത്രകൾക്കും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതിനും സമയം കണ്ടെത്തുക. കുടുംബത്തിന് പണം മാത്രം പോരാ, വൈകാരിക അടുപ്പവും ആവശ്യമാണ്.
8. നല്ല ഭക്ഷണം കഴിക്കുക. നാം കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ കഴിയുന്നു. ശരീരത്തിന് മാത്രമല്ല നല്ല ഭക്ഷണത്തിന്‍റെ ആവശ്യമുള്ളത്. ആവശ്യത്തിന് വെള്ളം കുടിക്കാനും വിറ്റാമിനുകളും മറ്റു പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.
9. ആവശ്യത്തിന് ഉറക്കം ഉറപ്പാക്കുക. ഓരോ രാത്രിയിലെ ഉറക്കവും നിങ്ങളുടെ അടുത്ത ദിവസത്തെ നിർണയിക്കുന്നു. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അടുത്തദിവസം നിങ്ങൾക്ക് ക്ഷീണവും മോശം മൂഡും അനുഭവപ്പെട്ടേക്കാം.
10. വ്യായാമം ശീലമാക്കുക. ശാരീരികാരോഗ്യം നിലനിർത്തുന്നതിനും സന്തോഷം സമാധാനം തുടങ്ങിയവ നിലനിർത്തി മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വ്യായാമം ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.