പുതിയൊരു ഭാഷ പഠിക്കാം, സ്നേഹത്തിന്റെ ഭാഷ
text_fieldsസ്നേഹത്തിന്റെ ഭാഷയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? അങ്ങനെയൊരു ഭാഷയുണ്ടോ എന്ന് സംശയം തോന്നിയേക്കാം. നിനക്ക് സ്നേഹമൊന്നുമില്ല എന്ന് പലപ്പോഴും പരാതി കേട്ടിട്ടില്ലേ. അത് നിങ്ങള്‍ക്ക് സ്നേഹമില്ലാഞ്ഞിട്ടല്ല, ആ സ്നേഹം അവര്‍ക്ക് അനുഭവപ്പെടാത്തതുകൊണ്ടാണ്. സ്നേഹം ഓരോരുത്തരും ഓരോ തരത്തിലാണ് പ്രകടിപ്പിക്കുന്നതും അനുഭവിക്കുന്നതും. വളരെ പ്രകടമായ, പ്രത്യക്ഷത്തിലുള്ള സ്നേഹമേ പലപ്പോഴും ആളുകള്‍ക്ക് മനസ്സിലാകൂ. നിശബ്ദമായ, പ്രകടനപരതകളില്ലാത്ത സ്നേഹം തിരിച്ചറിയപ്പെടാന്‍ സാധ്യത കുറവാണ്. സ്നേഹത്തിന്റെ ഭാഷ പല വിധത്തിലുണ്ട്. ആ പുതിയ ഭാഷ ഏതൊക്കെയാണെന്ന് പഠിച്ചാലോ.
വാക്കിനാല്‍ സ്നേഹം ഉറപ്പുനല്‍കുന്നതാണ് (words of affirmation) സ്നേഹത്തിന്റെ ഒന്നാം ഭാഷ. നിങ്ങളുടെ സ്നേഹത്തെക്കുറിച്ച് അവരോട് സംസാരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട് എന്നത് വാക്കുകൊണ്ട് പറയുമ്പോള്‍ പോലും അത് അവര്‍ക്ക് അനുഭവപ്പെടും. നിങ്ങള്‍ പ്രകടനപരത കുറഞ്ഞ ആളാണെങ്കില്‍ ഈ വാക്കുകള്‍ അവര്‍ക്ക് വലിയ ആശ്വാസവും വിശ്വാസവും പ്രതീക്ഷയുമായിരിക്കും.
Acts of service അഥവാ സേവനപ്രവര്‍ത്തനങ്ങള്‍ ആണ് സ്നേഹത്തിന്റെ രണ്ടാമത്തെ ഭാഷ. മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള സ്നേഹം ഇതില്‍പ്പെടുന്നതാണ്. കുട്ടികള്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നത് അവരുടെ സ്നേഹത്തിന്റെ പ്രതിഫലനമാണ്. അച്ചനോ അമ്മയോ കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കുന്നത് പലപ്പോഴും അവര്‍ക്ക് ഓരോ കാര്യങ്ങള്‍ ചെയ്തു കൊടുത്തു കൊണ്ടാണ്. ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധങ്ങളിലും സഹോദര ബന്ധങ്ങളിലും ഈ രീതിയിലുള്ല സ്നേഹം കാണാറുണ്ട്.
സമ്മാനങ്ങള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് സ്നേഹത്തിന്റെ ഒരു പൊതു ഭാഷയാണ്. എന്തെങ്കിലും സമ്മാനങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക് കിട്ടുന്നില്ലെങ്കില്‍ സ്നേഹമില്ല എന്നു കരുതുന്നവരുണ്ട്. സ്നേഹം പലരും പല തരത്തിലാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ താല്പര്യപ്പെടുന്നില്ലെങ്കിലും സമ്മാനങ്ങള്‍ പ്രതീക്ഷിക്കുന്നയാളാണ് മറുവശത്തെങ്കില്‍ ഇടയ്ക്കിടെ സമ്മാനങ്ങള്‍ വാങ്ങിനല്‍കാന്‍ മടി കാണിക്കരുത്.
ഇഷ്ടമുള്ളവരോടൊപ്പം നല്ല രീതിയില്‍ സമയം ചെലവഴിക്കലാണ് സ്നേഹം പ്രകടിപ്പിക്കാനുള്ള മറ്റൊരു വഴി. അവര്‍ ആഗ്രഹിക്കുന്ന സമയത്ത് അവരോടൊപ്പം ഗുണകരമായ രീതിയില്‍ സമയം ചെലവഴിക്കണം. ആ സമയം നിങ്ങളുടെ മറ്റു ബാധ്യതകളും തൊഴില്‍പരമായ കാര്യങ്ങളും മാറ്റിവെക്കണം. ഏറ്റവും പ്രധാനമായി ഫോണ്‍ ഉപയോഗം വേണ്ടെന്നുവെക്കണം. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ വന്നിട്ട് മുഴുവന്‍ സമയം ഫോണിലാണെങ്കില് അത് കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുകയേയുള്ളൂ.
ഫിസിക്കല്‍ ടച്ചാണ് സ്നേഹത്തിന്റെ മറ്റൊരു ഭാഷയായി പറയപ്പെടുന്നത്. സ്നേഹത്തോടെയുള്ള, അടുപ്പത്തോടെയുള്ള സ്പര്ശനങ്ങള് പലപ്പോഴും ആളുകള്‍ക്ക് വളരെ ഇഷ്ടമാണ്. ഇഷ്ടപ്പെടുന്നവരുടെ അടുത്തിരിക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ ആഗ്രഹമുള്ളവരാണ് ഭൂരിഭാഗം പേരും. സ്നേഹത്തോടെയുള്ള ഒരു ചേര്‍ത്തുനിര്‍ത്തലോ ആലിംഗനമോ ആരാണ് ആഗ്രഹിക്കാത്തത്. കൈയില്‍ പിടിച്ചുകൊണ്ടോ, തോളില്‍ തട്ടിയോ സംസാരിക്കുന്നതു പോലും നമ്മുടെ സ്നേഹവും പരിഗണനയും കെയറിങും പ്രതിഫലിപ്പിക്കുന്നു.
സ്നേഹം ഇങ്ങനെ പലരീതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയും. ഇതില്‍ നിങ്ങള്‍ക്ക് അനുയോജ്യവും കംഫര്‍ട്ടബിളുമായ രീതി ഏതെന്നു കണ്ടെത്തി ആ രീതിയില്‍ നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക. നിങ്ങളുടെ ലൗ ലാംഗ്വേജ് ഏതാണെന്നു മനസ്സിലാക്കാം എന്നു മാത്രമല്ല സ്നേഹമൊക്കെയുണ്ട്, പക്ഷേ പ്രകടിപ്പിക്കാനറിയില്ല എന്നുള്ള പരാതികളും ഇല്ലാതാകും. കൂടുതല്‍ ഈടുള്ള, ശക്തമായ ബന്ധങ്ങള്‍ നിലനിര്‍ത്താനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.