ലൈഫ് സ്കില്‍ - 5 ആശയവിനിമയ ശേഷി
text_fieldsആശയവിനിമയത്തിലെ പോരായ്മ വ്യക്തിയുടെ എല്ലാ മേഖലയെയും ബാധിക്കും. പുതിയ കാലത്ത് ഈ കഴിവിനെ മാത്രം ആശ്രയിച്ചാണ് പല ജോലികള്‍ പോലും ഉള്ളത്. ഫലവത്തല്ലാത്ത ആശയവിനിമയം വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഒരുപോലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സാമൂഹികപരമായ എല്ലാ അവസ്ഥകളിലും ആശയവിനിമയം അവശ്യഘടകമാണ്.
എന്താണ് ആശയവിനിമയ ശേഷി ?
മറ്റുള്ളവര്‍ക്കു മുന്പില് വ്യക്തമായും കൃത്യമായും അടുക്കോടെയും ചിട്ടയോടെയും കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവിനെയാണ് ഫലപ്രദമായ ആശയവിനിമയ ശേഷി എന്നു പറയുന്നത്.
ഫലപ്രദമായ ആശയവിനിമയം എന്തിന് ?
1. നമുക്ക് മറ്റുള്ളവരോട് പറയാനുള്ളത് വ്യക്തമായി പറയാന്‍
2. മറ്റുള്ളവര്‍ പറയുന്നത് കൃത്യമായി മനസ്സിലാക്കാന്‍
3. വ്യക്തിബന്ധങ്ങള്‍ വളര്‍ത്താന്‍
4. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെയും ചിന്തകളെയും ഉള്‍ക്കൊള്ളാന്‍
5. ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍
6. ഗ്രൂപ്പുകള്‍ക്കകത്തും ഗ്രൂപ്പുകള്‍ തമ്മിലുമുള്ള ആശയവിനിമയത്തിന്
ആശയവിനിമയത്തിനുള്ള ശേഷി വികസിപ്പിച്ചെടുക്കേണ്ട ഒന്നാണ്. മറ്റേത് കാര്യവും പോലെതന്നെ ചിലര്‍ ആശയവിനിമയത്തെ എളുപ്പം കൈപ്പിടിയിലൊതുക്കുന്നു. എന്നാല്‍ എല്ലാവര്ക്കും അത്ര എളുപ്പത്തില്‍ സാധ്യമായെന്നും വരില്ല. എങ്കിലും ശ്രമിച്ചാല്‍ ഹൃദ്യമായ രീതിയില്‍ മികച്ച ആശയ വിനിമയം രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല.
ഫലപ്രദമായ ആശയവിനിമയത്തിന് ആവശ്യമായ കാര്യങ്ങള്‍
1. ബന്ധങ്ങള്‍ സ്ഥാപിക്കുക (Rapport Building)
ആശയവിനിമയം നടത്തുന്നയാളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ആശയവിനിമയം എളുപ്പവും അനായാസവുമായി മാറും. മറ്റെയാളുടെ താല്പര്യങ്ങള് മനസ്സിലാക്കി ആശയവിനിമയം നടത്താന്‍ ഇത് സഹായിക്കും.
2. ചോദ്യങ്ങള്‍ ചോദിക്കുക (Asking Questions)
വ്യക്തമാകാത്ത കാര്യങ്ങളെ സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ മടി തോന്നേണ്ട കാര്യമില്ല. ആശയവിനിമയത്തിനിടയില്‍ ചോദ്യങ്ങളുണ്ടാവുന്നത് ആശയവിനിമയത്തിന് വ്യക്തത നല്കുമെന്നു മാത്രമല്ല അതില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രചോദനമാവുകയും ചെയ്യും.
3. ശ്രദ്ധ (Attention)
ആശയവിനിമയം നടത്തുന്നയാള്‍ക്ക് ശരിയായ ശ്രദ്ധ നല്‍കുക. മറ്റുള്ളവര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നില്ലെങ്കില്‍ പറയുന്നയാള്‍ക്ക് അതില്‍ താല്പര്യം നഷ്ടപ്പെടും.
4. ആത്മാര്‍ത്ഥത (Genuineness)
ആശയവിനിമയത്തിനിടയില്‍ നല്കുന്ന ആംഗ്യവിക്ഷേപങ്ങളും മറുപടികളും ആത്മാര്‍ത്ഥമായിരിക്കുക. ആശയവിനിമയം നടത്തുന്നയാളെ പ്രീതിപ്പെടുത്താന്‍ തെറ്റായ ആംഗ്യങ്ങളോ ശബ്ദങ്ങളോ ഉണ്ടാക്കരുത്.
5. ഉറപ്പിക്കല്‍ (Reassurance)
നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മറ്റയാളുടെ വികാരങ്ങള്‍ക്ക് പരിഗണന നല്‍കുന്നുണ്ടെന്നും ഉറപ്പുനല്‍കുന്ന രീതിയില്‍ പെരുമാറുക.
6. സൂക്ഷ്മ സംവേദനക്ഷമത (Sensitivity)
സംസാരിക്കുന്നയാളുടെ വികാരങ്ങളും ചിന്തകളും ഉള്‍ക്കൊണ്ടുകൊണ്ട് പ്രതികരിക്കുക.
സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
1. വേഗത്തില്‍ സംസാരിച്ചാല്‍ കേള്‍ക്കുന്നവര്‍ക്ക് പൂര്‍ണ്ണമായും മനസ്സിലായെന്നുവരില്ല. അതിനാല്‍ മിതമായ വേഗത്തിലും സ്പഷ്ടമായും സംസാരിക്കുക.
2. മറ്റെവിടെയെങ്കിലും നോക്കി സംസാരിക്കരുത്. സംസാരിക്കുമ്പോള്‍ എതിര്‍വശത്തുള്ളയാളുടെ മുഖത്തുനോക്കി സംസാരിക്കുക. ഒരു കൂട്ടം ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴും ഇപ്രകാരം എല്ലാവരുടെയും മുഖത്ത് മാറിമാറി നോക്കുക. ഭിത്തിയിലോ നിലത്തോ നോക്കി സംസാരിക്കുന്ന രീതി ഒഴിവാക്കുക.
3. ശബ്ദവിന്യാസം കൃത്യമായിരിക്കുക. ഉച്ചത്തിലുള്ളതും ഉറച്ചതുമായിരിക്കണം ശബ്ദം. ശബ്ദക്രമീകരണം കൃത്യമല്ലെങ്കില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയില്ല.
4. സംസാരത്തിന് തുടര്‍ച്ചയുണ്ടാകുക. പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങള്‍ വിട്ടുപോയി മറ്റൊന്നു പറയുന്ന അവസ്ഥയുണ്ടാവാതെ ശ്രദ്ധിക്കുക.
കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ശ്രദ്ധിച്ചു കേള്‍ക്കാന്‍ കഴിയുക എന്നത് വളരെ വലിയ കഴിവാണ്. എല്ലാവര്ക്കും അതിനുള്ള ക്ഷമയോ സഹിഷ്ണുതയോ ഉണ്ടാവാറില്ല. പലപ്പോഴും സമാധാനത്തോടെ ഇരുന്ന് കേള്‍ക്കാന്‍ കഴിയുന്ന ഒരാളുണ്ടെങ്കില്‍ തീരുന്നതാണ് പലരുടെയും സങ്കടങ്ങള്‍. നല്ല ശ്രോതാവാകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. പൂര്‍ണ ശ്രദ്ധയോടെ കേള്‍ക്കുക.
2. കേട്ടുകൊണ്ടിരിക്കുന്ന വിഷയത്തില്‍ ആത്മാര്‍ത്ഥമായ താല്പര്യം ഉണ്ടാകുക.
3. കേള്‍ക്കുന്നതിനിടയില്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കരുത്. അത് ശ്രദ്ധയെ വഴിതിരിച്ചുവിട്ട് കേട്ടുകൊണ്ടിരുന്ന കാര്യത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടുത്തുന്നു.
4. സംസാരിക്കുന്നയാളുടെ കണ്ണുകളിലേക്കു നോക്കുകയും ശരീരഭാഷ ശ്രദ്ധിക്കുകയും ചെയ്യുക.
5. വൈകാരികമായി ഇടപെടാതിരിക്കുക
6. ആവശ്യമെങ്കില്‍ ഇടയ്ക്കിടെ ഫീഡ് ബാക്കുകള്‍ നല്‍കുക.
7. പറഞ്ഞുതീര്‍ക്കാന്‍ അനുവദിച്ച ശേഷം മാത്രം പ്രതികരണത്തിന് മുതിരുക.
8. എങ്ങനെ പറയുന്നു എന്നതിനേക്കാള്‍ എന്തു പറയുന്നു എന്നതിന് പ്രാധാന്യം കൊടുക്കുക.
ആശയവിനിമയശേഷി വളര്‍ത്തിയെടുക്കാന്‍
1. ആശയവിനിമയം നടത്തുന്നതിനു മുമ്പ് തയ്യാറെടുപ്പ് നടത്തുക.
2. സംസാരിക്കാന്‍ പോകുന്ന വിഷയത്തെക്കുറിച്ച് മനസ്സിലാക്കിവെക്കുക.
3. കേള്‍ക്കുന്നയാളുടെ ചിന്തകളെയും വികാരങ്ങളെയും പരിഗണിക്കുക.
4. ഐ കോണ്ടാക്ട്, ആംഗ്യങ്ങള്‍, ശരീരഭാഷ, മുഖഭാവം എന്നിവ ശ്രദ്ധിക്കുക.
5. കൃത്യമായ ഫീഡ്ബാക്ക് കൊടുക്കുക. 6. ശ്രദ്ധിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുക.
7. ആശയവിനിമയത്തിന് തുടര്‍ച്ചയുണ്ടാകുക.
8. കൃത്യവും വ്യക്തവും സ്പഷ്ടവുമായിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.