ലൈഫ് സ്കില്‍ -2; തീരുമാനമെടുക്കാനുള്ള കഴിവ്
text_fieldsഓരോ ദിവസവും നമുക്ക് ചെറുതും വലുതുമായ നിരവധി തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നു. ഏതു വസ്ത്രം ധരിക്കണം, എന്തു ഭക്ഷണം കഴിക്കണം, ഏതു റൂട്ടില്‍ യാത്ര ചെയ്യണം എന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ യാതൊരു പ്രയാസവുമില്ലാതെ നാം തീരിമാനിക്കാറുണ്ട്. എന്നാല്‍ അത്രമേല്‍ എളുപ്പത്തില്‍ ഏതു കോളജില്‍ പഠിക്കണം, ഏതു കോഴ്സിനു ചേരണം, ആരെ വിവാഹം കഴിക്കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയില്ല. കാര്യങ്ങളുടെ ഗൗരവമനുസരിച്ച്, വരും വരായ്കകള്‍ ആലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. ഒന്നിലധികം ഓപ്ഷനുകള്‍ ഉണ്ടാകുമ്പോള്‍ അവയില്‍ ഏറ്റവും അനുയോജ്യമായത് ഏതെന്ന് കണ്ടെത്തി തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് തീരുമാനമെടുക്കല്‍. ഇത് എല്ലായ്പ്പോഴും എളുപ്പമുള്ള കാര്യമല്ല.
ജീവിതനൈപുണികളില് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉചിതമായ തീരുമാനമെടുക്കല്‍. തീരുമാനം കാര്യഗൗരവത്തോടെ എടുക്കുകയും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്വയം വഹിക്കാന്‍ തയ്യാറാവുകയും വേണം. തീരുമാനമെടുക്കലിന്റെ ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിക്കണം. തെറ്റെന്നു തോന്നിയാല്‍ പുന:പരിശോധിക്കണം. മറ്റുള്ളവര്‍ ഇത്തരമൊരു ഘട്ടത്തില്‍ എപ്രകാരമാണ് തീരുമാനമെടുത്തത് എന്ന് വായിക്കുകയും അന്വേഷിച്ചറിയുകയും ചെയ്യുന്നത് നല്ലതാണ്. തീരുമാനമെടുക്കലിന്റെ പ്രധാന വെല്ലുവിളി അനിശ്ചിതത്വമാണ്. എന്നാല്‍ ആ അനിശ്ചിതത്വത്തെ മറികടക്കലാണ് തീരുമാനമെടുക്കലിന്റെ ലക്ഷ്യവും.
ആവശ്യമുള്ള സമയത്ത് നന്നായി ആലോചിച്ച് കൃത്യമായി എടുക്കുന്ന തീരുമാനങ്ങള്‍ വിജയത്തിലേക്കു നയിക്കും. ഒരു കാര്യത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കിയ ശേഷം തീരുമാനമെടുക്കാന്‍ കഴിയില്ല. പൂര്‍ണ്ണമായ വിവരശേഖരണം അനാവശ്യമായി തീരുമാനം വൈകിപ്പിക്കുക മാത്രമേ ചെയ്യൂ. പരമാവധി കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനും അതിനനുസരിച്ച് തീരുമാനമെടുക്കാനും ശ്രമിക്കുകയാണ് വേണ്ടത്.
ഒരു കാര്യത്തിന് ഒരു പരിഹാരമേയുള്ളൂ എന്നു വിചാരിച്ച് അത് കിട്ടുന്നതു വരെ താമസിപ്പിക്കരുത്. പലപ്പോഴും ഒന്നിലധികം സാധ്യതകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് കണ്ടെത്തി ഉപയോഗിക്കണം. ധൃതി പിടിച്ച് തീരുമാനമെടുക്കേണ്ട കാര്യമില്ല. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നീട്ടിക്കൊണ്ടുപോകരുത്. എന്തെങ്കിലും വാങ്ങുന്ന കാര്യത്തിലൊക്കെ ഇപ്രകാരം നീട്ടിക്കൊണ്ടുപോകുന്നത് സാമ്പത്തികമായി നഷ്ടമുണ്ടാക്കും. തീരുമാനങ്ങള്‍ വൈകിക്കുന്നതോ തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതോ ആയിരിക്കും പലപ്പോഴും ഒരാളുടെ പരാജയത്തിന് നിദാനമാകുന്നത്. എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും ഒരു നല്ല തീരുമാനത്തിന്റെ പിന്‍ബലമുണ്ടായിരിക്കും.
തീരുമാനമെടുക്കലിന് ആവശ്യമായ കഴിവുകള്‍
1. സഹജാവബോധം
2. ദീര്‍ഘദൃഷ്ടി
3. വിമര്‍ശനാത്മക ചിന്ത
4. വൈകാരിക ബുദ്ധി
5. ആത്മനിയന്ത്രണം
മൂന്നു തരത്തിലുള്ള തീരുമാനങ്ങളാണ് പൊതുവെ നമുക്ക് എടുക്കേണ്ടിവരുന്നത്.
1. വേണമോ വേണ്ടയോ എന്ന തീരുമാനം
പലപ്പോഴും പലതും നാം വാങ്ങുന്നത് ആവശ്യമുണ്ടായിട്ടായിരിക്കില്ല. അതിനാല്‍ ഒരു സാധനം വാങ്ങുന്നതിന് മുമ്പ് അത് നമുക്ക് ആവശ്യമുള്ളതാണോ അല്ലാത്തതാണോ എന്ന് മനസ്സിലാക്കുക. അത്തരം സാഹചര്യങ്ങളിലാണ് ഈ രീതിയിലുള്ള തീരുമാനമെടുക്കല്‍ ആവശ്യമായി വരുന്നത്. വേണമോ വേണ്ടയോ എന്ന് നന്നായി ആലോചിച്ചു തീരുമാനിക്കുക.
2. ഏതു വേണം എന്നു തീരുമാനിക്കല്‍
വേണമോ വേണ്ടയോ എന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ഏതു വേണം എന്നു തീരുമാനിക്കണം. അതിന് ഏതാണ് നല്ലതെന്ന് അറിയണം.
3. അനിശ്ചിതത്വമുള്ള തീരുമാനങ്ങള്‍
നേരത്തേ തീരുമാനിച്ച കാര്യം എന്തെങ്കിലും കാരണത്താല്‍ മാറ്റുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടിവരുന്ന അവസ്ഥയാണിത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെ തീരുമാനമെടുക്കല്‍ പ്രയാസകരമായിരിക്കും.
മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍
1. സമ്മര്‍ദ്ദങ്ങള്‍ കുറക്കുന്നു.
2. മൂല്യബോധം വര്‍ധിപ്പിക്കുന്നു.
3. ആത്മവിശ്വാസം നല്കുന്നു.
4. അറിവും അനുഭവവും വര്‍ധിക്കുന്നു.
5. ആകുലതകളില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുന്നു.
6. ബന്ധങ്ങള്‍ ആയാസരഹിതമാക്കുന്നു.
7. ഭാവിയിലേക്ക് വ്യക്തമായ ആസൂത്രണം നടത്താന്‍ കഴിയുന്നു.
പ്രശ്ന പരിഹാരവും തീരുമാനമെടുക്കലും തമ്മിലുള്ള വ്യത്യാസം
പ്രത്യക്ഷത്തില്‍ ഇവ രണ്ടും ഒന്നാണെന്ന് തോന്നുമെങ്കിലും രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. പ്രശ്ന പരിഹരണം വേണ്ടിവരുന്നത് നിങ്ങളുടെ ജീവിതത്തില്‍ അടിയന്തിരമായ സാഹചര്യങ്ങളുണ്ടാകുമ്പോഴാണ്. അത് പരിഹരിക്കാതെ മുന്നോട്ടു പോകാന്‍ കഴിയാത്തവിധം സമ്മര്ദ്ദാവസ്ഥയുമുണ്ടായേക്കാം. എന്നാല്‍ നിലവിലെ അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകാന്‍ വേണ്ടിയാണ് പലപ്പോഴും നമുക്ക് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നത്.
അത് നിര്‍ബന്ധിത സാഹചര്യമായിരിക്കണമെന്നില്ല. തീരുമാനമെടുത്താല്‍ കുറച്ചുകൂടി പുരോഗതിയുണ്ടായേക്കും എന്നു മാത്രം. എന്നാല്‍ പ്രശ്ന പരിഹാരം തീര്‍ത്തും അടിയന്തിരമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.