ആഗ്രഹിക്കുന്നതെല്ലാം ജീവിതത്തിലേക്ക് കൊണ്ടുവരാം!
text_fieldsജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാന്‍ നമ്മെ സഹായിക്കുന്ന ടെക്നിക്കാണ് മാനിഫെസ്റ്റേഷന്. ലോ ഓഫ് മാനിഫെസ്റ്റേഷന് ടെക്നിക് ഉപയോഗിച്ച് നമ്മുടെ ജീവിതത്തിലെ ആഗ്രഹത്തിനനുരിച്ച് രൂപപ്പെടുത്താന്‍ സാധിക്കും. വ്യക്തമായി പറഞ്ഞാല്‍ എന്തിനെക്കുറിച്ചാണോ നിങ്ങള്‍ എപ്പോഴും കൂടുതലായി ചിന്തിക്കുന്നത്, എന്തുകാര്യത്തിലാണ് എപ്പോഴും ഫോക്കസ് ചെയ്യുന്നത് അറിഞ്ഞോ അറിയാതെയോ അത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറും. സീക്രട്ട് എന്ന പുസ്തകത്തില്‍ റോണ്ട ബൈര്ണ് പറയുന്നത് ഈ നിയമത്തിന് പ്രപഞ്ചത്തോളം തന്നെ പഴക്കമുണ്ട് എന്നാണ്. പക്ഷേ അന്നുമുതല്‍ ഇക്കാലം വരെ ഈ രഹസ്യം വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. ഇതറിഞ്ഞവരും മനസിലാക്കിയവരും അത് പഠിക്കുകയും തങ്ങളുടെ നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ആകര്‍ഷണ നിയമത്തിന്റെ അപാരശക്തിയെക്കുറിച്ച് മനസിലാക്കാന്‍ രണ്ട് കാര്യങ്ങളെക്കുറിച്ച് മാത്രം മനസിലാക്കിയാല്‍ മതി. നമ്മുടെ മനസിന്റെയും ചിന്തകളുടെയും ശക്തിയെക്കുറിച്ച്. ലോകത്തെ ഏറ്റവും ശക്തമായ കാന്തമാണ് മനുഷ്യ മനസ്സ്. ശക്തമായ വലയങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് മനസിനുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വളരെ ശക്തമായി ഇത് ആകര്‍ഷിക്കും. നിങ്ങളാണ് ലോകത്തിലെ ഏറ്റവും ശക്തമായ കാന്തമെന്ന് മനസിനെ പറഞ്ഞ് പഠിപ്പിക്കുക. ഈ കാന്തശക്തി പ്രകൃതിയിലേക്ക് പ്രസരിപ്പിക്കുന്നത് നിങ്ങളുടെ ചിന്തകളിലൂടെയാണ്. ഓരോ ചിന്തയും വ്യത്യസ്ത ഫ്രീക്വന്‍സിയിലാണ് വൈബ്രേറ്റ് ചെയ്യുന്നത്. നിങ്ങള്‍ എന്തിനെക്കുറിച്ചാണ് ചിന്തിക്കുന്നത്, ചിന്തിക്കുന്ന സമയത്ത് ഒരു പ്രത്യേക തരംഗമായി പ്രകൃതിയിലേക്ക് പോകുന്നു. ഒരു കാര്യം കുറച്ചുനേരം ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ചിന്തകളുടെ ഫ്രീക്വന്സിക്ക് തുല്യമായ ഫ്രീക്വന്സിയോടു കൂടിയ സാഹചര്യങ്ങളെ, വസ്തുക്കളെ, വ്യക്തികളെ നമ്മിലേക്ക് അറിഞ്ഞോ അറിയാതെ ആകര്‍ഷിക്കുന്നു. അതായത് നിങ്ങളുടെ ചിന്തകള്‍ക്ക് അനുകൂലമായതിനെ നിങ്ങള്‍ ആകര്‍ഷിക്കും. നമ്മുടെ മുന്ചിന്തകളാണ് ഇപ്പോഴത്തെ ഈ ജീവിതത്തിന് കാരണമായിട്ടുള്ളത്. നല്ല ചിന്തകളാണ് എപ്പോഴും മനസിലുണ്ടായിരുന്നതെങ്കില്‍ നമ്മുടെ ജീവിതം നല്ല കാര്യങ്ങളെ ആകര്‍ഷിക്കും. മോശം ചിന്തകളാണെങ്കില്‍ മോശമായ അവസ്ഥയിലേക്ക് പോകുകയും ചെയ്യും.
ആകര്‍ഷണ നിയമം പ്രകൃതിയുടെ നിയമമാണ്. ഇതിന് വ്യവസ്ഥാപിതമായ താല്പര്യമോ പക്ഷപാതമോ ഇല്ല. ഒന്നുമനസുവെച്ചാല്‍ ആര്‍ക്കും ഇതിനെ നന്നായി പ്രയോജനപ്പെടുത്താം. നമുക്കുവേണ്ട സമ്പത്ത്, നേട്ടങ്ങള്‍, ആഗ്രഹിക്കുന്ന നല്ല ബന്ധങ്ങള്‍, കരിയറിലെ നേട്ടങ്ങള്‍ എല്ലാം ഈ നിയമത്തിലൂടെ ആകര്‍ഷിച്ചെടുക്കാന്‍ കഴിയും. അതിന് ആവശ്യമായ ഫ്രീക്വന്‍സി നമ്മുടെ ചിന്തകളിലൂടെ ഉണ്ടാക്കണമെന്നുമാത്രം. പ്രകൃതിയില്‍ ഏറ്റവുമധികം ഫ്രീക്വന്‍സിയുള്ള തരംഗം പുറപ്പെടുവിക്കുന്ന വികാരം സ്നേഹമാണ്. ഒരാളെക്കുറിച്ച് നമ്മള് മോശമായി ചിന്തിക്കുമ്പോള്‍ നമ്മളെയാണത് ബാധിക്കുന്നത്. ആ ഒരു ചിന്തകൊണ്ട് മാത്രം നെഗറ്റീവായ സംഭവങ്ങള്‍, സാഹചര്യങ്ങള്‍ നമ്മളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് നിയമം പറയുന്നത്.
മാനിഫെസ്റ്റേഷനില്‍ നാല് രഹസ്യങ്ങളുണ്ട്. അവ ഇപ്രകാരമാണ്, ചോദിക്കുക (ask), വിശ്വസിക്കുക (believe), ഇന്‍സ്പെയേര്‍ഡ് ആക്ഷന്‍, സ്വീകരിക്കുക (receive). ഇതില്‍ ആദ്യത്തെ പടി ചോദിക്കുകയെന്നതാണ്. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാവണം. പ്രപഞ്ചത്തോട് അത് ചോദിക്കുക. അത് പൂര്‍ണമായും എനിക്ക് ലഭിക്കും എന്ന വിശ്വാസം വേണം, അതില്‍ സംശയം പാടില്ല. ഏറ്റവും പ്രധാനപ്പെട്ട സ്റ്റെപ്പാണ് മൂന്നാമത്തേത്. പ്രവൃത്തിയില്ലാതെ ഒരു ഫലവും ലഭിക്കില്ലയെന്ന സാമാന്യബോധമാണത്. ഒരു കാര്യത്തിനുവേണ്ടി പ്രയത്നിച്ചാലേ ഫലം ലഭിക്കൂ. നാലാമതായി, ഒരിക്കല്‍ ലോ ഓഫ് മാനിഫെസ്റ്റേഷനിലൂടെ ആഗ്രഹിച്ചത് ലഭിച്ചുവെന്ന് തന്നെ വിശ്വസിക്കണം. ആഗ്രഹിച്ച കാര്യങ്ങള്‍ കിട്ടുമ്പോഴുള്ള സന്തോഷത്തിന്റെ ഫ്രീക്വന്സിയിലായിരിക്കണം എപ്പോഴും. ഈ നാല് സ്റ്റെപ്പിലൂടെ കടന്നുപോയിട്ടും മനസ് പോസിറ്റീവായി നിലനിര്‍ത്തുകയും നല്ല കാര്യങ്ങള്‍ ചിന്തിക്കുകയുമൊക്കെ ചെയ്തിട്ടും റിസള്‍ട്ട് വളരെ പെട്ടെന്ന് തന്നെ കിട്ടണമെന്നില്ല. അപ്പോഴും റിസള്‍ട്ടിനെക്കുറിച്ച് ആശങ്കപ്പെടാതെ ക്ഷമയോടെ കാത്തിരിക്കണം. റിസള്‍ട്ട് തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും. അതിനുളള പ്രാക്ടീസ് തുടരണമെന്നുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.