Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightമാനസികാരോഗ്യം...

മാനസികാരോഗ്യം എല്ലാവർക്കും

text_fields
bookmark_border
മാനസികാരോഗ്യം എല്ലാവർക്കും
cancel

ലോകം അവിശ്വസനീയമായ വേഗത്തിലാണ് നീങ്ങുന്നത്, കൂടെ നമ്മളും! എല്ലാം മാറിക്കൊണ്ടിരിക്കുകയും അതിവേഗം മാറുകയും ചെയ്യുന്ന സാഹചര്യത്തിലും, ഒരു രാജ്യത്തിന്റെ മാനസികാരോഗ്യ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു.

നമ്മുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റേണ്ടതിന്റെ ആവശ്യകതയും സമൂഹത്തിൽ നമ്മുടെ ഉയർച്ചയുടെ നിലനിൽപ്പിനായി ചുമത്തപ്പെടുന്ന സമ്മർദ്ദവും നമ്മെ അത്യധികം ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്. പലപ്പോഴും വലുതോ, മെച്ചപ്പെട്ടതോ, മികച്ചതോ ആയ എന്തെങ്കിലും നമ്മൾ തേടിക്കൊണ്ടേയിരിക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങൾ നമ്മുടെ ലോകവീക്ഷണത്തെയും ജീവിത കാഴ്ചപ്പാടുകളേയും മാറ്റിയിരിക്കുകയാണ്.

കോവിഡ്-19 മഹാമാരിയുടെ ആഘാതം ലോകത്തെ സ്തംഭിപ്പിച്ചപ്പോൾ ജീവിതത്തിൽ നമ്മൾ പഠിച്ചതും പരിശ്രമിച്ചതും എല്ലാം വ്യത്യസ്തമായ ഒരു വഴിത്തിരിവിൽ എത്തിനിൽക്കുന്ന സാഹചര്യം മുന്നിൽകണ്ടു. നമ്മളിൽ പലരും ജീവിതത്തിൽ വേഗത കുറക്കാനും പരസ്പരം കേൾക്കാനും കരയാനും തുടങ്ങി. അന്ധകാരത്തിന്റെ മറവിയിൽ നിന്ന് പതിയെ ഉണർന്ന് സംസാരിക്കാനും ചിന്തിക്കാനും തുടങ്ങി. നമ്മൾ ഏറ്റവും നിസ്സഹായരും എന്നാൽ ചിലപ്പോഴൊക്കെ പ്രതീക്ഷയുള്ളവരുമായി തുടങ്ങി.

അതോടൊപ്പം ആഗോളതലത്തിൽ മാനസികാരോഗ്യ നിലയും രോഗങ്ങളും ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് നീങ്ങിയത്. ഏഴ് ബില്ല്യണിലധികം ജനസംഖ്യയുള്ള ലോകത്ത്, 10 ഇൽ ഒരാൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ്. വികസ്വര രാജ്യങ്ങളിൽ, 75% ൽ അധികം ആളുകൾക്കും ഇപ്പോഴും ഒരു തരത്തിലുമുള്ള മാനസികാരോഗ്യ സേവനങ്ങളും ലഭിക്കാതെ പോകുന്നു എന്നതാണ് വാസ്തവം.

കോവിഡ് 19 നു ശേഷം വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗാവസ്ഥ 25% ഇൽ കൂടുതൽ ഉയർന്നതായാണ് കണക്കുകൾ പറയുന്നത്.

ഒരു സമൂഹത്തിന്റെ മാനസികാരോഗ്യ സംരക്ഷണത്തിന് സർക്കാർ തലത്തിലുള്ള നയങ്ങളും മാറ്റങ്ങളും മുൻനിരയിൽ വരേണ്ടതാണ്. ഗുണനിലവാരമുള്ള മാനസികാരോഗ്യ സേവനങ്ങളും ചികിത്സാസൗകര്യങ്ങളും ഉറപ്പു വരുത്തുക, മാനസിക രോഗ സാധ്യത കുറക്കുന്ന പ്രതിരോധ നടപടികൾ എടുക്കുക, സാമൂഹിക ഉൾപ്പെടുത്തൽ നയങ്ങൾ പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന പൗരന്മാർക്കും കുടുംബങ്ങൾക്കും പിന്തുണാ നടപടികൾ നൽകുക, സ്കൂൾ കോളജ് തലത്തിൽ തന്നെ ബോധവൽക്കരണ പരിപാടികൾ നടത്തുക, മാനസികാരോഗ്യ സാക്ഷരതാ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ എടുക്കുക തുടങ്ങിയവയെല്ലാം അനിവാര്യമാണ്.

ഇതിനോടൊപ്പം ലൈഫ്‌സ്‌പാൻ ഇന്റർവെൻഷൻസ് അഥവാ ജീവിതകാലയളവിലെ ഗർഭം, ജനനം, കുട്ടിക്കാലം, കൗമാരപ്രായം, പ്രായപൂർത്തിയായവർ, മുതിർന്നവർ തുടങ്ങി ഓരോ ഘട്ടത്തിലും നൽകേണ്ട മാനസിക - ശാരീരിക പിന്തുണകൾ ഒരു മുതൽക്കൂട്ടായി കണക്കാക്കാവുന്നതാണ്. മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കെതിരെയുള്ള വിവേചനം പരിഹരിക്കുന്നതിനും ഒരു സമൂഹം എന്ന നിലയിൽ ഒറ്റക്കെട്ടായി പൊരുതേണ്ടതാണ്.

കോവിഡ് മഹാമാരി വന്നപ്പോൾ ഒറ്റക്കെട്ടായി ആരോഗ്യമേഖല നിലനിന്നത് തികച്ചും പ്രശംസനീയം തന്നെയാണ്. എന്നിരുന്നാലും, ഓരോ രാജ്യവും മാനസിക-ശാരീരികാരോഗ്യ പ്രതിസന്ധികളെ കാര്യക്ഷമമായി അതിജീവിക്കാനോ നേരിടാനോ തയ്യാറായിട്ടില്ല എന്നത് ദുർബലവുമായ ആരോഗ്യ സംരക്ഷണ​ത്തെ ചൂണ്ടികാണിക്കുന്നു.

ഈ വർഷത്തെ മാനസികാരോഗ്യ ദിന പ്രമേയം 'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുൻഗണനയാക്കുക' എന്നതാണ്. ഈ ഒരവസരത്തിൽ നമ്മൾ ഓർക്കേണ്ട സന്ദേശം മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെ തന്നെ ഏറ്റവുമധികം മുൻ‌തൂക്കം കൊടുക്കേണ്ട ഒന്നാണ് എന്നതാണ്. നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലും മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അനുയോജ്യമായ മാനസികാരോഗ്യ ചികിത്സാ സഹായങ്ങളും സേവനങ്ങളും തേടേണ്ടതാണ്.

ഈ വർഷ മാനസികാരോഗ്യ ദിനത്തിൽ, നമുക്കെല്ലാവർക്കും ഒത്തുചേരാം, ശബ്ദം ഉയർത്താം, ലോകത്തെ സുഖപ്പെടുത്താൻ!

(Clinical Psychologist PSCHY, Centre for Psychosocial & Rehabilitation Services Vellimadukunnu Calicut)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mental health
News Summary - Mental health is for everyone
Next Story