ഒരു പിഞ്ചുകുഞ്ഞ് കൂടി കൊല്ലപ്പെട്ടിരിക്കുന്നു.. ഇനിയും അത് സംഭവിക്കാതിരിക്കാൻ
text_fieldsകോഴിക്കോട്: പ്രസവത്തെ തുടർന്നുള്ള മാനസികാസ്വാസ്ഥ്യം മൂലം മാതാക്കൾ നടത്തുന്ന കൊലപാതകങ്ങളുടെ എണ്ണം അടുത്തകാലത്തായി വർധിച്ചുവരികയാണ്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം മറ്റൊരു പിഞ്ചുകുഞ്ഞ് കൂടി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞ് കരഞ്ഞതിന്റെ ദേഷ്യത്തില്‍ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. ഈ സാഹചര്യത്തിൽ, പ്രസവശേഷം സ്ത്രീകൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കവും അതിനുള്ള പരിഹാരവും ചർച്ചചെയ്യുകയാണ് പ്രമുഖ സൈക്കോളജിസ്റ്റും മൈൻഡ് ട്രൈനറുമായ ഡോ. പി.പി. വിജയൻ. അദ്ദേഹം എഴുതിയ ഫേസ്ബുക് കുറിപ്പ് വായിക്കാം:
ഇനിയും ഇത് സംഭവിക്കാതിരിക്കട്ടെ!
മറ്റൊരു പിഞ്ചുകുഞ്ഞ് കൂടി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞ് കരഞ്ഞതിന്റെ ദേഷ്യത്തില്‍ അമ്മ അതിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് ആവര്‍ത്തിക്കപ്പെടുന്നു?
നമ്മുടെ നാട്ടില്‍ പ്രസവം കഴിഞ്ഞാല്‍ പിന്നെ പരിചരണങ്ങളുടെ ബഹളമാണ്. ബന്ധുക്കളുടെയും അയല്‍ക്കാരുടെയും അഭിപ്രായങ്ങള്‍, ഉപദേശങ്ങള്‍... പ്രസവരക്ഷ എന്നതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നതിന്റെ പകുതി ശ്രദ്ധ അമ്മയുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കാണിക്കുന്നില്ല. ഇന്നത്തെ വാര്‍ത്തയിലെ അമ്മയ്ക്ക് വെറും 24 വയസു മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രസവത്തെ തുടര്‍ന്ന് മാനസിക അസ്വസ്ഥത ഉണ്ടാവുകയും ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതുമാണ്. ഈ സാഹചര്യത്തില്‍ ബന്ധുക്കള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കുകയും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുകയും ചെയ്യേണ്ടതായിരുന്നു.
ഗര്‍ഭിണിയായിയിരിക്കുമ്പോഴും പ്രസവശേഷവും സ്ത്രീയുടെ ശരീരത്തില്‍ വലിയ തോതില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാകുന്നു. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ഹോര്‍മോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്റ്റിറോണിന്റെയും അളവ് ഗര്‍ഭാവസ്ഥയില്‍ വളരെ കൂടുന്നു. എന്നാല്‍ പ്രസവശേഷം അവ കുത്തനെ കുറയുകയും ചെയ്യുന്നു. ഇത് അവളുടെ മാനസികാവസ്ഥയെ ബാധിക്കുന്നു. പ്രസവശേഷം നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും മാനസികപ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. ഇതിനെ പോസ്റ്റ് പാര്‍ട്ട്ം ഡിപ്രഷന്‍ എന്നാണ് വിളിക്കുന്നത്. ഇതിന്റെ തോത് കൂടിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം.
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്റെ ലക്ഷണങ്ങള്‍
$ എപ്പോഴും വിഷമിച്ചിരിക്കുന്നു, കാരണമില്ലാതെ കരയുന്നു, പ്രതീക്ഷ നഷ്ടപ്പെടുന്നു.
$ ഉറക്കക്കുറവ്, ഓര്‍മ്മക്കുറവ്, വിശപ്പില്ലായ്മ
$ പെട്ടെന്ന് ദേഷ്യം വരുന്നു, പൊട്ടിത്തെറിക്കുന്നു.
$ ശാരീരികമായ ബുദ്ധിമുട്ടുകള്‍, കടുത്ത ക്ഷീണം
$ കുഞ്ഞിനെ പരിചരിക്കാനോ പാലൂട്ടാനോ ഉള്ള താല്‍പ്പര്യക്കുറവ്
$ സ്വയം അപകടപ്പെടുത്താനോ കുഞ്ഞിനെ അപകടപ്പെടുത്താനോ ഉള്ള ശ്രമം
ഇത്തരത്തിലൊരു അവസ്ഥ ശ്രദ്ധയില്‍പ്പെട്ടാല്‍ വിദഗ്ധസഹായം തേടാന്‍ മറക്കാതിരിക്കുക. കൃത്യമായ കൗണ്‍സിലിംഗുകളിലൂടെ ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതേയുള്ളു.
ഈ അവസ്ഥ തിരിച്ചറിയാനും മറികടക്കാനും ഭര്‍ത്താവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും പിന്തുണ കൂടിയേ തീരൂ. കുഞ്ഞിന്റെ പരിചരണം അമ്മയുടെ മാത്രം ഉത്തരവാദിത്തമായി കരുതാതെ എല്ലാവരും കൂടെ നില്‍ക്കണം. രാത്രി ഏറെ ഉറക്കമൊഴിയുന്നത് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ കൂടുതല്‍ ഗുരുതരമാക്കാം. അവളെ ഉറങ്ങാന്‍ അനുവദിച്ച് രാത്രിയില്‍ കുഞ്ഞിന്റെ പരിചരണം ഭര്‍ത്താവിനോ അമ്മയ്‌ക്കോ ഏറ്റെടുക്കാം.
ഇപ്പോഴും ഇതേക്കുറിച്ച് കൂടുതല്‍പ്പേര്‍ക്കും ധാരണയില്ലെന്നത് ആശങ്കാജനകമാണ്. അമ്മയുടെ മാനസികാരോഗ്യത്തിന് വികസിത രാജ്യങ്ങള്‍ ഏറെ പ്രാധാന്യം കൊടുക്കുന്നു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നിര്‍ബന്ധമായും പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെക്കേറിച്ചുള്ള ബോധവല്‍ക്കരണം പ്രസവിക്കുന്ന സ്ത്രീക്ക് മാത്രമല്ല, ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും കൂടി കൊടുക്കണം. പ്രസവത്തിനു ശേഷമുള്ള മെഡിക്കല്‍ ചെക്കപ്പുകളില്‍ അമ്മയുടെ മാനസികാരോഗ്യത്തിനും പ്രാധാന്യം കൊടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.