ഇവിടെ ലൈഫ് ഹാപ്പി..
text_fieldsവാർധക്യത്തിലെത്തിയവർക്ക് നമ്മൾ എത്ര കരുതൽ നൽകുന്നുണ്ടാവും? ആ കരുതലിൽ അവർ എത്ര സന്തോഷിക്കുന്നുണ്ടാവും? ഒറ്റപ്പെടുന്ന വാർധക്യത്തിന് കരുതലിന്റെ തണലേകാൻ ഏത് രാജ്യമാണ് മുന്നിലെന്ന് കണ്ടെത്താനായി നടന്ന ഒരു പഠന റിപ്പോർട്ട് ഇതിനെല്ലാം ഉത്തരം കണ്ടെത്തിയിട്ടുണ്ട്.
സിയോ വേൾഡ് മാഗസിനാണ് ലോകത്ത് പ്രായമായവർക്ക് താമസിക്കാൻ ഏറ്റവും അനിയോജ്യമായ സ്ഥലം ഏതാണെന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തിയത്. 199 രാജ്യങ്ങളിലാണ് പഠനം നടന്നത്. പ്രായമായവരുടെ ആവശ്യങ്ങളും അവ നിറവേറുന്ന രീതിയുമടക്കം നിരവധി മാനദണ്ഡങ്ങളുണ്ടായിരുന്നു ഈ പഠനത്തിൽ. നിലവിൽ ലോകത്ത് 60 വയസ്സിനും അതിൽ കുടുതലുമുള്ള 96.20 കോടി ആളുകളുണ്ടെന്നാണ് കണക്ക്. ഇത് 2050ഓടെ 210 കോടി ആയിത്തീരുമെന്നും അനുമാനിക്കുന്നു. ആഗോള ജനസംഖ്യയുടെ 21 ശതമാനത്തിലധികം വരും ഇത്.
സിയോ വേൾഡ് പഠന റിപ്പോർട്ട് പ്രകാരം ലോകത്ത് പ്രായമായവർക്ക് ഏറ്റവും സന്തോഷകരമായി ജീവിക്കാൻ കഴിയുന്ന രാജ്യം മൊണാക്കോ ആണ്. ലിച്ചൻസ്റ്റൈൻ, ലക്സംബർഗ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. അയർലൻഡ് ആണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനം സ്വിറ്റ്സർലൻഡിന്. നോർവേയും സിംഗപ്പൂരും യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലാണ്. ഖത്തർ, യു.എസ്, ഐസ്ലാൻഡ് എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. 145ാം സ്ഥാനത്താണ് ഇന്ത്യ. 167ാം സ്ഥാനത്താണ് പാകിസ്താൻ. നേപ്പാൾ 171ാം സ്ഥാനത്തും.
പ്രായമായവരുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങളായിരുന്നു പഠനത്തിന് ആധാരമാക്കിയത്.
1. ആയുർദൈർഘ്യം
വിവിധ രാജ്യങ്ങളിലെ ശരാശരി ആയുർദൈർഘ്യം വിലയിരുത്തുന്നതായിരുന്നു ഈ ഘട്ടം. അതുകൊണ്ടുതന്നെ പഠനത്തിൽ ഏറ്റവും ബുദ്ധിമുട്ടുണ്ടായ ഘട്ടവും ഇതുതന്നെയാണെന്ന് മാഗസിൻ വ്യക്തമാക്കുന്നു. കാരണം, പല രാജ്യങ്ങളിലും പ്രതികരണങ്ങൾ പല രീതിയിലായിരുന്നു. അവരുടെ ജീവിത ശൈലിയും പ്രായവും തമ്മിൽ ഏറെ ബന്ധവുമുണ്ടായിരുന്നു.
2. ആരോഗ്യ സംരക്ഷണ സൂചിക
വാർധക്യത്തിൽ കഴിയുന്നവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ടായിരുന്നു പഠനത്തിന്റെ മറ്റൊരു ഘട്ടം. പ്രായമായവർക്ക് നൽകുന്ന ആരോഗ്യ സുരക്ഷയും ചികിത്സ പദ്ധതികളുമെല്ലാം ഇവിടെ പഠനവിധേയമായി.
3. സുരക്ഷ സൂചിക
പ്രായമായവരുടെ സുരക്ഷ സംബന്ധിച്ചും പഠനം നടന്നു. ചില രാജ്യങ്ങളിൽ പ്രായമായവർക്ക് മറ്റ് തലമുറയിലുള്ളവർ നൽകുന്ന പരിഗണന അത്ഭുതപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
4. സന്തോഷ സൂചിക
പ്രായമായവർക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന വിഷയങ്ങളും അവരുടെ സന്തോഷത്തിന് കാരണമാകുന്ന കാര്യങ്ങളുമാണ് ഇവിടെ പഠനവിധേയമായത്. ഇതിലൂടെ ഓരോ രാജ്യത്തെയും പ്രായമായവർ എത്രത്തോളം സന്തോഷം അനുഭവിക്കുന്നെന്ന കൃത്യമായ സൂചിക തയാറാക്കി.
5. ജീവിതച്ചെലവ്
ഓരോ രാജ്യത്തെയും ജീവിത ചെലവായിരുന്നു മറ്റൊരു ഘടകം. പ്രായമായവർക്ക് സ്വാഭാവികമായുമുണ്ടാകുന്ന ഒരുപാട് ചിലവുകളുണ്ട്. ആശുപത്രിയും മരുന്നുകളുമടക്കം പല സേവനങ്ങളും ഇവിടെ പഠന വിധേയമാക്കി.
6. വസ്തുവിന്റെ വില
പ്രായമായവർ സ്വാഭാവികമായും സ്ഥിരതാമസത്തിനും മറ്റുമായി സ്ഥലങ്ങളും മറ്റും സ്വന്തമാക്കുന്നത് പരിഗണിച്ചാണ് ഈ വിഷയം പഠനവിധേയമാക്കിയത്.
7. പെൻഷൻ പ്രായം
പെൻഷൻ പ്രായമാണ് മറ്റൊരു ഘടകം. പല രാജ്യങ്ങളിലും വിരമിക്കൽ പ്രായം പല രീതിയിലാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് അവരുടെ പിന്നീടുള്ള ജീവിത രീതികളും ജീവിത ചെലവുകളുമെല്ലാം നീങ്ങുന്നത്.
നമ്മുടെ സമൂഹം ഇനിയും എത്രത്തോളം വളർച്ച പ്രാപിക്കേണ്ടതുണ്ട് എന്ന വിഷയത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഇത്തരത്തിലുള്ള പഠനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.