നാക്കുപിഴ വലിയ പിഴ; പറയാനുദ്ദേശിക്കാത്തത് പറഞ്ഞ് പുലിവാല് പിടിക്കുന്നതിന്റെ കാരണമെന്ത്?
text_fieldsനാം സംസാരിക്കുമ്പോൾ പറയാനുദ്ദേശിച്ചതിന് പകരം മറ്റെന്തോ കയറിവന്ന് സംഗതി സീനായ സന്ദർഭം നമ്മളിൽ പലർക്കുമുണ്ടാകാം. നാം ഉദ്ദേശിച്ചതിന്റെ വിപരീതകാര്യം വരെ ഇങ്ങനെ നാക്കുപിഴയിലൂടെ പുറത്തുവരാം. ഇതെന്തുകൊണ്ട് ? Parapraxis എന്നും Freudian slip എന്നുമെല്ലാം വിളിക്കപ്പെടുന്ന ഈ നാക്കുപിഴ, നമ്മുടെ ആശയവിനിമയത്തിലോ ഓർമശക്തിയിലോ സംഭവിക്കുന്ന ഒരു പിശകാണെന്നാണ് പറയപ്പെടുന്നത്. മനഃശാസ്ത്ര പ്രതിഭ സിഗ്മണ്ട് ഫ്രോയിഡിന്റെ അഭിപ്രായത്തിൽ, സ്ലിപ് ഓഫ് ടംഗ് (നാക്കുപിഴ) ആയി പുറത്തുവരുന്നത് നമ്മുടെ ഉള്ളിൽ അടക്കിപ്പിടിച്ച ആഗ്രഹങ്ങളാണെന്നാണ്. മനസ്സിന്റെ recency effect കാരണമാണ് ഇതു സംഭവിക്കുന്നതെന്ന് മനഃശാസ്ത്രജ്ഞ ഷിൻജിനി ദെബ് അഭിപ്രായപ്പെടുന്നു. ‘ഒരാൾ ഒരേ കാര്യത്തെപ്പറ്റി എപ്പോഴും ചിന്തിച്ചിരുന്നാൽ മനസ്സ് അതിന്മേൽ കൊരുത്തു കിടക്കും. എന്തെങ്കിലും സാഹചര്യം ഇതിനെ ഉദ്ദീപിപ്പിച്ചാൽ നാക്കുപിഴയായി അക്കാര്യം പുറത്തുവരാൻ സാധ്യതയുണ്ട്’ -ഷിൻജിനി ദെബ് പറയുന്നു. ഉപബോധ മനസ്സിലെ അഭിലാഷങ്ങൾ, ഉറക്കക്കുറവോ അശ്രദ്ധമായിക്കിടക്കുന്ന മനസ്സോ എന്നിങ്ങനെ കാരണങ്ങളാൽ ഇതു സംഭവിക്കാമെന്നും അവർ വിശദീകരിക്കുന്നു.
‘ചില സന്ദർഭങ്ങളിൽ മനസ്സിൽ അമർത്തിപ്പിടിച്ച ചിന്തകൾ നാക്കുപിഴക്ക് കാരണമാകാറുണ്ട്. തലച്ചോറിന്റെ പ്രിഫോണ്ടൽ കോർട്ടെക്സ് അത്തരം വേളയിൽ നിയന്ത്രണരഹിതമായി പ്രവർത്തിക്കുന്നുണ്ടാകാം. നമ്മുടെ സംസാരത്തെ സൃഷ്ടിക്കുകയും അത് മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന തലച്ചോറിലെ ഭാഗത്തിന്റെ പ്രവർത്തന വൈകല്യവും ഇതിനെ ബാധിക്കാം’ -അവർ കൂട്ടിച്ചേർക്കുന്നു.
ബോധമനസ്സിന്റെയും ഉപബോധമനസ്സിന്റെയും പരസ്പര സംഘർഷമാണ് പലപ്പോഴും നാക്കുപിഴ സൃഷ്ടിക്കുന്നത്. ഒരു വിവരത്തിന്റെ (ചിന്തയുടെ) കണിക മറ്റേതിനെ ഓവർടേക്ക് ചെയ്യുന്നു. അപ്പോൾ നാമുദ്ദേശിക്കാത്തത് ഭാഷയിലൂടെ പുറത്തുവരുന്നു. ഇങ്ങനെ പുറത്തുവരുന്ന ചിന്ത നമ്മുടെ വിവേകത്തിന്റെയോ ഔചിത്യത്തിന്റെയോ സ്ഥലകാല ബോധത്തിന്റെയോ അരിപ്പയിൽ കയറാതെ ചാടിപ്പുറപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ, നിങ്ങൾക്ക് നിങ്ങളുടെ മനസ്സിന്റെയോ പ്രവൃത്തിയുടെയോ വാക്കുകളുടേയോ നിയന്ത്രണം നഷ്ടപ്പെടുന്നു എന്നു സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.