മാതാപിതാക്കൾക്ക് സ്വന്തം കുട്ടികളിൽ കൂടുതൽ പ്രിയപ്പെട്ടവരുണ്ടാവുമോ?
text_fieldsനിങ്ങൾക്ക് സ്വന്തം കുട്ടികളിൽ കൂടുതൽ പ്രിയപ്പെട്ടവരുണ്ടോ? സമ്മതിച്ചില്ലെങ്കിലും അങ്ങനെ ഉണ്ടെന്നാണ് സൈക്കോളജിക്കൽ ബുള്ളറ്റിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നത്. മാതാപിതാക്കൾ കുട്ടികളോട് പെരുമാറുന്ന രീതികളിലെ വ്യത്യാസങ്ങൾ തിരിച്ചറിയാനുള്ള വഴികൾ വികസിപ്പിച്ചെടുത്താണ് ഗവേഷകർ പഠനം നടത്തിയത്.
പ്രിയപ്പെട്ട കുട്ടിയുണ്ടോ എന്ന് മാതാപിതാക്കളോട് ചോദിക്കുന്നതിനുപകരം, കൂടുതൽ കൃത്യമായ വിവരങ്ങൾ അവർ ആരാഞ്ഞു. അവർ അത് സമ്മതിച്ചില്ലെങ്കിലും മാതാപിതാക്കൾക്ക് ശരിക്കും ഒരു പ്രിയപ്പെട്ട കുട്ടിയുണ്ടെന്നും ലിംഗഭേദം, ജനന ക്രമം, സ്വഭാവം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി അവർ ചില കുട്ടികളോട് കൂടുതൽ അനുകൂലമായി പെരുമാറുന്നുവെന്നും കണ്ടെത്തി.
‘ഇത് മാതാപിതാക്കളുടെ ഒരു കുട്ടിയെ സ്നേഹിക്കുന്നതുകൊണ്ടും മറ്റേയാളെ വെറുക്കുന്നതുകൊണ്ടുമല്ല... അവരിൽ ഒരാളോട് കൂടുതൽ വാത്സല്യം കാണിക്കുന്നതിനോ അവരിൽ ഒരാളുമായി കൂടുതൽ വഴക്കുണ്ടാക്കുന്നതിനോ അവരിൽ ഒരാളുമായി കൂടുതൽ സമയം ചെലവഴിക്കുന്നതിനോ വേണ്ടിയാണ്’ -ബ്രിഗാം യംഗ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഫാമിലി ലൈഫിലെ അസോസിയേറ്റ് പ്രഫസർ അലക്സാണ്ടർ ജെൻസൻ പറഞ്ഞു.
എങ്ങനെയാണ് ഈ പഠനം നടത്തിയതെുന്നോ? വിശകലനത്തിനായി ഗവേഷകർ 30 മുൻകാല പഠനങ്ങളും പ്രസിദ്ധീകരിക്കാത്ത 14 ഡാറ്റാസെറ്റുകളും പരിശോധിച്ചു. വടക്കേ അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലുമായി 19,000ത്തിലധികം പേരെ പ്രതിനിധീകരിക്കുന്നവയാണിവ. രക്ഷിതാക്കൾ കുട്ടികളോട് പെരുമാറുന്ന രീതിയിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയാനുള്ള വഴികളും ഗവേഷകർ വികസിപ്പിച്ചെടുത്തു. പ്രിയപ്പെട്ട കുട്ടിയുണ്ടോ എന്ന് ചോദിക്കുന്നതിനുപകരം, കൂടുതൽ കൃത്യമായ വിവരങ്ങൾ അവർ ആരാഞ്ഞു. ഒരു പ്രത്യേക കുട്ടിയുമായി ഒരു രക്ഷിതാവ് കൂടുതൽ അടുപ്പം അനുഭവിക്കുന്നുണ്ടോ? ഏത് കുട്ടിക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്? കൂടുതൽ വാത്സല്യം ലഭിക്കുന്ന ഒരു കുട്ടിയുണ്ടോ? ഒരു കുട്ടിക്കായി കൂടുതൽ സാമ്പത്തിക നിക്ഷേപം ഉണ്ടോ? ഗൃഹപാഠത്തിൽ കൂടുതൽ സഹായം? എന്നിങ്ങനെ.
ഗവേഷകർ കുട്ടികളോടും സമാനമായ ചോദ്യങ്ങൾ ചോദിച്ചു. നിങ്ങളുടെ സഹോദരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, മാതാപിതാക്കൾ ആരുടെ കൂടെയാണ് കൂടുതൽ സമയം ചെലവഴിക്കുന്നത് എന്ന തരത്തിലുള്ളത്.
മാതാപിതാക്കൾ പെൺമക്കളെ കൂടുതൽ അനുകൂലിക്കുന്നതായി ഗവേഷകർ കണ്ടെത്തി. എന്നാൽ, എല്ലാ സംസ്കാരങ്ങളിലും ഇത് ശരിയായിരിക്കില്ലെന്ന് ജെൻസൻ പറഞ്ഞു. പിതാക്കന്മാർ ആൺമക്കളെ അനുകൂലിക്കുമെന്നും അമ്മമാർ പെൺമക്കളെ അനുകൂലിക്കുമെന്നും സൂചിപ്പിക്കുന്ന രണ്ട് പഴയ പഠനങ്ങളും പരിശോധിച്ചു. അത് കണ്ടെത്താനുള്ള ശ്രമത്തിൽ പിതാവും പെൺമക്കളെ അനുകൂലിക്കുന്നുവെന്ന് കണ്ടെത്തി.
മുതിർന്ന സഹോദരങ്ങൾക്കും ചില ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തി. മുതിർന്ന സഹോദരങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യവും കൂടുതൽ സ്വയംഭരണവും നൽകുന്നു. മാതാപിതാക്കൾ ഇപ്പോഴും അവരുടെ മുതിർന്ന കുട്ടികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു - ജെൻസൻ പറഞ്ഞു.
കുറഞ്ഞ പരിഗണന ലഭിക്കുന്ന കുട്ടികൾ മോശമായ ഫലങ്ങൾ ഉണ്ടാക്കുന്നു എന്നത് മുൻകാല പഠനങ്ങൾ കാണിക്കുന്നു. അവർ വിഷാദമോ ഉത്കണ്ഠയോ ഉള്ളവരാകാനുള്ള സാധ്യത കൂടുതലാണെന്നും കൂടാതെ സ്കൂളിൽ പ്രശ്‌നങ്ങളിൽ അകപ്പെട്ടേക്കാമെന്നും പറയുന്നു.
ഈ കണ്ടെത്തലുകൾ തെറാപ്പിസ്റ്റുകൾക്കും സാമൂഹിക പ്രവർത്തകർക്കും കുടുംബങ്ങളെ പിന്തുണക്കുന്ന ക്ലിനിക്കുകൾക്കും വിലപ്പെട്ടതായിരിക്കുമെന്ന് ഗവേഷകർ കരുതുന്നു. പുറമെ, തങ്ങൾ കുട്ടികളുമായി എങ്ങനെ ഇടപഴകുന്നു എന്നത് പുനഃരാലോചിക്കാൻ മാതാപിതാക്കളെ സഹായിക്കുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.