Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightവ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍

വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍

text_fields
bookmark_border
Personal relationships
cancel

ഒരു സാമൂഹികജീവിയെന്ന നിലയില്‍ മനുഷ്യന് ഒറ്റക്ക്​ നിലനില്‍ക്കാന്‍ കഴിയില്ല. നിരവധി ബന്ധങ്ങളിലൂടെയാണ് മനുഷ്യന്‍ ഒരു ജീവിതായുസ്സ് പൂര്‍ത്തിയാക്കുന്നത്. ഇതില്‍ നല്ലതും ചീത്തയുമായ ബന്ധങ്ങളുണ്ടാവാറുണ്ട്. പല തരത്തിലുള്ള, പല പേരുകളിലുള്ള ബന്ധങ്ങളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജന്മനാ കിട്ടുന്ന ബന്ധങ്ങളും നാം കണ്ടെത്തുന്ന ബന്ധങ്ങളുമുണ്ട്. കുടുംബ ബന്ധങ്ങള്‍ ജന്മനാ കിട്ടുന്നതാണ്. അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും നമുക്ക് ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നവയല്ല.

എന്നാല്‍ സുഹൃത്തുക്കള്‍, കാമുകന്‍, കാമുകി എന്നിവ നാം സ്വയം കണ്ടെത്തുന്നതാണ്. പ്രായത്തിനനുസരിച്ച് ബന്ധങ്ങളിലും അവരോടൊപ്പം ചെലവഴിക്കുന്ന സമയത്തിലുമെല്ലാം വ്യത്യാസം വരാറുണ്ടെങ്കിലും എല്ലാക്കാലത്തും ഏതെങ്കിലും ബന്ധങ്ങള്‍ മനുഷ്യന് കൂടിയേ തീരൂ. ബന്ധങ്ങള്‍ വളരെ കുറയുന്നത് ഒരാളുടെ ജീവിതനിലവാരത്തെയും മാനസികാരോഗ്യത്തെയും ബാധിക്കും. ആരോഗ്യകരമായ ബന്ധങ്ങളുള്ളയാള്‍ കൂടുതല്‍ സന്തോഷവാനും ഊര്‍ജ്ജസ്വലനും ആയിരിക്കും. മോശം ബന്ധങ്ങളുള്ളയാള്‍ സദാ അസ്വസ്ഥനും നിരുത്സാഹിയുമായിരിക്കും.

വ്യക്തിബന്ധങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ ?

ഏതു ബന്ധമാണെങ്കിലും അത് ഗുണകരമായതാണോ അല്ലാത്തതാണോ എന്ന് മനസ്സിലാക്കാനും ഗുണകരമല്ലാത്തതിനെ ഉപേക്ഷിക്കാനും അറിഞ്ഞിരിക്കണം. ഗുണകരമല്ലാത്ത ബന്ധങ്ങള്‍ നിങ്ങള്‍ക്ക് സമാധാനം നല്‍കുകയില്ലെന്നു മാത്രമല്ല പലപ്പോഴും ആപത്ത് വരുത്തുകയും ചെയ്യും. സ്വാഭാവിക ബന്ധങ്ങളില്‍ പലപ്പോഴും കാര്യമായ ശ്രമം ഇല്ലാതെതന്നെ ആ ബന്ധങ്ങള്‍ നിലനിന്നു പോരാറുണ്ട്. എന്നാല്‍ മറ്റുള്ള ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും വ്യക്തികളുടെ ശ്രദ്ധയും ശ്രമവും ആവശ്യമാണ്.

നല്ല വ്യക്തിബന്ധങ്ങളുണ്ടാകുന്നതിന് മറ്റുള്ളവരെ ആഴത്തില്‍ മനസ്സിലാക്കാനും വിലയിരുത്താനുമുള്ള കഴിവാണ് ആദ്യം വേണ്ടത്. അവരുമായി നന്നായി ഇടപെടുകയും അവരുടെ സ്വഭാവത്തിനനുസരിച്ച് നമ്മുടെ രീതികളില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകുകയും വേണം. പരസ്പരം സ്‌നേഹിക്കുന്നതോടൊപ്പം ബഹുമാനിക്കുകയും പരസ്പരമുള്ള വിശ്വാസം നിലനിര്‍ത്തുകയും ചെയ്യണം. കൃത്യവും വ്യക്തവുമായ ആശയവിനിമയം ഏതു ബന്ധത്തിന്‍റെയും വിജയത്തിന് അനിവാര്യമാണ്.

ആശയവിനിമയം ശരിയായില്ലെങ്കില്‍ ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാകാനും തകരാനും ഇടയാകും. അവരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് നിലകൊള്ളുകയും തെറ്റുകള്‍ സംഭവിക്കുന്ന സമയത്ത് തിരുത്തുകയും ക്ഷമ ചോദിക്കുകയും ചെയ്യണം. മറ്റുള്ളവര്‍ തെറ്റുകള്‍ ചെയ്യുന്ന സമയത്ത് അവരോട് ക്ഷമിക്കാനും സഹിക്കാനും ശീലിക്കേണ്ടതും ആവശ്യമാണ്.

എല്ലാ ബന്ധങ്ങള്‍ക്കും കൃത്യമായ നിര്‍വചനം നല്‍കി അതിന്റെ അതിര്‍വരമ്പുകള്‍ നിര്‍വചിക്കണം. നിങ്ങളുടെ വ്യക്തിത്വത്തെയോ വ്യക്തിപരമായ കാര്യങ്ങളെയോ ഭംഗപ്പെടുത്താനോ കളങ്കപ്പെടുത്താനോ ആരെയും അനുവദിക്കരുത്.

വ്യക്തിബന്ധങ്ങള്‍ വളര്‍ത്തുന്നതെങ്ങനെ ?

1. ശ്രദ്ധയോടെ കേള്‍ക്കാന്‍ ശീലിക്കുക

2. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുക

3. ശരീരഭാഷ ശ്രദ്ധിക്കുക

4. ആശയവിനിമയത്തിലെ പോരായ്മകള്‍ തിരിച്ചറിയുക

5. സ്വന്തം വൈകാരികതലത്തെക്കുറിച്ച് ബോധമുണ്ടാകുക

6. വ്യക്തത പുലര്‍ത്തുക

7. എപ്പോഴും പോസിറ്റീവായിരിക്കുക

8. എമ്പതിയോടെ പെരുമാറുക

9. ദൃഢനിശ്ചയത്തോടെ സംസാരിക്കുക

10. മറ്റുള്ളവര്‍ക്ക് നമ്മളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എന്തൊക്കെയെന്ന് തിരിച്ചറിയുക

11. പരസ്പര ബഹുമാനം നിലനിര്‍ത്തുക

12. നന്ദി പറയുകയും ക്ഷമ ചോദിക്കുകയും ചെയ്യുക

13. ഈഗോയില്ലാതെ പെരുമാറുക

മികച്ച വ്യക്തിബന്ധങ്ങളില്ലാതെ വന്നാല്‍ ?

നല്ല വ്യക്തിബന്ധങ്ങളില്ലാത്ത ഒരാളുടെ മാനസികാരോഗ്യം അത്ര മികച്ചതായിരിക്കില്ല. ദു:ഖങ്ങളും സന്തോഷങ്ങളും പങ്കുവെക്കാനും സമയം ചെലവഴിക്കാനും ആരുമില്ലാത്ത ഒരാള്‍ക്ക് സ്വസ്ഥമായ ജീവിതം പ്രയാസമായിരിക്കും. അയാള്‍ അരസികനും സദാ ഉദാസീനനുമായിരിക്കും. അത് അയാളുടെ വ്യക്തിയെന്ന നിലയിലെ വളര്‍ച്ചയെയും പുരോഗതിയെയും ദോഷകരമായി ബാധിക്കുന്നു. ഉല്‍ക്കണ്ഠ, വിഷാദരോഗം തുടങ്ങിയ മാനസികരോഗങ്ങള്‍ക്കും അത് കാരണമായേക്കും. മാനസിക-വൈകാരിക പിന്തുണകള്‍ ലഭിക്കാതെവരുമ്പോള്‍ ജീവിതത്തില്‍ സമ്മര്‍ദ്ദം കൂടുകയും ജീവിതം ആയാസകരമാകുകയും ചെയ്യും. അത് വ്യക്തിജീവിതത്തെ മാത്രമല്ല, കുടുംബജീവിതത്തെയും തൊഴില്‍ ജീവിതത്തെയും താറുമാറാക്കുകയും ഒറ്റപ്പെടല്‍ സൃഷ്ടിക്കുകയും ചെയ്യും.

വ്യക്തിബന്ധങ്ങളും കുടുംബജീവിതവും

പലതരത്തിലുള്ള വ്യക്തിബന്ധങ്ങള്‍ ഇഴപിരിഞ്ഞു ചേര്‍ന്നതാണ് കുടുംബജീവിതം. കുടുംബത്തിലെ ഓരോരുത്തരോടും നല്ല രീതിയിലുള്ള ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ കുടുംബജീവിതം അങ്ങേയറ്റം മനോഹരമായിരിക്കും. എന്നാല്‍ മികച്ച വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്ത ഒരാളുടെ കുടുംബജീവിതം ഒട്ടുംതന്നെ ആരോഗ്യകരമായിരിക്കുകയില്ല. അങ്ങനെയൊരാള്‍ക്ക് ജീവിതത്തില്‍ ഒരുവിധത്തിലുള്ള സന്തോഷവും കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല.

വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതിന്‍റെ ഏറ്റവും വലിയ ആവശ്യകത വിവാഹബന്ധങ്ങളിലാണ്. എന്തെന്നാല്‍ വ്യത്യസ്തരായ രണ്ടു വ്യക്തികള്‍ ഒരുമിച്ചു ജീവിച്ചു തുടങ്ങുമ്പോള്‍ പലതരത്തിലുള്ള പ്രയാസങ്ങളുണ്ടാവാനിടയുണ്ട്. പരസ്പരം സ്‌നേഹിക്കേണ്ടതിന്റെയും വിശ്വസിക്കേണ്ടതിന്റെയും ആവശ്യകത അവിടെ കൂടുതലാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യമായ ആശയവിനിമയം നടത്തേണ്ടതും സുതാര്യത സൂക്ഷിക്കേണ്ടതും ആവശ്യമാണ്. അവ പരാജയപ്പെട്ടു പോകാതെ ശ്രദ്ധിക്കണം.

പങ്കാളിക്കും കുട്ടികള്‍ക്കും ആവശ്യത്തിന് സമയം കൊടുക്കുകയും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കുകയും വേണം. കുട്ടികളോട് സംസാരിക്കാനും അവരുടെ പഠനകാര്യങ്ങളിലും മറ്റും പോസിറ്റീവായി ഇടപെടാനും സന്നദ്ധത കാണിക്കണം. വീട്ടിലെ മറ്റുള്ളവരുടെ കാര്യത്തിലും ഈ രീതിയില്‍ ശ്രദ്ധയും പരിഗണനയും കാണിക്കണം. കൃത്യമായ ആശയവിനിമയം നടത്തിയാല്‍ത്തന്നെ വ്യക്തിബന്ധങ്ങള്‍ നല്ലരീതിയില്‍ നിലനില്‍ക്കും.

വ്യക്തിബന്ധങ്ങളും തൊഴില്‍ജീവിതവും

ആസ്വാദ്യകരമായ തൊഴില്‍ജീവിതം സാധ്യമാകണമെങ്കില്‍ സഹപ്രവര്‍ത്തകരുമായി നല്ല രീതിയിലുള്ള ബന്ധം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. തിരക്കുപിടിച്ച ജോലിക്കിടയിലും സഹപ്രവര്‍ത്തകരോട് സംസാരിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ശ്രമിക്കണം. അത് തൊഴില്‍ജീവിതത്തെ മാത്രമല്ല വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും നല്ലരീതിയില്‍ സ്വാധീനിക്കും.

മികച്ച ബന്ധങ്ങളുണ്ടെങ്കില്‍ തൊഴിലിടത്തിലെ പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളും അവരോട് പങ്കുവെക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സാധിക്കും. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും ഒരുപരിധി വരെ ആശ്വാസമേകാനും മികച്ച തൊഴില്‍ജീവിതം കൊണ്ടു കഴിയും. തൊഴിലിടങ്ങളില്‍ നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ മടുപ്പുണ്ടാകാതെ തൊഴില്‍ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Psychology tipsMental health tipsPersonal relationships
News Summary - Personal relationships
Next Story