കുഞ്ഞിനെ കാണുമ്പോൾ ദേഷ്യവും വിഷമവും, ജീവിതത്തോട് മടുപ്പ്... തിരിച്ചറിയാം പോസ്റ്റ് പാർട്ടം ഡിപ്രഷനെ
text_fieldsഅരുണ ഗർഭം ധരിച്ചെന്ന് മനസിലായപ്പോൾ തന്നെ അടുത്ത നിമിഷം ശാസ്ത്രീയവും അശാസ്ത്രീയവുമായ പല കാര്യങ്ങളും അവർക്ക് ചുറ്റുമുള്ളവർ പറഞ്ഞ് തുടങ്ങിയിരുന്നു.
- ഗർഭിണി സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങരുത്
- ഇനി മുതൽ രണ്ടാൾക്കുള്ള ഭക്ഷണം കഴിക്കണം
- ടൂവിലർ യാത്ര അരുത്.
എന്നു തുടങ്ങി പലതും അവളും ഭർത്താവും കേൾക്കാനിടയായി. അതുവരെ അവരുടെ എല്ലാ സന്തോഷങ്ങളും ആസ്വദിച്ച അവർക്ക് പെട്ടെന്ന് ഇതൊന്നും ഉൾക്കൊള്ളാനായില്ല. എന്നാൽ അവളും ഭർത്താവും ഡോക്ടറിൽ നിന്ന് ഇതിന്റെ ശാസ്ത്രീയത എല്ലാം മനസിലാക്കുകയും അവരുടെ ജീവിതം മനോഹരമായി നയിക്കുകയും ചെയ്തു. ഭർത്താവിന്റെ പരിപൂർണമായ പിന്തുണ കൊണ്ടാണ് അരുണക്ക് ഗർഭകാലവും അതിനു ശേഷവും ആനന്ദകരമാക്കാൻ സാധിച്ചത്. ഗർഭിണിയാകുന്നതു മുതൽ കുഞ്ഞു പിറക്കുന്നത് വരെ ഒരു സ്ത്രീയിൽ ധാരാളം ഹോർമോൺ വ്യതിയാനങ്ങൾ നടക്കുന്നു. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ഒരു കരുതലോ പിന്തുണയോ ലഭിക്കാത്ത ധാരാളം പേരുണ്ട്.
ചിലർക്ക് പ്രസവ സമയം നല്ല കരുതൽ ലഭിക്കുന്നു. പ്രസവം കഴിഞ്ഞാൽ ഈ കരുതൽ കുഞ്ഞിലേക്ക് മാറുന്നു. പ്രസവ സമയത്ത് ലഭിക്കുന്ന കരുതലിനോടൊപ്പം പ്രസവശേഷം അമ്മക്കും കുഞ്ഞിനും കരുതൽ ആവശ്യമാണ് എന്ന് ആരും മനസിലാക്കുന്നില്ല. പ്രസവശേഷം പല സ്ത്രീകളിലും കടന്നുകൂടുന്ന അവസ്ഥയാണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ . അമ്മ കുഞ്ഞിനെ കൊല്ലുന്ന പല സംഭവങ്ങളും നമ്മൾ വായിക്കാറുണ്ട്, അവയിൽ ചിലതെല്ലാം ഈ അവസ്ഥ കാരണമുണ്ടാകുന്നതാണ്.
അതേ, പ്രസവാനന്തര മാനസികാരോഗ്യം വളരെ പ്രധാനമാണ്. ഗർഭകാലം ഉത്കണ്ഠകളുടെയും അസ്വസ്ഥതകളുടെയും കാലമാണ്. ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം അമ്മമാരുടെ മനസ് ചെറുതും വലുതുമായ മാനസികാവസ്ഥകൾക്ക് പെട്ടെന്ന് വിധേയമാകുന്നു. നാലിൽ ഒരാൾക്ക് എന്ന നിലയിൽ സ് ത്രീകളിൽ പ്രസവാനന്തരവിഷാധ രോഗങ്ങൾ പിടിമുറുക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എപ്പോഴും സങ്കടാവസ്ഥയിൽ ഇരിക്കുന്നത് , ഏറ്റവും ആസ്വദിച്ചിരുന്നതും ഇഷ്ട്ടപെട്ടതുമായ കാര്യങ്ങളോട് വിരക്തി, കഠിനമായ ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മയും ആത്മഹത്യ പ്രവണതയും പോലും ഇതിന്റെ ലക്ഷണങ്ങളായി കണ്ടുവരുന്നു.
പ്രസവാനന്തരവിഷാദ രോഗത്തിന് വേണ്ട വിധത്തിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരാവസ്ഥയിലേക്ക് വഴി മാറും. കുടുംബാംഗങ്ങളുടെ ശ്രദ്ധയും പരിചരണവും തന്നെയാണ് ഇതിന് പ്രധാന മരുന്ന്. പ്രസവത്തിന് മുമ്പ് കൊടുക്കുന്ന കരുതൽ പ്രസവശേഷം മുഴുവനായി കുഞ്ഞിലേക്ക് മാറാതെ ആറു മാസ കാലയളവ് എങ്കിലും അമ്മക്ക് കൂടി നൽകുക. ഉദരത്തിൽ പിറക്കുന്നത് കുഞ്ഞു മാത്രമല്ല അവിടെ ഒരു അമ്മ കൂടി ഉണ്ടാകുന്നു എന്ന തിരിച്ചറിവ് കൂടെയുള്ള കുടുംബാംഗങ്ങൾ തിരിച്ചറിയണം.
എത്രയൊക്കെ ലോകം വികസനത്തിലാണെന്ന് പറഞ്ഞാലും സ്ത്രീകൾക്കിടയിൽ ചില നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നു. ഒരു സ്ത്രീ പ്രസവശേഷം ഏറ്റവും കൂടുതൽ കൊതിക്കുന്നത് തന്റെ പങ്കാളിയുടെ കരുതലും സാമിപ്യവുമാണ്. എന്നാൽ ഇപ്പോഴും പല വീടുകളിലും ഭർത്താക്കൻമാരെ പ്രസവിച്ച സ്ത്രീയിൽ നിന്ന് അകറ്റി നിർത്തുന്നു.
പ്രസവിച്ച എല്ലാ സ്ത്രീകൾക്കും ഒരേ പോലുള്ള പ്രസവാനന്തര ശുശ്രൂഷ പരമ്പരാഗതമായി ചെയ്ത് വരുന്ന രീതിയും നിലനിൽക്കുന്നു. എന്നാൽ ഇന്ന് ഇത്തരം ചികിത്സാ കേന്ദ്രങ്ങൾ നിലവിലുണ്ട്. അവിടെ ഓരോരുത്തരുടെയും ശരീര പ്രകൃതി, പ്രസവരീതി മുതലായവ പരിഗണിച്ച് വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നു. മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിൽ നിന്നൊക്കെ ഒരു പരിഹാരമാണ് ഇത്തരത്തിലുള്ള പ്രസവാനന്തര ചികിത്സ. മാനസികമായ കരുത്തും പിന്തുണയും ലഭിക്കുന്നതിലൂടെ പ്രസവാനന്തര പ്രശ്നങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാം.
പ്രസവാനന്തരം അമ്മയെ അവഗണിക്കരുതേ ...
ഗർഭകാലത്ത് ലഭിച്ചിരുന്ന അതേ പരിഗണനയും സ്നേഹവും തന്നെ അതിനു ശേഷവും അമ്മക്ക് നൽകുക. അമ്മയിൽ പ്രസവാനന്തര വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടനെ തന്നെ വൈദ്യസഹായം തേടണം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ കുഞ്ഞിന്റെ ജീവനു തന്നെ ഭീഷണിയാവുന്ന അവസ്ഥയാണിത്.
പ്രസവാനന്തര വിഷാദരോഗം കൂടുതൽ ബാധിക്കുക ആരെയാണ്?
- ജീവിതത്തില്‍ കടുത്ത സംഘർഷങ്ങളും വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളും നേരിടുന്നവർ
- ഭർത്താവ് മരണപ്പെട്ടവരോ അവരുമായി പിരിഞ്ഞു ജീവിക്കുന്നവരോ ആയവർ
- സാമ്പത്തികമായി മോശം അവസ്ഥ നേരിടുന്നവരും കുടുംബത്തിൽ ആരും സഹായത്തിനില്ലാത്തവരും ആയ സ്ത്രീകൾ.
- ഗർഭിണി ആയപ്പോഴോ അതിന് മുൻപോ മാനസിക രോഗം വന്നവർ.
- പ്രസവത്തിന്റെ ഭാഗമായി പല ഗുരുതരാവസ്ഥയും നേരിട്ടവർ.
പ്രസവാനന്തര വിഷാദ രോഗത്തെ രണ്ടായി തിരിക്കാം:
1. പോസ്റ്റ് പാർട്ടം ബ്ലൂസ് / ബേബി ബ്ലൂസ്
ഏകദേശം 80% വരെ സ്ത്രീകളിൽ ഈ അവസ്ഥ കാണാം. പ്രസവശേഷം രണ്ടോ മൂന്നോ ദിവസം കൊണ്ടുണ്ടാകുന്ന ഈ ബുദ്ധിമുട്ട് 2, 3 ആഴ്ചകൾ കൊണ്ട് മാറി വരുന്നതും കാണാറുണ്ട്. എല്ലാവരോടും ദേഷ്യം തോന്നുക, പെട്ടെന്ന് വെപ്രാളവും കരച്ചിലും വരിക എന്നിവയാണ് ലക്ഷണങ്ങൾ. പങ്കാളിയുടെയും കുടുംബത്തിന്റെയും കരുതലും പിന്തുണയും കൊണ്ട് ഈ അവസ്ഥ മാറ്റിയെടുക്കാം.
2. പോസ്റ്റ് പാർട്ടം ഡി പ്രഷൻ
ഏകദേശം 2, 3 ആഴ്ചകൾ കൊണ്ടാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായി തുടങ്ങുക. സാധാരണയായി ഇത്തരം രോഗികളിൽ വിശപ്പും ഉറക്കവും കുറഞ്ഞിരിക്കും. ഇത്തരക്കാർക്ക് കുട്ടിയെ നോക്കുമ്പോഴോ കുട്ടിയോടൊത്ത് സമയം ചിലവഴിക്കുമ്പോഴോ സന്തോഷം ലഭിക്കാതിരിക്കും. ഈ അവസ്ഥ രൂക്ഷമാവുമ്പോൾ ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നുകയും ചെയ്യുന്നു. കൗൺസിലിങ്ങ് കൊണ്ട് ഈ അവസ്ഥ മാറ്റിയെടുക്കാം.
ഗർഭകാല വിഷാദരോഗത്തെ എങ്ങനെ നേരിടാം?
നാനാ മേഖലയിലും വികാസം കൈവരിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. കുടുംബാംഗത്തിന്റെ ഗർഭകാല അവസ്ഥയെ കുറിച്ച് മറ്റ് കുടുംബാംഗങ്ങൾക്ക് അറിവുകൾ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.
- കുറ്റപ്പെടുത്തലുകളും പഴിചാരലുകളും അവസാനിപ്പിച്ച് മനസിക പിന്തുണ നൽകാൻ പങ്കാളി അടങ്ങുന്ന കുടുംബം ശ്രമിക്കണം.
- അമ്മ, അമ്മമ്മ , അയൽവക്കത്തെ വല്ല്യമ്മ, കുളിപ്പിക്കാൻ വരുന്ന ചേച്ചി തുടങ്ങിയവരിൽ നിന്ന് ഗർഭകാലം മുതൽ കുട്ടിയുടെ ഓരോ വളർച്ചയിലും അമ്മക്ക് കുന്നോളം അനുഭവ കഥകളാണ് കേൾക്കാനുണ്ടാവുക. യഥാർഥത്തിൽ അത്തരം വലിയ ഉപദേശങ്ങളുടെ കാര്യമുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. കാരണം ആധുനിക ചികിത്സാ രീതികൾ ബഹുദൂരം മുന്നോട്ട് കുതിച്ച, വിദ്യാസമ്പന്നമായ ലോകത്തിലാണ് ഇന്നത്തെ അമ്മമാർ ജീവിക്കുന്നത്. "പണ്ട് നെല്ല് കുത്തി കൊണ്ടിരിക്കുമ്പോൾ വേദന വന്നു പ്രസവിച്ചതാ. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഒന്നിനും വയ്യ, വിശ്രമം മാത്രമേയുള്ളൂ" തുടങ്ങി, എരിതീയിൽ എണ്ണയൊഴിക്കുന്ന വാക്കുകൾകൊണ്ട് വാചാലമാവാനും ചില ഉപദേശികൾ മറക്കാറില്ല. ഇതെല്ലാം ഒഴിവാക്കി ഗർഭിണിയുടെ മനസിന് സമാധാനം നൽകുക.
- എന്ത് പ്രശ്നമുണ്ടായാലും അത് മനസിൽ കൊണ്ടു നടക്കാതെ പങ്കാളിയോട് തുറന്ന് പറയുക. ചികിത്സിക്കുന്ന ഗൈനക്കോളജിസ്റ്റിനോടും തുറന്നു പറച്ചിലുകൾ ആവാം. ഒരു ഗർഭിണിക്കും പുതിയ അമ്മക്കും ഏറെ ആവശ്യം അവളുടെ പങ്കാളിയുടെ പിന്തുണയാണ്.
- പ്രസവശേഷം പുതിയ അമ്മമാർ നേരിടുന്ന പ്രശ്നങ്ങളാണ് മറ്റുള്ളവരുടെ ചോദ്യങ്ങൾ. അമിതമായ ചോദ്യങ്ങൾ ഉന്നയിച്ച് മറ്റുള്ളവർക്കാർക്കുമില്ലാത്ത എന്തോ പ്രശ്നം തനിക്കും കുഞ്ഞിനും ഉണ്ടോ എന്ന ആശങ്ക അമ്മമാരിൽ ജനിപ്പിക്കാൻ ഇടയാക്കാതിരിക്കുക. അമ്മമാർ കുഞ്ഞിന് കൃത്യമായി മുലപ്പാൽ നൽകുകയും ഡോക്ടറുടെ ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യണം.
- കുഞ്ഞിന്റെ രൂപം, നിറം, സ്വഭാവം എന്നിവയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങളെ മുഖവിലക്കെടുക്കാതിരിക്കുക.
- പ്രസവം എന്ന് പറയുന്നത് ഒരു രോഗമല്ല, അതൊരു പ്രകിയയാണ്. പ്രസവരക്ഷ എന്ന പേരിൽ ശാസ്ത്രീയ അടിത്തറയില്ലാത്ത പല കീഴ്വഴക്കങ്ങളും സമൂഹത്തിൽ നിലനിന്നു പോരുന്നുണ്ട്. അവ പിന്തുടരാതിരിക്കുക. ഗുണകരമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നവ മാത്രം ചെയ്യുക. ഏതു കാര്യം ചെയ്യുന്നതിന് മുമ്പും ഡോക്ടറുടെ ഉപദേശം തേടുക. ഗർഭാവസ്ഥയിലുള്ളവർക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രോട്ടീനും വൈറ്റമിൻസും ലഭിക്കുന്ന സമീകൃതാഹാരം ലഭിക്കേണ്ടതുണ്ട്. അതിനാൽ അത്തരം ആഹാരങ്ങൾ ശീലമാക്കുക.പ്രസവരക്ഷാ കാലത്തെ തെറ്റിദ്ധാരണകളിൽ പ്രധാനിയാണ് വെള്ളം കുടിച്ചാൽ വയറു ചാടും എന്നത്. വയറിനു ചുറ്റും തുണി മുറുക്കി കെട്ടുന്നതുകൊണ്ടും പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ഇതിന്റെയെല്ലാം ശാസ്ത്രീയ വശം മനസിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്.
- തികച്ചും അശാസ്ത്രീയമായ മറ്റൊരു നിഷ്കർഷയാണ് പ്രസവിച്ച സ്ത്രീകൾ ഭർത്താക്കൻമാരെ കാണാൻ പാടില്ല എന്നത്. ഈ സമയത്ത് അവർക്ക് ആവശ്യമുള്ള സാമിപ്യം തന്റെ പങ്കാളിയുടെതാണ്. അതിന് പകരക്കാരൻ ആവാൻ മറ്റാർക്കും പറ്റില്ല. പ്രസവശേഷമുള്ള മാനസിക, ശാരീരിക പ്രയാസങ്ങളിൽ ഭർത്താവിന്റെ സ്നേഹപൂർവ്വമുള്ള പരിചരണവും സാമീപ്യവും അവൾക്ക് വലിയ കരുത്താണ് നൽകുക. താൻ തനിച്ചല്ലെന്ന ധൈര്യം അവളുടെ മനസിൽ നിറക്കാനും വിഷാദ രോഗത്തിന്റെ പിടിയിലമരാതെ മനസിന് രക്ഷാകവചം തീർക്കുന്നതിനും പങ്കാളിയുടെ സാമീപ്യം വളരെ വലിയ മരുന്നാണ്
പോസ്റ്റ്പാർട്ടം ഡിപ്രഷൻ പുരുഷൻമാരിലും
ഇതുവരെ ധരിച്ചുവെച്ചതിൽ നിന്ന് വ്യത്യസ്തമായി പുരുഷൻമാരിലും പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു. അമ്മമാർക്ക് നേരിടുന്ന അതേ ലക്ഷണങ്ങൾ തന്നെയാണ് അച്ഛൻമാരിലും കാണുന്നത്. വിഷാദം, ക്ഷീണം, ഉത്കണ്ഠ, സാധാരണ ഭക്ഷണ -ഉറക്ക രീതികളിൽ വ്യത്യാസം എന്നിവയുണ്ടാകും.
നേരത്തെ വിഷാദം ഉണ്ടായവർക്കും പങ്കാളിയുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർക്കും സാമ്പത്തിക പ്രശ്നങ്ങളുള്ളവർക്കും പാരന്റൽ പോസ്റ്റ് പാർട്ടത്തിന് സാധ്യത കൂടുതലാണ്.
പുതിയ അമ്മയുടെ പങ്കാളിയാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ പങ്കാളിയുടെ ഗർഭ കാലത്തോ, കുഞ്ഞ് ജനിച്ചതിന് ശേഷമോ നിങ്ങൾക്ക് ഉത്കണ്ഠാ പ്രശ്നങ്ങളും മറ്റും അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കേണ്ടതാണ്. പോസ്റ്റ് പാർട്ടം ഡിപ്രഷനുള്ള മാതാവിന് നൽകുന്ന അതേ പിന്തുണയും കരുതലും പുരുഷനും നൽകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.