പ്രശ്നങ്ങളെ അഭിമുഖീകരിക്കാം, കീഴടക്കാം...
text_fieldsജീവിത വഴിയിൽ പ്രശ്നങ്ങൾ നേരിടാത്തവരാരുമില്ല. ഒരിക്കൽ പോലും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാത്തവർ ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു പറയാം. ജീവിതത്തിൻെറ ഓരോ ഘട്ടത്തിലും ഓരോ തരത്തിലുള്ള പ്രശ്നങ്ങളാണ് വ്യക്തി നേരിടുക. ഒരു വയസുകാരനായ കുട്ടിക്കുള്ള പ്രശ്‌നങ്ങളല്ല 5 വയസ്സുള്ള കുട്ടിയുടെത്. 10 വയസുള്ള കുട്ടിയുടെ പ്രശ്നങ്ങൾ വേറെയാണ്. കൗമാരക്കാർക്ക്, യുവാക്കൾക്ക്, കുടുംബസ്ഥന്, മധ്യവയസ്കന്, ബിസിനസുകാർക്ക്, വയോധികർക്ക് എല്ലാം ഓരോ തരത്തിലെ പ്രശ്നങ്ങൾ അതാത് കാലത്ത് ഉണ്ടാവും.
ഒരിക്കൽ പോലും പ്രശ്നങ്ങൾ ഉണ്ടാവാതെ ജീവിക്കാൻ കൊതിക്കുന്ന ആളുകൾക്കായിരിക്കും പ്രയാസങ്ങൾ കൂടുതൽ ഉണ്ടാവുക എന്ന് പറയാറുണ്ട്. കാരണം മറ്റൊന്നുമല്ല, ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒന്നിനെ ആണ് അവർ സംഭവിക്കില്ല എന്ന് വിചാരിച്ച് ഒഴിവാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ പ്രശ്നങ്ങളെ പ്രതീക്ഷിച്ചു കൊണ്ട് അത് തരണം ചെയ്യാൻ തയാറായി നിൽക്കുന്ന ഒരാളെക്കാൾ കൂടുതൽ പ്രയാസം ഇത്തരക്കാർക്ക് ഉണ്ടാകുക സ്വാഭാവികം മാത്രം.
പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയുടെ അടിസ്ഥാനത്തിൽ ആളുകളെയും തരംതിരിക്കാൻ സാധിക്കും.
ശരിയായ പൊരുത്തപ്പെടൽ അഥവാ പ്രശ്നങ്ങളെ കീഴടക്കുന്ന രീതി
പ്രശ്‌നങ്ങളിൽ നിന്ന് ഏതെങ്കിലും രീതിയിൽ ഒളിച്ചോടുന്നതിനു പകരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും കൃത്യമായി കാരണങ്ങളും പരിണിത ഫലങ്ങളും മനസിലാക്കി, തന്നിലാണ് മാറ്റം വരുത്തേണ്ടത് എങ്കിൽ ആ മാറ്റം സ്വയം വരുത്തുകയും ചെയ്യുന്ന ആളുകളുണ്ട്. പ്രശ്നങ്ങളോട് പൊരുത്തപ്പെടുകയാണ് വേണ്ടതെങ്കിൽ അവർ അതിനോട് പൊരുത്തപ്പെടും. ഇനി പ്രശ്നം കൈകാര്യം ചെയ്യാനുള്ള നൈപുണ്യം ഇല്ലാത്തതാണ് കാരണമെങ്കിൽ അതു വളർത്തിയെടുക്കുകയും, മറ്റുള്ളവർ കാരണം ഉണ്ടാവുന്ന പ്രശ്‌നങ്ങൾ ആണെങ്കിൽ അതു അസർട്ടീവ് ആയി പറഞ്ഞും പ്രശ്‌നങ്ങളെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്ന രീതിയെ അഡാപ്റ്റീവ് അഥവാ ശരിയായ പൊരുത്തപ്പെട്ടൽ രീതി എന്നു പറയാം.
ഈ രീതിയിൽ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന സമയത്തു കുറച്ചു പ്രയാസം അനുഭവിച്ചാലും ദീർഘകാലടിസ്‌ഥാനത്തിൽ നല്ല മാറ്റമായിരിക്കും ഉണ്ടാവുക. ഇത് ഭാവിയിൽ മാനസിക പിരിമുറുക്കം കുറയ്ക്കാനും അവനവനെക്കുറിച്ചുള്ള മതിപ്പ് കൂട്ടാനും സന്തോഷപ്രദമായ ജീവിതത്തിനും സഹായിക്കും.
തെറ്റായ പൊരുത്തപ്പെടൽ അഥവാ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടൽ
നമ്മളിൽ മിക്കവരും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അതിൽനിന്ന് ഒളിച്ചോടുന്നവരാണ്. ഒരു സംഭവം പറയാം; മുമ്പൊരിക്കൽ കോളേജ് വിദ്യാർത്ഥിയുമായി മാതാപിതാക്കൾ എൻെറ അടുക്കൽ വന്നു. മകൻ പലതരം ലഹരികൾ ഉപയോഗിക്കുന്നുവെന്നായിരുന്നു പ്രശ്നം. വിദ്യാർത്ഥിയോട് കാര്യം തിരക്കിയപ്പോൾ അവൻ തുറന്നു സമ്മതിച്ചു, അവൻ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ട്. അതിലാകട്ടെ അവന് കുറ്റബോധവും ഇല്ല. ഇനിയും ഉപയോഗിക്കുകയും ചെയ്യുമത്രെ. അതിനു അവൻ പറഞ്ഞ കാരണങ്ങൾ ആണ് ബഹുരസം. ഈ മരുന്നുകൾ ഉപയോഗിച്ചത് കൊണ്ട് അവന് നല്ല മാറ്റങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളുവത്രേ! കോളേജിൽ ആരോടും സംസാരിക്കാൻ ധൈര്യം ഇല്ലാതിരുന്ന അവനിപ്പോൾ സംസാരിക്കാൻ ധൈര്യം കിട്ടുന്നുണ്ട്. സംസാരിക്കുമ്പോൾ ആൾക്കാർ അവനെ കുറ്റപ്പെടുത്തുമോ എന്ന് ഭയന്ന് സംസാരിക്കേണ്ട അവസരങ്ങളിൽ മാറി നിന്നിരുന്ന അവനിപ്പോൾ എവിടെയും സംസാരിക്കാനുള്ള ധൈര്യം കൈവന്നു... ഇതൊക്കെയാണ് അവൻെറ ന്യായം. ഇതു ഉപയോഗിച്ചു തുടങ്ങിയതിനു ശേഷമാണത്രേ അവനു സുഹൃത്തുക്കളെപ്പോലും സാമ്പാദിക്കാൻ കഴിഞ്ഞത്. അതിനാൽ ഇത് നിർത്തിയാൽ വീണ്ടും ധൈര്യമില്ലാത്ത, സംസാരിക്കാൻ അറിയാത്ത ആളായി മാറിപ്പോവും എന്നതായിരുന്നു ആ വിദ്യാർഥിയുടെ ആധി.
യഥാർത്ഥത്തിൽ അപകർഷത ബോധവും സാമൂഹിക നൈപുണ്യ (social skill) കുറവും ഉണ്ടായിരുന്ന ഈ വിദ്യാർത്ഥി യഥാർത്ഥ പ്രശ്‌നത്തിൽ നിന്നു ഒളിച്ചോടുകയാണ് ചെയ്തത്. ശാസ്ത്രീയമായ സോഷ്യൽ സ്കിൽ പരിശീലനവും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാവശ്യമായ പരിശ്രമങ്ങളും നടത്തിയിരുന്നെങ്കിൽ ആ വിദ്യാർഥി മയക്കുമരുന്ന് ഉപയോഗിക്കുന്നതിലേക്ക് എത്തിപ്പെടില്ലായിരുന്നു. ശരിയായ രീതിയിൽ സുഹൃത്തുകളെ ഉണ്ടാക്കാനും അവരോടു ഇടപഴകാനും കഴിയുമായിരുന്ന ഒരാളാണ് ഈ ഒളിച്ചോട്ടം നടത്തിയത്.
നമ്മുടെ ബന്ധുക്കളിലോ സുഹൃദ്ബന്ധങ്ങളിലോ നോക്കിയാൽ കാണാം, ഇത്തരത്തിൽ പല തരത്തിലെ ഒളിച്ചോട്ടങ്ങൾ നടത്തുന്നവരെ....:
ഇഷ്ടമല്ലാത്തത് കേൾക്കുമ്പോൾ വാതിൽ ഉറക്കെ അടച്ചു അകത്തിരിക്കുക, ടെൻഷൻ വരുമ്പോൾ മദ്യപിക്കുക അല്ലെങ്കിൽ പുക വലിക്കുക, സത്യം പറഞ്ഞാൽ കുറ്റപ്പെടുത്തുമോ എന്ന ഭയത്തിൽ കളവു പറയുക, ഭാര്യയുമായുള്ള സ്വരച്ചേർച്ചയില്ലായ്മയുടെ പേരിൽ അവിഹിത ബന്ധത്തിൽ ഏർപ്പെടുക, കുറ്റപ്പെടുത്തുന്നവരോട് ദേഷ്യപ്പെട്ട് സംസാരിച്ച് അവരുടെ വായടപ്പിക്കുക (കുറ്റം നമ്മുടെ ഭാഗത്ത് ആണെങ്കിലും), ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിയാൻ ശാരീരിക അസുഖങ്ങളോ ഇല്ലാത്ത നിവൃത്തികേടുകളോ പറയുക, അതിഥികൾ വരുമ്പോൾ മുറിയിൽ കയറി വാതിലടച്ചിരിക്കുക, സംസാരിക്കാൻ കഴിവില്ലാത്തതിൻെറ പേരിൽ കല്യാണ വീടുകളിൽ പോവാതിരിക്കുക, പൊതു പരിപാടികൾ ഒഴിവാക്കുക.... തുടങ്ങി ഒരുപാട് തരത്തിലുണ്ട് ഈ ഒളിച്ചോട്ടങ്ങൾ. ജീവിതത്തിലെ പ്രശ്നങ്ങൾ തരണം ചെയ്യാൻ കഴിവില്ലാത്തതിനാൽ അതിൽ നിന്ന് തൽകാലം രക്ഷപ്പെടാൻ ഉപയോഗിക്കുന്ന ഈ പോം വഴികൾ പലതും നമ്മളടക്കം ചെയ്യുന്നതാണ്. പക്ഷെ നമ്മൾ പോലും അറിയാതെ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കും ഈ ഒളിച്ചോട്ടങ്ങൾ.
ഇത്തരം ഒളിച്ചോട്ടങ്ങളിലൂടെ തൽക്കാലം പ്രശ്നങ്ങളെ മറച്ചുകളയാമെങ്കിലും ദീർഘകാലത്തിൽ അത് കൂടുതൽ പ്രയാസം സൃഷ്ടിക്കും. ഒന്നുകിൽ വ്യക്തി ബന്ധങ്ങളെ സാരമായി ബാധിക്കാം. അല്ലെങ്കിൽ മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് മോശം കാഴ്ച്ചപ്പാടുണ്ടായേക്കാം. ചിലപ്പോൾ തന്നോടു തന്നെ അനിഷ്ടം തോന്നാം. ഈ അനിഷ്ടം ആത്മനിന്ദയായി മാറുകയും എല്ലാ പ്രവൃത്തികളേയും ബാധിക്കുകയും ചെയ്യുന്നതായാണ് അനുഭവങ്ങൾ പറയുന്നത്.
പ്രശ്‌നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, ശരിയായ രീതിയിലുള്ള കൈകാര്യം ചെയ്യലും പൊരുത്തപ്പെടലും ആണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.