കഴിവിലല്ല, പരിശ്രമത്തിലാണ് കാര്യം
text_fieldsകഴിവുള്ളവർക്കും കഷ്ടപ്പെടുന്നവർക്കും മാത്രമാണ് വിജയം എന്ന ധാരണ തെറ്റാണ്. വിജയം ആരുടെയും കുത്തകയല്ല. ചില പ്രത്യേക കഴിവുകളുള്ളവരോ സൗന്ദര്യമുള്ളവരോ മാത്രമാണ് ജീവിതത്തിൽ വിജയം നേടുന്നതെന്നത് പഴയ ചിന്തയാണ്. കാര്യമായ കഴിവുകളില്ലാത്തവർക്കും പരിശ്രമിക്കാൻ തയ്യാറുള്ളവർക്കും അർഹമായ വിജയം നേടാൻ അവരുടെ രീതികളിലും ജീവിതശൈലിയിലും ചില പരിവർത്തനങ്ങളും അപ്ഡേഷനുകളും വരുത്തിയാൽ മതിയാകും. എല്ലാവർക്കും വിജയം നേടാനാവുന്നതും പരീക്ഷിച്ചു വിജയിച്ചതുമായ പത്ത് മാർഗങ്ങളെക്കുറിച്ചാണ് ഇനിപ്പറയുന്നത്.
1. സമയം പാലിക്കുക
എപ്പോഴും സമയം പാലിക്കാൻ ശ്രദ്ധിക്കുക. അത് നിങ്ങളൊരു ജോലി ചെയ്തു തീർക്കുന്നതിലാണെങ്കിലും ഒരു സ്ഥലത്ത് എത്തിച്ചേരുന്നതിലാണെങ്കിലും കൃത്യനിഷ്ഠ ഒരു ശീലമാക്കാൻ ശ്രമിക്കുക. സമയനിഷ്ഠയില്ലാത്ത ഒരാൾ കഴിവുള്ളയാളാണെങ്കിലും അയാളെ വിശ്വസിക്കാൻ പ്രയാസമായിരിക്കും. അതേസമയം, സമയം പാലിക്കുന്ന ഒരാൾക്ക് അനായാസമായി മറ്റുള്ളവരിൽ മതിപ്പു സൃഷ്ടിക്കാൻ കഴിയും.
2. പരിശ്രമിക്കുക
എഫർട്ട് ഇടുന്നതിന് കഴിവിന്റെ ആവശ്യമില്ല. ഏതു കാര്യത്തിനുവേണ്ടിയും പരിശ്രമിച്ചു നോക്കാൻ തയ്യാറായിരിക്കണം. ചെറിയ ശ്രമങ്ങളാണ് പലപ്പോഴും വലിയ ലക്ഷ്യങ്ങളെ സാക്ഷാത്ക്കരിക്കുന്നത്.
3. ഉയർന്ന എനർജി
നല്ല എനർജിയുള്ള വ്യക്തികളായി നിലനിൽക്കാൻ വേണ്ടി ശ്രദ്ധിക്കുന്നത് ജീവിതത്തിൽ എല്ലായ്പ്പോഴും ഗുണകരമാണ്. മടുപ്പുള്ള കാര്യങ്ങളോ സങ്കടകരമായ കാര്യങ്ങളോ ജീവിതത്തിൽ സംഭവിക്കുമ്പോൾ എനർജിയുള്ള വ്യക്തിത്വങ്ങൾക്ക് അത് എളുപ്പത്തിൽ മറികടക്കാൻ കഴിയും.
4. പോസിറ്റീവ് ആറ്റിറ്റിയൂഡ്
ഏതു കാര്യത്തെയും പോസിറ്റീവായി സമീപിക്കാൻ ശീലിക്കുക. അത് എളുപ്പത്തിൽ സാധ്യമാകുന്ന കാര്യമല്ല. പക്ഷേ ശീലിച്ചാൽ അസാധ്യവുമല്ല. ഒരു കാര്യം കേട്ടാലുടനെ അത് നടക്കില്ല എന്നു പറയുകയോ ആലോചിക്കുകയോ ചെയ്യുന്നതിനു പകരം അതിന്റെ സാധ്യതകൾ പരിശോധിക്കുക. ചിലപ്പോൾ അസാധ്യം തന്നെയായിരിക്കും, പക്ഷേ അതിനായി ശ്രമിച്ചു നോക്കിയതിനു ശേഷം മാത്രം അങ്ങനെയൊരു നിഗമനത്തിലെത്തുക.
5. പാഷനേറ്റ്
ചെയ്യുന്ന കാര്യം എത്രതന്നെ ചെറുതായാലും അത് പാഷനോടെ ചെയ്യുക. അത് കുക്കിങ് മുതൽ ഗാർഡനിങ് വരെ എന്തു ജോലിയായാലും ഏറ്റവും പാഷനേറ്റായി ചെയ്താൽ മനസ്സിന് സന്തോഷവും സംതൃപ്തിയും ലഭിക്കും. ഒരു ജോലി ചെയ്യുമ്പോൾ അതൊരു ജോലിയായി തോന്നാതെ ഒരു ഹോബിയായി അനുഭവപ്പെടുകയും ചെയ്യും.
6. നല്ല ശരീരഭാഷ
ആശയവിനിമയത്തിൽ ശരീരഭാഷക്ക് വലിയ പങ്കുണ്ട്. ശബ്ദത്തിനും മോഡുലേഷനും ഉള്ളതിനേക്കാൾ ആശയവിനിമയം നടത്തുന്നയാളുടെ ശരീരഭാഷക്ക് വലിയ പ്രാധാന്യമുണ്ട്. ശരീരഭാഷയാണ് ആശയവിനിമയത്തിന്റെ സ്വഭാവം നിർണ്ണയിക്കുന്നതും മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുന്നതും. നല്ല ശരീരഭാഷയാണുള്ളതെങ്കിൽ ആശയവിനിമയം ഉദ്ദേശിച്ച ഗുണം ചെയ്യും. ഇല്ലെങ്കിൽ മറിച്ചായിരിക്കും ഫലം.
7. എപ്പോഴും തയ്യാറായിരിക്കുക
എന്തിനും ഏതിനും എപ്പോഴും തയ്യാറുള്ളവരായിരിക്കുക. നിങ്ങളുടെ മടിയോ മൂഡോ ഒരു കാര്യവും മാറ്റിവെക്കാനും ചെയ്യാതിരിക്കാനും കാരണമാകരുത്. ഇത് നിങ്ങളുടെ കഴിവുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. നിങ്ങളുടെ സന്നദ്ധതയും സമീപനവും മാത്രമാണ് ഇതിനാവശ്യം.
8. അൽപം കൂടുതൽ ചെയ്യുക
ഒരു കാര്യം ചെയ്യുമ്പോൾ അതിൽ അൽപം കൂടുതൽ ചെയ്യാൻ നോക്കുക. 10 മിനിറ്റ് മെഡിറ്റേഷൻ 12 മിനിറ്റ് ചെയ്യുക. 30 മിനിറ്റ് നടക്കാൻ പോകുന്നവരാണെങ്കിൽ അഞ്ചോ പത്തോ മിനിറ്റ് അധികമായി നടക്കുക.
9. പഠിക്കാൻ തയ്യാറാവുക
പഠനത്തിനും പരിശീലനത്തിനും തയ്യാറുള്ള മനസ്സ് നിങ്ങളെ എപ്പോഴും തുറന്ന മനസ്സുള്ളവരാക്കി നിലനിർത്തുന്നു. കൂടാതെ പുതിയ പുതിയ കാര്യങ്ങളും സ്കില്ലുകളും പഠിക്കാനും പരിശീലിക്കാനും അനുവദിക്കുന്നു.
10. ശക്തമായ വർക് എത്തിക്സ്
ചെയ്യുന്ന ജോലിയിൽ എപ്പോഴും ഒരു ധാർമികത സൂക്ഷിക്കുക. അത് ജോലിയോട് നിങ്ങൾക്കുള്ള ആത്മാർത്ഥതയും അർപ്പണബോധവും സൂചിപ്പിക്കുന്നു. മാത്രമല്ല, മറ്റുള്ളവർക്ക് നിങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും നൽകുന്നു.
നിങ്ങളുടെ കഴിവുകളേക്കാൾ നിങ്ങളുടെ എഫർട്ടും അർപ്പണബോധവുമായിരിക്കണം നിങ്ങളെ ജഡ്ജ് ചെയ്യേണ്ടത്. മുകളിൽപ്പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ശീലമാക്കുകയാണെങ്കിൽ ആഗ്രഹിക്കുന്ന ജീവിതം നയിക്കാൻ അത് നിങ്ങളെ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.