സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ബന്ധങ്ങൾ
text_fieldsലോകത്തിലെ ഏറ്റവും നീണ്ട പഠനങ്ങളിലൊന്നായ ഹാപ്പിനസ് റിസര്‍ച്ച് പറയുന്നത് നല്ല ബന്ധങ്ങളാണ് മനുഷ്യനെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്തുന്നത് എന്നാണ്. നീണ്ട 80 വര്‍ഷങ്ങളുടെ പഠനത്തിനൊടുവിലായിരുന്നു ഈ കണ്ടെത്തല്‍. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആവശ്യത്തിന് സമയം ചെലവഴിക്കുന്നത് ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും സന്തോഷം നല്‍കുകയും ചെയ്യുന്നു.
ജോലിയും വ്യക്തിജീവിതവും തമ്മില്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ സ്ഥാപിക്കുക. അമിതജോലി തളര്‍ച്ചയ്ക്കും സന്തോഷം കുറയുന്നതിനും ഇടയാക്കും. സ്വയം പരിചരണത്തിനും ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയില്ലെങ്കില്‍ മറ്റുള്ളവരുമായുള്ള ബന്ധത്തിലും അത് പ്രതിഫലിക്കും. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പങ്കാളികള്‍ക്കും ക്വാളിറ്റി സമയം നല്‍കുന്നത് നിങ്ങള്‍ക്കു മാത്രമല്ല അവര്‍ക്കും സന്തോഷം നല്കുന്നു. നിങ്ങളുടെ സന്തോഷം ജീവിതത്തിലെ മറ്റു മേഖലകളിലെ വിജയങ്ങള്‍ക്കും വഴിയൊരുക്കും.
നിങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ആളുകളോട് നിങ്ങള്‍ക്കുള്ള നന്ദി പ്രകടിപ്പിക്കുന്നത് സന്തോഷത്തെ ഗണ്യമായി വര്‍ധിപ്പിക്കും. നിങ്ങളെ സ്നേഹിക്കുന്നതിനും കൂടെ നില്ക്കുന്നതിനും അവരോട് നന്ദിയുണ്ടാവുക മാത്രമല്ല അത് അവരെ അറിയിക്കുകയും വേണം. നിങ്ങള്‍ അവരെ അംഗീകരിക്കുകയും പരിഗണിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് കൂടുതലായി നിങ്ങളെ സ്നേഹിക്കാനുള്ള പ്രചോദനമാണ് അവര്‍ക്ക് നല്‍കുക.
ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നല്ല ശീലങ്ങളും കഴിവും ശ്രമവും വേണം. ഇവ നമുക്ക് പരിശ്രമത്തിലൂടെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. പ്രതിബദ്ധതയാണ് അതിനേറ്റവും അത്യാവശ്യം. അതിന് ആദ്യം വേണ്ടത് നിങ്ങള്‍ നിങ്ങളെ സ്നേഹിക്കുകയാണ്. നിങ്ങളുടെ കാര്യത്തില്‍ കൂടുതലായി ശ്രദ്ധിക്കുകയും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്കായി പണവും സമയവും ചെലവഴിക്കുകയും സ്വയം മനസ്സിലാക്കുകയും ചെയ്യണം. നിങ്ങള്‍ക്ക് മറ്റുള്ളവരുമായി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതിന്റ കാരണമെന്താണെന്ന് കണ്ടെത്തണം. നിങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുക.
ശരിയായ ആശയവിനിമയം നടത്തുക എന്നത് ബന്ധങ്ങളില്‍ ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ്. കാര്യങ്ങള്‍ പറയാതെ പോകുന്നതും കൃത്യമായി പറയാതിരിക്കുന്നതുമാണ് പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കുന്നത്. കൂടാതെ, ജഡ്ജ്മെന്റല് ആവുന്നതും കാരണങ്ങള്‍ ഊഹിച്ച് കണ്ടെത്തുന്നതും ശരിയല്ല. അത്തരം സാഹചര്യങ്ങളില്‍ പരസ്പരം സംസാരിച്ചു മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കുക. നിങ്ങളുടെ അപ്പോഴത്തെ മാനസികാവസ്ഥ അനുസരിച്ചായിരിക്കും നിങ്ങളുടെ ഊഹങ്ങള്‍. അവ മിക്കപ്പോഴും ശരിയായിരിക്കണമെന്നില്ല. ബന്ധങ്ങള്‍ക്ക് എപ്പോഴും ഒരു നിര്‍വചനം ഉണ്ടാകുന്നത് നല്ലതാണ്. ഒരാളോട് നിങ്ങള്‍ക്കുള്ള ബന്ധം ഫോര്മലാണോ, ഇന്ഫോര്മലാണോ അതോ സെമി ഫോര്മലാണോ എന്നതിന് ഒരു വ്യാഖ്യാനം ഉണ്ടാകുന്നതാണ് നല്ലത്. പിന്നീടുണ്ടായേക്കാവുന്ന പല സങ്കീര്‍ണ്ണതകളും ഒഴിവാക്കാനും ബന്ധങ്ങളുടെ സ്വബാവമനുസരിച്ച് പെരുമാറാനും അത് സഹായിക്കും.
നല്ല കേള്‍വിക്കാരാകുന്നത് ബന്ധങ്ങള്‍ക്ക് ഈട് നല്കുന്നു. വേണ്ടപ്പെട്ടവര്‍ക്ക് പറയാനുള്ളത് എന്തുതന്നെയായാലും അത് കേള്‍ക്കാനും പരിഗണിക്കാനും ശ്രമിക്കുക. മറ്റുള്ളവരോട് സ്നേഹം മാത്രമല്ല കരുണയും പരിഗണനയും ബഹുമാനവും കാണിക്കുക. നല്ല ബന്ധങ്ങളുണ്ടാകുന്നത് നല്ല ജീവിതം മാത്രമല്ല, ടെന്‍ഷനില്ലാത്ത, സമ്മര്‍ദ്ദങ്ങളില്ലാത്ത ജീവിതം സമ്മാനിക്കുന്നു. അടുത്ത തലമുറയെ ശരിയായി പരുവപ്പെടുത്താനും സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കാനും അത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.