േവണ്ട, കുട്ടികളോട് ക്രൂരത...ബാല്യകാല അനുഭവങ്ങൾ കുട്ടികളെ ക്രിമിനലാക്കുമെന്ന് പഠനം
text_fieldsതൃശൂർ: ബാല്യകാലത്ത് ശാരീരിക -മാനസിക പീഡനങ്ങൾക്ക് സ്ഥിരമായി വിധേയരാകുന്ന കുട്ടികൾ ഭാവിയിൽ അക്രമകാരികളായ സാമൂഹിക വിരുദ്ധരാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വകുപ്പാണ് പഠനം നടത്തിയത്. ജന്തുശാസ്ത്ര വകുപ്പിലെ ബയോ കെമിസ്ട്രി ആൻഡ് ടോക്സിക്കോളജി ലാബിലെ മുൻ ഗവേഷകനും നിലവിൽ കേരള പൊലീസ് അക്കാദമിയിലെ ഫോറൻസിക് സയൻസ് അസി. പ്രഫസറുമായ തൃശൂർ സ്വദേശി ഡോ. എം.എസ്. ശിവപ്രസാദ്, ഗൈഡ് ഡോ. വൈ.എസ്. ഷിബു, പൊലീസ് അക്കാദമിയിലെ ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
കേരളത്തിൽ ഗുണ്ട ആക്ട് പ്രകാരം ഒന്നിൽ കൂടുതൽ തവണ കരുതൽ തടവിൽ വെക്കുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്ത അക്രമകാരികളായ സ്ഥിരം കുറ്റവാളികളിൽ നടത്തിയ പഠനത്തിലാണ് അതിരൂക്ഷമായ ബാല്യകാല ദുരനുഭവങ്ങൾ ഇവർ നേരിട്ടതായി കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന നിർദേശിച്ച ബാല്യകാല പ്രതികൂല അനുഭവങ്ങൾ ശേഖരിക്കാനുള്ള ചോദ്യാവലി ഉപയോഗിച്ച് 2013 -2018 കാലഘട്ടത്തിൽ 35 തീവ്ര അക്രമികളിൽനിന്ന് വിവര ശേഖരണം നടത്തി അവ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത വ്യക്തികളുടെ ജീവിത പശ്ചാത്തലവുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയത്.
വീട്ടുകാരിൽനിന്നോ അടുത്ത ബന്ധുക്കളിൽനിന്നോ ഏൽക്കുന്ന ശാരീരിക ഉപദ്രവങ്ങൾ, മാനസിക പീഡനങ്ങൾ, കുടുംബ കലഹങ്ങൾ, ലഹരിക്ക് അടിമപ്പെട്ടവരോ ജയിൽശിക്ഷ അനുഭവിച്ചവരോ ആയ കുടുംബാംഗങ്ങളുടെ സാന്നിധ്യം, മാനസിക വെല്ലുവിളി നേരിടുന്ന കുടുംബാംഗങ്ങൾ, പരസ്പരം അകന്ന് കഴിയുന്ന മാതാപിതാക്കൾ എന്നിവ അക്രമ സ്വഭാവ രൂപവത്കരണത്തെ സ്വാധീനിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കൂടാതെ വീട്ടിൽനിന്നുള്ള നിരന്തര അവഗണനയും സമപ്രായക്കാർക്കിടയിൽനിന്നുള്ള സ്ഥിരം പരിഹാസങ്ങളും ദേഹോപദ്രവവും അതിതീവ്ര അക്രമ സ്വഭാവത്തിലേക്ക് എത്തിക്കുന്നു. ബാല്യകാല ദുരനുഭവങ്ങളുടെ തോതനുസരിച്ച് ഇവരിൽ മദ്യപാനവും ലഹരി ഉപയോഗവും കൂടുന്നതായും കണ്ടെത്തി.
ഇന്ത്യയിലെ സ്ഥിരം കുറ്റവാളികൾക്കിടയിൽ ഇത്തരത്തിൽ ഒരു പഠനം ആദ്യമാണ്. കേരളത്തിൽ തീവ്രസ്വഭാവമുള്ള അക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഈ പഠനം പ്രത്യേക പ്രാധാന്യമർഹിക്കുന്നതായിട്ടാണ് വിലയിരുത്തൽ. പഠനത്തിന്റെ വിശദാംശങ്ങൾ അന്താരാഷ്ട്ര ജേണലായ ജേണൽ ഓഫ് ചൈൽഡ് ആൻഡ് അഡോളസെൻറ് ട്രോമയിൽ (സ്പ്രിൻജർ -നാച്വർ പബ്ലിക്കേഷൻ) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.