വിദ്യാർഥികളിലേറെപേരും പഠനസമ്മർദത്തിലും പരീക്ഷപ്പേടിയിലുമെന്ന് പഠനം; കുട്ടികളുടെ മനോനില പരിഗണിക്കണമെന്ന് നിർദേശം
text_fieldsഹൈസ്കൂൾ വിദ്യാർഥികളിലേറെപേരും പഠനകാര്യങ്ങളെ ചൊല്ലിയുള്ള സമ്മർദത്തിലും ആശങ്കയിലുമാണെന്ന് എൻ.സി.ഇ.ആർ.ടി പഠനം. 81 ശതമാനം വിദ്യാർഥികളും പഠന കാര്യങ്ങളെ ചൊല്ലി ആശങ്കയിലാണെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയാണ് വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. 3.8 ലക്ഷം വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. 81 ശതമാനം വിദ്യാർഥികളും പഠന കാര്യങ്ങളെ ചൊല്ലിയുള്ള ആശങ്കകൾ അനുഭവിക്കുമ്പോൾ അതിൽ പകുതിയോളം (49 ശതമാനം) കുട്ടികളെ വലക്കുന്നത് പഠനഭാരമാണ്. 28 ശതമാനം വിദ്യാർഥികളാണ് പരീക്ഷാപ്പേടി കാരണം വലയുന്നത്.
ആശങ്കയുടെ കാര്യത്തിൽ ആൺകുട്ടികളേക്കാൾ പെൺകുട്ടികൾ അൽപം മുകളിലാണ്. പകുതി പെൺകുട്ടികളും പഠന കാര്യങ്ങളോർത്ത് ആശങ്ക പെടുമ്പോൾ 47 ശതമാനം ആൺകുട്ടികളെയാണ് പഠന കാര്യങ്ങൾ ആശങ്കപ്പെടുത്തുന്നത്.
കുടുംബത്തിന്റെ സാമൂഹ്യ നിലവാരവും 'നിലയും വിലയുമെല്ലാം' കുട്ടികളുടെ പഠന സമ്മർദത്തെ ബാധിക്കുന്നുണ്ടെന്നും പഠനത്തിൽ തെളിഞ്ഞു. ഉയർന്ന 'സോഷ്യൽ സ്റ്റാറ്റസുള്ള' കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ പഠന കാര്യത്തിൽ കൂടുതൽ സമ്മർദം അനുഭവിക്കുന്നുണ്ട്. കുടുംബത്തിന്റെ നിലവാരമനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാനാകുമോയെന്ന ആശങ്കയാണ് ഈ കുട്ടികളെ ചുറ്റിക്കുന്നത്.
താഴെ ക്ലാസുകളിൽ നിന്ന് മുകളിലേക്ക് പോകുമ്പോൾ കുട്ടികളുടെ സന്തോഷത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. പഠന കാര്യങ്ങൾ അവരുടെ ആശങ്കയേറ്റുന്നുമുണ്ട്. ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിലെ കുട്ടികൾ വലിയ വൈകാരിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. എന്നാൽ, സമൂഹത്തിൽ നിന്നോ കുടുംബത്തിൽ നിന്നോ മറ്റോ ഇവർക്കാവശ്യമുള്ള പിന്തുണ ലഭിക്കുന്നില്ല. പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുന്ന പ്രധാനഘടകങ്ങൾ സുഹൃത്തുക്കളും കുടുംബവുമായുള്ള ബന്ധമാണെന്നും കുട്ടികൾ തുറന്നുപറയുന്നുണ്ട്.
കുട്ടികളുടെ മനോനില പരിഗണിക്കുന്ന വൈകാരിക വിദ്യാഭ്യാസവും കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന് പഠന റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. കുട്ടികളുമായി ചേർന്ന് നിൽക്കലും കരുതലിന്റെയും വിശ്വസ്തതയുടെയും ആശ്വാസം പകരലും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.