കുട്ടികളിലെ ഗാഡ്ജറ്റ് ഉപയോഗം നിയന്ത്രിക്കാൻ ചില വഴികൾ
text_fieldsരക്ഷിതാക്കൾ ശരിക്കും പെട്ടുപോയ അവസ്ഥയിലാണ്. മൊബൈലിൽ കളിച്ചത് മതി മോനേ എന്നു പറഞ്ഞ സ്ഥാനത്ത് മൊബൈലിൽ നോക്കി പഠിക്ക് മോനേ എന്നു പറയുന്ന അവസ്ഥയിലേക്കാണ് കോവിഡ് നമ്മെ കൊണ്ടുചെന്നെത്തിച്ചിരുന്നത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ. മൊബൈലും ടാബും കമ്പ്യൂട്ടറും ലാപ്ടോപ്പുമെല്ലാം കുട്ടികളുടെ ജീവിതത്തിെൻറ പഠനത്തിെൻറ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇനി നമുക്ക് ചെയ്യാൻ കഴിയുക ഇവ സുരക്ഷിതമായി ഉപയോഗിക്കാനും ഉപയോഗം പരമാവധി കുറക്കാനും ശ്രമിക്കാം എന്നത് മാത്രമാണ്. ഈ സാഹചര്യത്തിൽ ഗാഡ്ജറ്റുകളുടെ ഉപയോഗമുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെയുംകുറിച്ച് വിവരിക്കുന്നു.
മസ്തിഷ്കത്തെ ബാധിക്കും
കുട്ടികളുടെ മസ്തിഷ്കം വളര്‍ന്നുവരുന്ന അവയവമാണ്. അവിടെ പുതിയ ഭാഗങ്ങള്‍ രൂപംകൊള്ളുകയും ഉപയോഗിക്കാത്തവ നശിക്കുകയും ചെയ്യുന്നു. കുട്ടികളുടെ പഠനങ്ങളില്‍ ഭൂരിഭാഗവും പരിസ്ഥിതിയില്നിന്നാണ്- കാഴ്്ച, നിരീക്ഷണം, കേള്‍വി, വ്യത്യസ്ത വികാരങ്ങള്‍ എന്നിവയാണത്. ഗന്ധവും രുചിയുമെല്ലാം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ ഉപയോഗപ്പെടുത്തുന്നു. മസ്തിഷ്കം ഇവയെല്ലാം സംയോജിപ്പിച്ച് കുട്ടിക്ക് ഒരു അദ്വിതീയ അനുഭവം സൃഷ്ടിക്കുന്നു. സജീവമായ ഇടപെടലുകളൊന്നുമില്ലാതെ ഒരു കുട്ടി സ്ക്രീനിലെ ദൃശ്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുമ്പോള്‍ തലച്ചോറിെൻറ ആരോഗ്യകരമായ വികാസത്തെ അത് ദോഷകരമായി ബാധിക്കും. കൂടാതെ കഴുത്ത്, നട്ടെല്ല്, വിരലുകള്‍, തള്ളവിരല്‍ എന്നിവയെയും ബാധിക്കും.
ഗാഡ്ജറ്റുകളുടെ അമിതമായ ഉപയോഗം വിദ്യാർഥികളുടെ പഠനപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അവരുടെ ഏകാഗ്രത കുറക്കുമെന്നും ഓർമശക്തി ക്ഷയിപ്പിക്കുമെന്നും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഡിമെന്‍ഷ്യ എന്ന പുതിയ പദം ഈ വസ്തുതകളിലേക്ക് വിരല്‍ചൂണ്ടുന്നു.
അതേസമയം, ഉള്ളടക്കം അടിസ്ഥാനമാക്കി ഗാഡ്ജറ്റുകളുടെ ഉപയോഗം ചിലപ്പോൾ ഗുണപ്രദമാണ്. ഇത് തലച്ചോറിെൻറ പ്രവര്ത്തനപാതയെ ഉത്തേജിപ്പിക്കുകയും ഡോപാമൈന്‍ എന്ന രാസവസ്തു പുറത്തുവിടുകയും അതിലൂടെ ഈ സര്‍ക്യൂട്ട് സജീവമാകുകയും ചെയ്യും. അതിനാല്‍ പ്രതിഫലം പ്രതീക്ഷിച്ച് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുമ്പോഴോ കാണുമ്പോഴോ അല്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴോ ഈ നെറ്റ്വര്‍ക്ക് കൂടുതല്‍ ശക്തമാകും.
മാനസികപ്രശ്നങ്ങൾ
ഗാഡ്ജറ്റുകളെ വളരെയധികം ആശ്രയിക്കുന്ന കുട്ടികള്‍ക്ക് വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അവര്‍ എളുപ്പം ആവേശഭരിതരാകുകയും പരിണിതഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ പെട്ടെന്നുതന്നെ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും. തല്‍ക്ഷണംതന്നെ സംതൃപ്തി വേണമെന്ന് ഇങ്ങനെയുള്ളവര്‍ ആഗ്രഹിക്കുന്നു. ഇത് കുട്ടികളെ അനുസരണക്കേട്, നുണപറയല്‍, മോഷണം, ആത്മഹത്യശ്രമം, മറ്റുള്ളവരെ ദ്രോഹിക്കല്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഗെയിമുകളും അതിലെ അക്രമങ്ങളും കുട്ടികളുടെ മനോഭാവത്തിലും ചിന്താപ്രക്രിയയിലും വലിയ സ്വാധീനം ചെലുത്തുന്നു.
ചില സമയങ്ങളില്‍ കുട്ടികള്‍ യഥാർഥ സുഹൃത്തുക്കളെയും കൂട്ടാളികളെയും ഓണ്‍ലൈനില്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു. അതിലൂടെ പലപ്പോഴും വഞ്ചനക്ക് ഇരയാക്കപ്പെടുന്നു.
നിയന്ത്രിക്കാൻ കഴിയുമോ
കുട്ടികളുടെ മറ്റു പല പെരുമാറ്റദൂഷ്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായ രക്ഷിതാക്കള്‍ക്ക്, ഗാഡ്ജറ്റുകളുടെ അമിത ഉപയോഗം നിയന്ത്രിക്കുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അവര്‍ക്ക് ഇക്കാര്യത്തില്‍ പിന്തുടരാന് ഒരു മാതൃകയില്ല എന്നതുതന്നെയാണ് സുപ്രധാനമായ കാരണം. ദോഷകരമായ ഉപയോഗം തിരിച്ചറിയുന്നതില്‍ രക്ഷിതാക്കള്‍ പല സമയങ്ങളിലും പരാജയപ്പെടുന്നു. ചില സമയങ്ങളില്‍ കുട്ടികള്‍ക്ക് അവരെ സമാധാനിപ്പിക്കുന്നതിനോ ഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനോ ഗാഡ്ജറ്റുകള്‍ കൈയില്‍ വെച്ചുകൊടുക്കുന്നു. എന്നാല്‍, അപ്പോള്‍ സംഭവിക്കുന്നത്, കുട്ടി ഗാഡ്ജറ്റുകളെയാണ് സ്വീകരിക്കുന്നത് ഭക്ഷണത്തെയല്ല എന്നതാണ്. ഗാഡ്ജറ്റുകള്‍ക്ക് അടിപ്പെടുന്ന കുട്ടിയെ തങ്ങള്‍ക്ക് നഷ്ടപ്പെടുകയാണെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കിക്കഴിയുമ്പോഴേക്കും, അതില്‍നിന്നും അവരെ തിരിച്ചുകൊണ്ടുവരാനുള്ള തന്ത്രങ്ങളൊന്നും അവരുടെ കൈവശമുണ്ടാവില്ല. അതിനാൽ, അത്യാവശ്യ പഠന ആവശ്യങ്ങൾക്കല്ലാതെ കുട്ടികൾക്ക് ഗാഡ്ജറ്റുകൾ നൽകാതിരിക്കുക. നൽകിയാലും നമ്മുടെ രണ്ട് കണ്ണും അവർക്കൊപ്പം ഉണ്ടാവണം. ആവശ്യം കഴിഞ്ഞാൽ ഉടൻ തിരികെ വാങ്ങിവെക്കണം. കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണമല്ല മൊബൈൽ എന്ന് അവരെ ബോധ്യപ്പെടുത്തണം.
പരിഹരിക്കാൻ ചില വഴികൾ
1. ഗാഡ്ജറ്റ് ഉപയോഗത്തിെൻറ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക.
2. ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഗാഡ്ജറ്റ് ഉപയോഗിക്കുന്നതിന് ഒരു ടൈംടേബ്ൾ ഉണ്ടാക്കുക.
3. ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ അനുവദിക്കാതിരിക്കുക. പ്രായം അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. കുട്ടികൾ ടൈംടേബ്ൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ അൽപം സമയംകൂടി അധികം നൽകാം.
4. മൊബൈലോ ലാപ്ടോപ്പോ ലഭിക്കാത്തതുമൂലമുള്ള ദേഷ്യം പ്രോത്സാഹിപ്പിക്കരുത്.
5. ഇതിന് പകരം കല, കായികം, സംഗീതം, നീന്തൽ പോലുള്ള മറ്റു വിനോദങ്ങൾ പ്രോത്സാഹിപ്പിക്കണം.
6. പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സൗകര്യം ഏർപ്പെടുത്തണം.
7. ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന മറ്റു കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധം സ്ഥാപിക്കുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യണം.
8. ഗാഡ്ജറ്റുകളുടെ ഉപയോഗം കുറച്ച് രക്ഷിതാക്കൾ മാതൃക കാണിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.