എന്താണ് ട്രോമ ? എങ്ങനെ പുറത്തുകടക്കാം?
text_fieldsജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നമുക്കുണ്ടായ അനിഷ്ടകരമായ, ഭയപ്പെടുത്തുന്ന അനുഭവങ്ങളുടെ ഓര്‍മ്മകള്‍ പിന്നീട് എപ്പോഴെങ്കിലും ട്രിഗര്‍ ചെയ്യപ്പെടുന്നതിനെയാണ് ട്രോമ എന്ന് പറയുന്നത്. അത് ജീവിതം ദുഷ്ക്കരമാക്കുന്നു. പലപ്പോഴും ട്രോമ അനുഭവിച്ചവര്‍ ആ അനുഭവത്തെക്കുറിച്ച് ആരോടും തുറന്നു സംസാരിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ അവരനുഭവിക്കുന്ന പ്രശ്നം ട്രോമയാണ് എന്നു മനസ്സിലാക്കാന്‍ ചുറ്റുമുള്ളവര്‍ക്ക് പ്രയാസമായിരിക്കും. ട്രോമ അപകടങ്ങളോ ശാരീരികവും മാനസികവുമായ പീഡനങ്ങളോ അങ്ങനെ എന്തുമാകാം.
ട്രോമയുള്ളവര് നേരിടുന്ന പ്രശ്നങ്ങള്‍
- ബന്ധങ്ങളെ, പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തെയാണ് ട്രോമ പ്രധാനമായും ബാധിക്കുന്നത്. ബന്ധങ്ങളില്‍ താല്പര്യമില്ലാതെ വരിക, പങ്കാളിയെ സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റാതെ വരിക തുടങ്ങീ ബന്ധങ്ങളെ മോശമായി ബാധിക്കുന്ന നിരവധി പെരുമാറ്റങ്ങള്‍ ട്രോമയുള്ളവരില് നിന്ന് ഉണ്ടായേക്കാം.
- ജോലി / കരിയറിനെയും ട്രോമ നെഗറ്റീവായി ബാധിക്കുന്നു. ജോലിയില്‍ പൂര്‍ണ്ണമായും മുഴുകാനോ, ആത്മാര്‍ത്ഥമായി ജോലി ചെയ്യാനോ കഴിയാതെ വരുന്നു.
- വിഷാദം, ഉല്‍ക്കണ്ഠ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുകയും മാനസികാരോഗ്യത്തെ ആഴത്തില്‍ മുറിപ്പെടുത്തുകയും ചെയ്യുന്നു.
- നെഗറ്റീവ് ഇമോഷനുകളില്‍ പെട്ടുപോകാന്‍ ട്രോമ കാരണമാകുന്നു. ജീവിതത്തില്‍ അര്‍ത്ഥമില്ലെന്നും, എനിക്ക് ഒന്നിനും കഴിയില്ലെന്നുമുള്ള തരത്തില്‍ ചിന്തകളെ നെഗറ്റീവായി ബാധിക്കുന്നു.
- ക്ഷീണം, ദുസ്വപ്നം, പേടി, ഉറക്കമില്ലായ്മ തുടങ്ങിയ അവസ്ഥകളും ട്രോമയുടെ ഭാഗമായി ഉണ്ടാകുന്നു.
- താനനുഭവിച്ച ട്രോമയുമായി സാമ്യമുള്ള സാഹചര്യങ്ങളെയും വ്യക്തികളെയും ഭയപ്പെടുന്നു.
- ട്രോമ പലപ്പോഴും ശാരീരിക അസ്വാസ്ഥ്യങ്ങളും സൃഷ്ടിക്കുന്നു.
എങ്ങനെ പുറത്തുകടക്കാം ?
- ട്രോമയെ അഭിമുഖീകരിക്കാതെ മുന്നോട്ടുപോയാല്‍ ജീവിതം കൂടുതല്‍ കൂടുതല്‍ ദുഷ്ക്കരമായി മാറുകയേയുള്ളൂ. അതിനാല്‍ ട്രോമയുള്ളവര് അത് തുറന്നുപറയാനും സപ്പോര്‍ട്ട് തേടാനും വിമുഖത കാണിക്കരുത്. മറ്റുള്ളവര്‍ എന്തു കരുതും എന്നു ചിന്തിച്ച് തുറന്നുപറയാതിരുന്നാല്‍ ജീവിതം കൈവിട്ടുപോകും. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ജീവിത്തില്‍ അത്തരം എന്തെങ്കിലും ട്രോമകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ നമ്മളും ശ്രമിക്കണം. ട്രോമയുള്ള സുഹൃത്തുക്കളോ പ്രിയപ്പെട്ടവരോ ഉണ്ടെങ്കില്‍ അവര്‍ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും നല്കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം.
- കുട്ടികള്‍ സാധാരണയില്‍ നിന്നു വ്യത്യസ്തമായി പെരുമാറുക, സന്തോഷം കാണിക്കാതിരിക്കുക, കൃത്യമായി ഭക്ഷണം കഴിക്കാതിരിക്കുക, ഉറങ്ങാതിരിക്കുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അതേക്കുറിച്ച് അവരോട് ചോദിക്കണം. ഇവ ട്രോമയുടെ ലക്ഷണങ്ങളാകാം. വളരെ ക്ഷമയോടെയും എമ്പതിയോടെയും വേണം അവരോട് അതിനെക്കുറിച്ച് ചോദിക്കാനും അവരെ കേള്‍ക്കാനും. സപ്പോര്ട്ടീവല്ലാത്ത ഒരു അന്തരീക്ഷത്തില്‍ അവര്‍ ഒരിക്കലും തുറന്നുപറച്ചിലിന് തയ്യാറാവില്ല.
- ശാരീരികമായ പീഡനങ്ങളുടെ ട്രോമയുള്ള പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ക്ക് വൈവാഹിക ബന്ധത്തില്‍ ബുദ്ധിമുട്ടുകളുണ്ടാകും. പലപ്പോഴും പുരുഷന്മാരെ അവര്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയുണ്ടാകും. ട്രോമയുടെ ഓര്‍മ്മകള്‍ ട്രിഗര്‍ ചെയ്യുന്ന സമയത്ത് പാനിക് അറ്റാക്ക്, വിറയല്‍ പോലുള്ള ശാരീരിക ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ഇത്തരം ലക്ഷണങ്ങളെ സീരിയസായി പരിഗണിക്കണം.
- ട്രോമ നൂറു ശതമാനം മുക്തി ലഭിക്കുന്ന ഒന്നല്ല എങ്കിലും കൃത്യമായ, സമയോചിതമായ ഇടപെടലുകള്‍ വഴി 90 ശതമാനം വരെ ട്രോമയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും.
- ട്രോമ ട്രിഗര്‍ ചെയ്യപ്പെടുന്ന സാഹചര്യങ്ങളില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ വളരെ നല്ലതാണ്. പുതിയ കാര്യങ്ങളില്‍ വ്യാപൃതരാകാനും പുതിയ ഹോബികള്‍ തുടങ്ങാനും അവരെ പ്രോത്സാഹിപ്പിക്കുക. അവരുടെ ചിന്തകളെ മറ്റു സന്തോഷകരമായ കാര്യങ്ങളിലേക്ക് വഴിതിരിച്ചു വിടുക.
- ട്രോമാറ്റിക്കായ അനുഭവങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുള്ളവര് അത് തുറന്നുപറയാനും ചികിത്സിക്കാനും തയ്യാറാവുകയാണ് ഏറ്റവും പ്രധാനം. അവയെ കഴിഞ്ഞകാലത്തെ ദുസ്വപ്നങ്ങളായി കണ്ട് മുന്നോട്ടുള്ള ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധനല്‍കിയാല്‍ സന്തോഷകരമായ ഒരു ജീവിതമാണ് കാത്തിരിക്കുന്നത് എന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ ചുറ്റുമുള്ളവരും ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.