പുലയനാര്‍കോട്ട, കുറ്റ്യാടി ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 48 കോടിയുടെ ഭരണാനുമതി
text_fieldsതിരുവനന്തപുരം: പുലയനാര്‍കോട്ട നൊഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 47.93 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. ഇതില്‍ 7.19 കോടി സംസ്ഥാന വിഹിതമാണ്. പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയ്ക്ക് 28.50 കോടി രൂപയും കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് 19.43 കോടി രൂപയുമാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തലസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ആശുപത്രികളിലൊന്നാണ് പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം ആശുപത്രി വികസനത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. മന്ത്രി നേരിട്ട് ആശുപത്രിയിലെത്തുകയും വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തതിന്റെയടിസ്ഥാനത്തിലാണ് നടപടി. മൂന്ന് നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.
പുതിയ കെട്ടിടത്തിന്റെ സെല്ലാര്‍ ഫ്‌ളോറില്‍ സി.ടി സ്‌കാന്‍, എക്സ് റേ, ലബോറട്ടറി, അള്‍ട്രാ സൗണ്ട് സ്‌കാന്‍, സ്ലീപ്പ് ലാബ്, എച്ച്‌ഐവി ക്ലിനിക്ക്, മൈനര്‍ പ്രൊസീസര്‍ റൂം, പ്രീ ആന്റ് പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡുകള്‍, ടുബാക്കോ ക്ലിനിക്, പള്‍മണറി ജിം, ഗ്രൗണ്ട് ഫ്‌ളോറില്‍ ഫാര്‍മസി സ്റ്റോര്‍, ഔട്ട് പേഷ്യന്റ്സ് ട്രീറ്റ്മെന്റ് ഏരിയ, കാഷ്വാലിറ്റി, അലര്‍ജി ക്ലിനിക്ക്, ടി.ബി എം.ഡി.ആര്‍, സ്‌പെഷ്യാലിറ്റി ക്ലിനിക്ക്, ഒബ്സര്‍വേഷന്‍ വാര്‍ഡ്, ഒ.പി കൗണ്ടര്‍ എന്നിവയും ഒന്നാം നിലയില്‍ ക്ലാസ്‌റൂം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമുണ്ടാകും.
കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ കുന്നുമ്മല്‍ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രി മലയോര മേഖല ഉള്‍പ്പെട്ട ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആശ്രയമാണ്. സംസ്ഥാന പാതയോടു ചേര്‍ന്നുള്ള ആശുപത്രി ആയതിനാല്‍ അത്യാഹിത വിഭാഗം നവീകരിക്കുകയും ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിലൂടെ ഒട്ടേറെ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുന്നുണ്ട്. ഇതുകൂടാതെയാണ് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന് പുതിയ കെട്ടിടം നിർമിക്കുന്നത്.
ആറ് നിലകളുള്ള കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്. ബേസ്‌മെന്റ് ഫ്‌ളോറില്‍ പാര്‍ക്കിംഗ്, ഗ്രൗണ്ട് ഫ്‌ളോറില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ എക്‌സ്‌റേ, ലബോറട്ടറികള്‍, വെയിറ്റിംഗ് ഏരിയ, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് റൂം, ഡോക്ടര്‍ റൂം, പാര്‍ക്കിംഗ് എന്നിവയും ഒന്നാം നിലയില്‍ ലേബര്‍ റൂം കോപ്ലക്‌സ്, രണ്ടും മൂന്നും നിലകളില്‍ വിവിധ വാര്‍ഡുകള്‍, നാലാമത്തെ നിലയില്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയുമാണുള്ളത്. നാല് ലിഫ്റ്റുകളാണ് സജ്ജമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.