രോഗിയുടെ വയറ്റിൽനിന്ന് പത്തു കിലോ ഭാരമുള്ള മുഴ നീക്കി
text_fieldsതിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽനിന്ന് പത്തു കിലോഗ്രാം ഭാരമുള്ള മുഴ നീക്കംചെയ്തു. കളിയിക്കാവിള സ്വദേശിയായ 47 വയസ്സുകാരിയുടെ വയറ്റിൽ നിന്നാണ് വലിപ്പമേറിയ മുഴ പുറത്തെടുത്തത്.
വയറുപെരുക്കം, വയറുവേദന, കാലുകളിൽ നീരുകെട്ടൽ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ഇവർ ആശുപത്രിയിൽ എത്തിയത്. എം.ആർ.ഐ സ്കാൻ പരിശോധനയിൽ അണ്ഡാശയ കാൻസർ ആണെന്ന് കണ്ടുപിടിക്കുകയും ലാപ്പറോട്ടമി ചെയ്യണമെന്ന നിഗമനത്തിലെത്തുകയും ചെയ്തു. ലാപ്പറട്ടമി പരിശോധനയിൽ മുഴ കണ്ടെത്തുകയും തുടർന്ന് ഗർഭപാത്രം നീക്കംചെയ്യുന്നതിനുള്ള ഹിസ്റ്ററക്ടമി ചികിത്സയിലൂടെ മുഴ പുറത്തെടുക്കുകയുമായിരുന്നു.
അണ്ഡാശയങ്ങളും ഗർഭാശയവും ലിംഫ് നോഡുൾപ്പെടെ വേരോടെ നീക്കം ചെയ്തു. പത്തോളജി പരിശോധനയിൽ മുഴ കാൻസറിെൻറ പ്രാരംഭഘട്ടമായ ബോഡർലൈൻ സ്റേജ് ആണെന്ന് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പി. ബിന്ദു, ഡോ. എ. സിമി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ വിഭാഗം മെഡിക്കൽ ഓഫിസർ ഡോ. ജയകുമാർ, പി.ജി വിദ്യാർഥിനി ഡോ. കൃഷ്ണ എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് രോഗി കഴിഞ്ഞദിവസം ആശുപത്രി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.