മുപ്പത്തിനാലുകാരിയുടെ ഗർഭപാത്രത്തിൽനിന്നു നീക്കം ചെയ്തത് 222 മുഴകൾ
text_fieldsബംഗളൂരു: ബംഗളൂരുവിൽ 34കാരിയുടെ ഗർഭപാത്രത്തിൽനിന്നും 222 മുഴകൾ (ഫൈബ്രോയിഡ്സ്) ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. ബംഗളൂരു സക്ര വേൾഡ് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇത്രയധികം മുഴകൾ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കിയത്. ഗർഭപാത്രത്തിൽ മുഴകൾ ഉള്ളതുകൊണ്ട് അസാധാരണമായ ആർത്തവ രക്തസ്രാവവുമായാണ് മീഡിയ പ്രഫഷനലായ റിതിക എന്ന 34കാരി ആശുപത്രിയിൽ ചികിത്സ തേടിയത്.
വിളർച്ച, ക്ഷീണം, അടിവയറിന് വേദന തുടങ്ങിയ അസ്വസ്ഥതകളായിരുന്നു ഉണ്ടായിരുന്നത്. ഗർഭാശയത്തിെൻറ ഘടന തന്നെ വികലമാക്കുന്ന മുഴകൾ നാലര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. പരിശോധനയിൽ യുവതിയുടെ ഗർഭ പാത്രം എകദേശം എട്ടുമാസം ഗർഭം ധരിച്ചതിെൻറ അത്രയും വലുപ്പത്തിലാണുണ്ടായിരുന്നതെന്നും അടിവയറ്റിൽ വീക്കമുണ്ടായിരുന്നതായും സക്ര ആശുപത്രിയിലെ സീനിയർ കൺസൾട്ടൻറും ഗൈനോക്കാളജി മേധാവിയുമായ ഡോ. ശാന്തല തുപ്പണ്ണ പറഞ്ഞു.
പല വലുപ്പത്തിലുള്ള 222 മുഴകൾ ചേർന്ന് ആകെ 2.2 കിലോയോളം ഭാരമാണുണ്ടായിരുന്നത്. മൂത്രസഞ്ചിയിലും ഗർഭപാത്രത്തിെൻറ ഇടതുഭാഗത്തുമാണ് മുഴകളുണ്ടായിരുന്നത്. 50ശതമാനം വരെ സ്ത്രീകളിൽ ഗർഭായ മുഴകൾ സാധാരണമാണ്. എന്നാൽ, ഇത്രയധികം മുഴകൾ അപൂർവമാണ്. കോവിഡിനെതുടർന്ന് ഒരു വർഷത്തോളം ഗർഭപാത്രത്തിലെ മുഴക്ക് ചികിത്സ തേടാനും വൈകിയിരുന്നു. അർബുദമായി മാറില്ലെങ്കിലും ഇത്തരം മുഴകൾ നീക്കം ചെയ്തില്ലെങ്കിൽ മറ്റു ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
ഏറ്റവും കൂടുതൽ മുഴ നീക്കം ചെയ്തതിനുള്ള ഗിന്നസ് ലോക റെക്കോഡാണിതെന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു. 2016ൽ ഈജിപ്തിൽ 186 മുഴകൾ നീക്കം ചെയ്തതാണ് നിലവിലുള്ള ഗിന്നസ് വേൾഡ് റെക്കോഡ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.