വാക്സിൻ കിട്ടാതെ 3599 കുഞ്ഞുങ്ങൾ കുത്തിവെപ്പ് നിലവാരം 88 ശതമാനം മാത്രം
text_fieldsപാലക്കാട്: ജില്ലയിൽ നവജാത ശിശുക്കൾക്കുള്ള രോഗപ്രതിരോധ കുത്തിവെപ്പിനോട് വിമുഖരായി നിരവധി മാതാപിതാക്കൾ. 3599 കുട്ടികൾ കുത്തിവെപ്പ് എടുക്കാത്തവരായി ജില്ലയിലുണ്ടെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് പറയുന്നു. 0-5 വയസ്സ് വിഭാഗത്തിലാണ് ഇത്രയും കുഞ്ഞുങ്ങൾ വാക്സിൻ കിട്ടാത്തവരായുള്ളത്. ഈ കുട്ടികളിൽ 164 പേർ ഒരു കുത്തിവെപ്പുപോലും എടുക്കാത്തവരാണ്.
ശേഷിച്ച 3435 പേർ പ്രസവിച്ചയുടൻ ആശുപത്രിയിൽനിന്ന് നൽകുന്ന ബി.സി.ജി മാത്രം എടുത്തവരും. പെന്റാവാലന്റ് അടക്കം മറ്റു പ്രധാന കുത്തിവെപ്പുകളൊന്നും ഈ കുഞ്ഞുങ്ങൾക്ക് കിട്ടിയിട്ടില്ല. 88 ശതമാനമാണ് ജില്ലയിലെ കുത്തിവെപ്പ് നിലവാരം. ഗുരുതരമായ രോഗപ്പകർച്ച സാധ്യതയിലേക്കാണ് ഈ സാഹചര്യം തള്ളിവിടുന്നത്. വാക്സിനുകളോടുള്ള മാതാപിതാക്കളുടെ എതിർപ്പാണ് കുത്തിവെപ്പ് എടുക്കാത്തതിന് കാരണം.
അറിവില്ലായ്മയും തെറ്റിദ്ധാരണജനകമായ പ്രചാരണങ്ങളുമാണ് രക്ഷിതാക്കൾ കുത്തിവെപ്പിനോട് പുറംതിരിഞ്ഞുനിൽക്കാൻ കാരണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. മലപ്പുറം ജില്ലയോട് ചേർന്നുള്ള ജില്ലയിലെ ആരോഗ്യേബ്ലാക്കുകളാണ് കുത്തിവെപ്പ് നിലവാരത്തിൽ ഏറ്റവും പിന്നിൽ. അലനല്ലൂർ ആരോഗ്യ േബ്ലാക്കിൽ 0-5 വയസ്സ് കാറ്റഗറിയിൽ 953 കുഞ്ഞുങ്ങൾ കുത്തിവെപ്പ് കിട്ടാത്തവരായുണ്ട്. 44 കുട്ടികൾക്ക് ഒരു വാക്സിൻപോലും കിട്ടിയില്ല. 909 പേർ ഭാഗികമായി മാത്രം കുത്തിവെപ്പ് ലഭിച്ചവരാണ്.
കൊപ്പം ആരോഗ്യ േബ്ലാക്കിൽ 857 കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പ് ലഭിച്ചിട്ടില്ല. ഇവരിൽ 41 പേർ പൂർണമായും 816 പേർ ഭാഗികമായും വാക്സിനേഷൻ നടത്താത്തവരാണ്. ചളവറ ആരോഗ്യ േബ്ലാക്കിൽ വാക്സിനേഷൻ നടത്താത്ത 706 കുഞ്ഞുങ്ങളുണ്ട്. ഇവരിൽ 78 പേർ പൂർണമായും 688 പേർ ഭാഗികമായും കുത്തിവെപ്പ് ലഭിക്കാത്തവരാണ്. ചാലിശ്ശേരി ആരോഗ്യ േബ്ലാക്കിൽ കുത്തിവെപ്പ് എടുക്കാത്തവരായുള്ളത് 423 കുഞ്ഞുങ്ങൾ. ഇവരിൽ 19 പേർക്ക് പൂർണമായും 404 പേർക്ക് ഭാഗികമായും വാക്സിനേഷൻ കിട്ടിയിട്ടില്ല.
കടമ്പഴിപ്പുറം അടക്കം മറ്റു ആരോഗ്യ േബ്ലാക്കിലും കുത്തിവെപ്പ് എടുക്കാത്തവരുണ്ടെങ്കിലും അലനല്ലൂർ, കൊപ്പം, ചളവറ, ചാലിശ്ശേരി േബ്ലാക്കുകളുടെ അത്രയില്ല. കുത്തിവെപ്പ് നിലവാരം താഴ്ന്നുനിൽക്കുന്ന പ്രദേശങ്ങളിൽ ഡിഫ്തീരിയ, വില്ലൻചുമ, മീസിൽസ്, റുബല്ല കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമീപ ജില്ലയിൽ കുത്തിവെപ്പ് നിലവാരം 80 ശതമാനത്തിൽ താഴെയായതിനാൽ അതിർത്തി മേഖലകളിൽ രോഗപ്പകർച്ചക്ക് സാധ്യതയേറെയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിനാൽ ആരോഗ്യവകുപ്പ് അതീവഗൗരവമായാണ് ഈ സാഹചര്യത്തെ കാണുന്നത്.
വാക്സിനേഷൻ നടത്താത്തവരെ കണ്ടെത്തി പ്രത്യേകം ഡ്രൈവിലൂടെ കുത്തിവെപ്പ് നൽകുന്നതിന് മിഷൻ ഇന്ദ്രധനുഷ് 5.0 എന്ന പ്രോഗ്രാം ഇപ്പോൾ നടന്നുവരുന്നുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയത്തിന്റെ നിർദേശപ്രകാരം നടക്കുന്ന ഈ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ കഴിഞ്ഞ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി നടന്നു.
അവസാനഘട്ടം ഒക്ടോബർ 14ന് അവസാനിക്കുകയാണ്. മിഷൻ ഇന്ദ്രധനുഷ് ആദ്യ നാല് വർഷങ്ങളിൽ കുത്തിവെപ്പ് നിലവാരത്തിൽ എറ്റവും പിന്നിലുള്ള ആരോഗ്യ േബ്ലാക്കുകളിൽ മാത്രമാണ് കേന്ദ്രീകരിച്ചിരുന്നതെങ്കിൽ ഈ വർഷം ജില്ലയിൽ എല്ലായിടത്തുമുള്ള കുത്തിവെപ്പ് എടുക്കാൻ വിട്ടുപോയ കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ആർ.സി.എച്ച് ഓഫിസർ ഡോ. എ.കെ. അനിത പറഞ്ഞു.
എന്താണ് വാക്സിൻ
രോഗങ്ങളിൽനിന്ന് സംരക്ഷിക്കാനായി കുട്ടികൾക്ക് നൽകുന്ന പ്രത്യേകതരം ഔഷധങ്ങളാണ് പ്രതിരോധ വാക്സിനുകൾ. അനേകവർഷത്തെ ഗവേഷണ പരീക്ഷണങ്ങൾക്കൊടുവിൽ വികസിപ്പിച്ചവയാണ് ഇവയെല്ലാം. വസൂരി, പോളിയോ പോലുള്ള പല മാരക രോഗങ്ങളും അപ്രത്യക്ഷമാക്കാൻ കഴിഞ്ഞത് വാക്സിനുകളിലൂടെയാണ്. കുത്തിവെപ്പ് എടുക്കുന്നതിലൂടെ പ്രസ്തുത രോഗാണുവിനെതിരായി ശരീരം ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുകയും ഇവ ശരീരത്തെ രോഗം വരുത്താതെ സംരക്ഷിക്കുകയും ചെയ്യുന്നു. കുട്ടിക്ക് യഥാസമയം പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞില്ലെങ്കിൽ പീന്നീടത് നൽകാതിരിക്കരുത്. എല്ലാ സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മിക്കവാറും സ്വകാര്യ ആശുപത്രികളിലും വാക്സിൻ നൽകാൻ സംവിധാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.