ഒഡീഷയിൽ രണ്ട് മാസത്തിനിടെ 59 എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ കണ്ടെത്തി
text_fieldsഭുവനേശ്വർ: ഒഡീഷയിൽ രണ്ട് മാസത്തിനിടെ 59 എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശേഖരിച്ച 225 സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ സ്ഥിരീകരിച്ചത്.
പനി, ചുമ അടക്കമുള്ള സീസണൽ രോഗങ്ങൾക്ക് സമാനമായ ലക്ഷണങ്ങളാണ് കണ്ടെത്തിയതെന്ന് ഭുവനേശ്വർ റീജിനൽ മെഡിക്കൽ റിസർച്ച് സെന്‍റർ ഡയറക്ടർ ഡോ. സംഘമിത്ര പതി വ്യക്തമാക്കി. എച്ച്1എൻ1ഉം എച്ച്3എൻ2ഉം ഇൻഫ്ലുവൻസ എ വൈറസിന്‍റെ വകഭേദങ്ങളാണ്. കുട്ടികളിലും മുതിർന്നവരിലും സാധാരണയായി കണ്ടുവരുന്ന പനി വൈറസ് ആണിതെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് എച്ച്3എൻ2 വൈറസ് ബാധിച്ച് രണ്ടു പേർ മരിച്ചിരുന്നു. ഒരാൾ കർണാടകയിലും ഒരാൾ ഹരിയാനയിലുമാണ് മരിച്ചത്. കർണാടകയിലെ ഹസനിൽ മരിച്ച 82കാരനായ ഹിരെ ഗൗഡയാണ് എച്ച് 3എൻ2 ബാധിച്ച് ആദ്യമായി ഇന്ത്യയിൽ മരിച്ചതെന്നാണ് കരുതുന്നത്. ഫെബ്രുവരി 24നാണ് ഹിരെ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് മരിച്ചു. അദ്ദേഹത്തിന് പ്രമേഹവും ഹൈപ്പർടെൻഷനുമുണ്ടായിരുന്നതായി പറയപ്പെടുന്നു.
രാജ്യത്ത് നിലവിൽ പനിക്കേസുകൾ കൂടുതലായി ഉയരുന്നുണ്ട്. ഭൂരിഭാഗവും എച്ച്3എൻ2 വൈറസ് ബാധമൂലമുണ്ടാകുന്നതാണ്. ‘ഹോങ്കോങ് ഫ്ലൂ’വെന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയിൽ ബാധിച്ച മറ്റ് ഇൻഫ്ലുവൻസ കേസുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ പേർക്കും ആശുപത്രി ചികിത്സ ആവശ്യമായി വരുന്നുവെന്നതാണ് എച്ച്3എൻ2 വിന്റെ ഗുരുതരാവസ്ഥ.
എച്ച്3എൻ2വും എച്ച്1എൻ1ഉം കോവിഡുമായി സാമ്യമുള്ള ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. നീണ്ടു നിൽക്കുന്ന ചുമ, പനി, ശ്വാസതടസം, ശ്വാസം കിട്ടാത്ത അവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചില രോഗികൾക്ക് ഓക്കാനം, ഛർദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയും കണ്ടുവരുന്നു. ഈ ലക്ഷണങ്ങൾ ഒരാഴ്ച വരെ നീണ്ടു നിൽക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.