പിത്താശയത്തിൽ കല്ലുമാല; 43കാരിയുടെ പിത്താശയത്തിൽ നിന്ന് നീക്കം ചെയ്തത് 7228 കല്ലുകൾ!
text_fieldsമുംബൈ: രണ്ടു വർഷമായി അനുഭവിക്കുന്ന കടുത്ത വയറുവേദനക്കൊടുവിലാണ് മുംബൈയിലെ 43 കാരി ഡോക്ടറെ കാണാനെത്തിയത്. അസിഡിറ്റിയോ ഗ്യാസോ ആയിരിക്കാം വയറുവേദനക്ക് കാരണമെന്നാണ് കരുതിയിരുന്നത്. വേദന കൂടിയപ്പോഴാണ് യുവതി ഡോക്ടറെ കാണാൻ തീരുമാനിച്ചത്. സ്കാൻ ചെയ്തു നോക്കിയപ്പോൾ അവരുടെ പിത്താശയത്തിൽ കല്ലുകളുടെ കൂമ്പാരം കണ്ട് ഡോക്ടർ ഞെട്ടി.
തുടർന്ന് കഴിഞ്ഞ മാസം 23ന് ലാപ്രോസ്കോപിയിലൂടെ കല്ലുകൾ പുറത്തെടുത്തു. 40 മിനിറ്റ് നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവിലാണ് കല്ലുകൾ നീക്കംചെയ്തത്. എണ്ണിനോക്കിയപ്പോൾ 7,228 എണ്ണമുണ്ട്. കല്ലുകൾ എണ്ണിത്തീർക്കാൻ നഴ്സുമാർക്ക് നാലുമണിക്കൂറോളം സമയം വേണ്ടിവന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരുരോഗിയുടെ പിത്താശയത്തിൽ നിന്ന് ഇത്രയേറെ കല്ലുകൾ നീക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. 2017ൽ രാജസ്ഥാനിലെ 45 വയസുള്ള രോഗിയിൽ നിന്ന് 5000ത്തിലേറെ കല്ലുകൾ നീക്കം ചെയ്തിരുന്നു.
ഡോ. ബിൽ ഷാ ആണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. വയറുവേദന അനുഭവപ്പെടുമ്പോൾ ആരും അതിനു കാരണം കല്ലുകളാണെന്ന് ചിന്തിക്കില്ല. വേദനസംഹാരികൾ കഴിച്ചാലും ഫലമുണ്ടാകില്ല. അടിക്കടി നീണ്ടുനിൽക്കുന്ന വയറുവേദനയാണെങ്കിൽ ഒട്ടും മടിക്കാതെ ചികിത്സ തേടണമെന്നും ഡോക്ടർ പറയുന്നു. എന്നാൽ സ്കാനിങ് പരിശോധനയിൽ കല്ലുകൾ കണ്ടെത്തിയാലും പലരും ശസ്ത്രക്രിയ ചെയ്യാൻ മടിക്കുന്നുണ്ട്. ഇത് അപകടമാണെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.