ഹൃദയാരോഗ്യത്തിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട 8 ടിപ്പുകൾ
text_fieldsഇന്ന് ലോക ഹൃദയദിനം. Use Heart for Action എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം. ഭക്ഷണശൈലിയിലും ജീവിതശൈലിയിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കെ, ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.
1. നാരുകളടങ്ങിയ ഭക്ഷണ സാധനങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവഴി രക്തസമ്മർദം കുറക്കാനും ശരീരത്തിലെ ചീത്ത കൊഴുപ്പിനെ കുറക്കാനും സഹായിക്കുന്നു. തവിടോടുകൂടിയ ധാന്യങ്ങൾ, ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകൾ, പയറുപരിപ്പ് വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക.
2. കൃത്യനിഷ്ഠമായ സമീകൃതാഹാര ശൈലി ശീലമാക്കുക.
3. വിവിധ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവഴി അതിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ രക്തം കട്ടപിടിക്കുന്നത് തടയുകയും ചീത്ത കൊളസ്ട്രോൾ കുറക്കുകയും ചെയ്യുന്നു.
4. മെഡിറ്ററേനിയൻ ഡയറ്റ് ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ്. ഇതിൽ കൂടുതൽ പച്ചക്കറികളും പഴവർഗങ്ങളും കൊഴുപ്പ് കുറഞ്ഞ മാംസം, ഒലിവ് ഓയിൽ, മത്സ്യം, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും ഡയബറ്റിക്, കൊളസ്ട്രോൾ, അമിതഭാരം എന്നിവക്കും ഇത് പ്രതിവിധിയാണ്.
5. ആരോഗ്യകരമായ കൊഴുപ്പ് ആഹാരത്തിൽ ഉൾപ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ്, അൺസാച്ചുറേറ്റഡ് ഫാറ്റ് എന്നിവ കൂടുതൽ അടങ്ങിയ കടല, മത്സ്യം, വിത്തുകൾ, അവക്കാഡോ, നട്സുകൾ എന്നിവ വഴി ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും ചീത്ത കൊളസ്ട്രോൾ കുറക്കാനും സഹായിക്കുന്നു.
6. അമിതമായി കൊഴുപ്പടങ്ങിയ വെണ്ണ, നെയ്യ്, വനസ്പതി, പാമോയിൽ, ചുവന്ന മാംസം എന്നിവ ഒഴിവാക്കുക. ഉയർന്ന പഞ്ചസാര അടങ്ങിയതും പ്രോസസ് ചെയ്തതുമായ ഭക്ഷണസാധനങ്ങളും ഒഴിവാക്കുക.
7. ഉപ്പ് കൂടുതലടങ്ങിയ അച്ചാർ, പപ്പടം, ഉണക്ക മത്സ്യം, അജിനാമോട്ടോ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ഉപ്പ് ബിസ്കറ്റ് എന്നിവ ഒഴിവാക്കേണ്ടതാണ്.
8. ഒരു ദിവസത്തെ ആഹാരം പാചകം ചെയ്യുന്നതിന് 3-4 ടീസ്പൂൺ എണ്ണയിൽ അധികം ഉപയോഗിക്കാതിരിക്കുക.
ഇതുകൂടാതെ ദിവസവും 30-45 മിനിറ്റ് വ്യായാമത്തിൽ ഏർപ്പെടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്. ശരിയായ ഉറക്കം ഉറപ്പുവരുത്തുക (എട്ട് മണിക്കൂർ). ലഹരി പദാർഥങ്ങളുടെ ഉപയോഗവും ഒഴിവാക്കണം.
അഷിത വടക്കയിൽ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ്, കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.