കോന്നി മെഡിക്കൽ കോളജിലേക്ക് 88 ഡോക്ടർമാർകൂടി
text_fieldsപത്തനംതിട്ട: ശബരിമല തീർഥാടനകാലം മുൻനിർത്തി കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് 88 ഡോക്ടർമാരെ കൂടി നിയമിച്ച് ഉത്തരവ്. സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ ജോലി ചെയ്തുവരുന്ന ഡോക്ടർമാരെയാണ് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് കോന്നിയിലേക്ക് സ്ഥലംമാറ്റിയത്.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, മഞ്ചേരി മെഡിക്കൽ കോളജുകളിൽ നിന്നു ഡോക്ടർമാരെ കോന്നിയിലേക്ക് നിയമിച്ചിട്ടുണ്ട്. മതിയായ ചികിത്സാ സംവിധാനം ഇനിയുമാകാത്ത കോന്നിയിലേക്ക് ഇത്രയധികം പേരെ സ്ഥലംമാറ്റിയതിനെതിരേ ഡോക്ടർമാരുടെ സംഘടന പ്രതിഷേധത്തിലാണ്. ഇക്കുറി മെഡിക്കൽ കോളജിന് ശബരിമല വാർഡ് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പേരിലാണ് ഡോക്ടർമാരുടെ സ്ഥലംമാറ്റം.
കോന്നി സർക്കാർ മെഡിക്കൽ കോളജിൽ അടുത്ത വർഷത്തെ എം.ബി.ബി.എസ് ബാച്ചിന് പ്രവേശനാനുമതി ലഭിക്കുന്നതിന് ഡിസംബർ, ജനുവരി മാസങ്ങളിലാണ് ദേശീയ മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്കെത്തുന്നത്. ഇവരുടെ പരിശോധന മുന്നിൽക്കണ്ടാണ് യഥാർഥത്തിൽ കോന്നിയിലേക്ക് ഡോക്ടർമാരുടെ കൂട്ടസ്ഥലംമാറ്റമെന്നാണ് വിവരം. മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്കെത്തുമ്പോൾ കൂടുതൽ ഡോക്ടർമാരെ നിയമിച്ചതിന്റെ കണക്കുകൾ കാണിക്കുകയാണ് ലക്ഷ്യം.
ശബരിമല വാർഡ് തുടങ്ങിയാൽ രോഗികളുടെ എണ്ണവും കൂടുമെന്നാണ് കണക്കുകൂട്ടൽ. ജനുവരി 20 വരെയാണ് ഡോക്ടർമാർക്ക് നിലവിൽ നിയമനം നൽകിയിരിക്കുന്നത്. കോന്നി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് ബാച്ചിന് താത്കാലിക പ്രവേശനാനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
ഓരോ വർഷവും ഇതു പുതുക്കി നൽകുന്നതിലേക്ക് മെഡിക്കൽ കൗൺസിൽ പരിശോധന ഉണ്ടാകും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇപ്പോഴും മെഡിക്കൽ കോളജിനുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷത്തിലേറെയായെങ്കിലും കിടത്തി ചികിത്സ പൂർണ സജ്ജമല്ല. അത്യാഹിത വിഭാഗവും ഓപ്പറേഷൻ തിയേറ്ററും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.
മെഡിക്കൽ കോളജിലേക്കുള്ള റോഡ് പൂർത്തിയാകാത്തത് ആംബുലൻസ് ഉൾപ്പെടെയുള്ളവയുടെ യാത്ര ബുദ്ധിമുട്ടിലാണ്. ശബരിമല വാർഡ് പ്രവർത്തിപ്പിക്കാനെന്ന പേരിൽ കോന്നിയിലേക്ക് ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത് സംസ്ഥാനത്തെ ഇതര സർക്കാർ മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു.
മെഡിക്കൽ കോളജുകളിൽ അസി. പ്രഫസർമാർ ഇല്ലാതാകുന്നതോടെ എം.ബി.ബി.എസ് കുട്ടികളുടെ പഠനത്തെയും ബാധിക്കും. അവസാനവർഷ പരീക്ഷ ഉൾപ്പെടെ നടക്കുന്ന കാലഘട്ടമാണ്. നിലവിലെ സാഹചര്യത്തിൽ കോന്നിയിൽ ഡോക്ടർമാർക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ ഇരിക്കേണ്ടിവരും.
ജനറൽ ആശുപത്രിയിൽ ശബരിമല വാർഡ് സജ്ജം
ജനറൽ ആശുപത്രിയിൽ ശബരിമല വാർഡ് സജ്ജമായി. പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന വിലയിരുത്തി. ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ശബരിമല വാർഡിനെ സംബന്ധിച്ചു ചില അവ്യക്തതകൾ ആദ്യം ഉയർന്നിരുന്നു. എന്നാൽ പമ്പയിൽ നിന്നുള്ള യാത്രാസൗകര്യവും മറ്റും കണക്കിലെടുത്ത് ജനറൽ ആശുപത്രിയിൽ തന്നെ വാർഡ് നിലനിർത്തുകയാണ്.
ശബരിമല വാർഡിലേക്ക് അഞ്ച് ഡോക്ടർമാർ വ്യാഴാഴ്ച ചുമതലയേറ്റു. ജനറൽ മെഡിസിൻ, അനസ്തേഷ്യ, ഓർത്തോ, സർജറി വിഭാഗങ്ങളിൽ സ്പെഷലൈസ്ഡ് ഡോക്ടർമാരെയാണ് നിയമിച്ചത് എട്ട് സ്റ്റാഫ് നഴ്സുമാർ, നാല് നഴ്സിംഗ് അസിസ്റ്റന്റുമാർ, നാല് ഗ്രേഡ് രണ്ട് ജീവനക്കാർ, ലാബ് ടെക്നീഷൻ, ഫാർമസിസ്റ്റ് എന്നിവരും ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.