വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശൂർ സ്വദേശി മരിച്ചു
text_fieldsതൃശൂർ: വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. തൃശൂർ പുത്തൂർ ആശാരിത്തോട് സ്വദേശി ജോബിയാണ് മരിച്ചത്. രോഗം തിരിച്ചറിയാനും വേണ്ട ചികിത്സ തേടാനും വൈകിയതാണ് മരണത്തിനിടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഏപ്രിൽ 17 നാണ് ജോബിക്ക് ആദ്യം രോഗലക്ഷണം കണ്ടത്. പനിക്കുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങി കഴിച്ചു. പിന്നീട് പനി വിട്ടുപോകാതെ രൂക്ഷമായി. തുടർന്ന് കഴിഞ്ഞ ദിവസമാണ് പനിയും ഛർദിയും വയറിളക്കവുമായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് ഇത് വെസ്റ്റ് നൈൽ പനിയാണെന്ന് കണ്ടെത്തിയത്.
ക്യുലക്സ് കൊതുകുകളാണ് രോഗ വാഹകർ. ആശാരിത്തോട് ഭാഗത്ത് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ക്യുലക്സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പ്രദേശത്ത് ഡ്രൈ ഡേ ആചരിക്കുകയാണ്. ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരളത്തിൽ 2011ൽ ആലപ്പുഴയിലാണ് ആദ്യമായി വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. 2019 ൽ കോഴിക്കോട് ആറ് വയസുള്ള കുട്ടി രോഗം ബാധിച്ച് മരിച്ചിരുന്നു.
പനിക്കൊപ്പം തലവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ മടിച്ചു നിൽക്കാതെ വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.