കാണുന്നുണ്ടോ ഈ ദുരിതം... നെഫ്രോളജിസ്റ്റിന്റെ അഭാവം; വൃക്ക രോഗികള്‍ക്ക് ദുരിതം
text_fieldsനെടുങ്കണ്ടം: ഹൈറേഞ്ച് മേഖലയിൽ നെഫ്രോളജിസ്റ്റിന്റെ അഭാവം മൂലം വൃക്കരോഗികള്‍ക്ക് ആവശ്യമായ ചികിത്സ സൗകര്യം ലഭിക്കുന്നില്ല. പലരും അന്യജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡയാലിസിസ് യൂനിറ്റുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും രോഗികളെ വലയ്ക്കുന്നു.
ജില്ലയില്‍ 567 രോഗികള്‍ക്കാണ് സ്ഥിരമായി ഡയാലിസിസ് ആവശ്യമായുള്ളത്. ഇവരില്‍ 294പേര് പുരുഷന്മാരും 273 സ്ത്രീകളുമാണ്.
എന്നാല്‍, ഇടുക്കി മെഡിക്കല്‍ കോളജില്‍ അടക്കം ഹൈറേഞ്ചിലെ പ്രധാന ആശുപത്രികളില്‍ പലയിടത്തും നെഫ്രോളജിസ്റ്റിന്റെ സേവനം ലഭ്യമല്ല. ഡയാലിസിസിന് മുന്നോടിയായി, നെഫ്രോളജിസ്റ്റിന്റെ പരിശോധന റിപ്പോര്‍ട്ടിനായും അനുബന്ധ ചികിത്സകള്‍ക്കായും മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 127 പേരാണ്. ആഴ്ചയില്‍ ഒന്നിലധികം തവണ ഡയാലിസിസ് നടത്തുന്നവരും നിരവധി.
എന്നാല്‍, 36ഓളം പേര്‍ക്ക് മാത്രമാണ് ഇവിടെ ഡയാലിസിസ് സ്ഥിരമായി നടത്താനാവുന്നത്. കട്ടപ്പന യൂനിറ്റില്‍ ടെക്നീഷ്യന് ഇല്ല. ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിലാണ് ഒരു ഷിഫ്റ്റില്‍ ഡയാലിസിസ് നടത്തുന്നത്. ഒരു ടെക്നീഷ്യനെയും രണ്ട് സ്റ്റാഫ് നഴ്സുമാരെയും കൂടി അനുവദിച്ചാല്‍ രണ്ട് ഷിഫ്റ്റിൽ കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസ് നടത്താനാവും.
ഇടുക്കിയിലെ യൂനിറ്റും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. നെടുങ്കണ്ടത്ത് ജില്ല ആശുപത്രിക്കായി പുതിയ ബ്ലോക്കുകളുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതുവരെ യൂനിറ്റ് ആരംഭിച്ചിട്ടില്ല.
ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോട്ടറി ക്ലബ് സൗജന്യമായി ഡയാലിസിസ് യൂനിറ്റ് ഒരുക്കിനല്‍കിയിരുന്നു. എന്നാല്‍, ഒരുവര്‍ഷം പിന്നിട്ടിട്ടും ഇത് പ്രവര്‍ത്തന സജ്ജമാക്കാനും ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
തൊടുപുഴ ജില്ല ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം താളംതെറ്റി
തൊടുപുഴ: ജില്ല ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കാത്തതിനെതിരെ പ്രതിഷേധം. നാലു മാസത്തോളമായി അവശ്യ സര്‍വിസായ ഡയാലിസിസ് യൂനിറ്റിന്റെ യു.പി.എസാണ് തകരാറിലായിരിക്കുന്നത്. ആശുപത്രിയിലുള്ള 13 യൂനിറ്റുകളില്‍ ഏഴു യൂനിറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ദിവസേന നാല്പതോളം രോഗികളാണ് ഡയാലിസിസിനായി ആശുപത്രിയെ ആശ്രയിക്കുന്നത്. ഇതുമൂലം സാധാരണക്കാരായ രോഗികള്‍ക്ക് ഡയാലിസിസിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഒരു രോഗിക്ക് നാല് മണിക്കൂറാണ് ഡയാലിസിസിനുള്ള സമയം. ഇപ്പോള്‍ ഏഴു യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഷിഫ്റ്റ് അനുസരിച്ച് ഒരു രോഗിക്ക് മൂന്നു മണിക്കൂറാണ് വേണ്ടിവരുന്നത്. നിശ്ചിത സമയം ഡയാലിസിസ് ചെയ്യാത്തതിനാല്‍ ഇത് രോഗിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കെ.എം.എസ്.സി.എൽ വഴി റെറ്റ് കോണ്‍ട്രാക്ടിലുള്ള സ്വകാര്യ കമ്പനിയാണ് മൂന്നുവര്‍ഷ വാറന്റിയോടെ ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിച്ചത്. യന്ത്രത്തിന് തകരാര്‍ സംഭവിച്ചാല്‍ പരിഹരിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്. യൂനിറ്റ് തകരാറിലായ വിവരം അധികൃതരെ അറിയിച്ചെന്നും ഇവര്‍ കമ്പനിയെ കത്തു മുഖേന വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ വാറൻറിയുണ്ടായിട്ടും തകരാര്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട കമ്പനി തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ രാവിലെ ഒമ്പത് മുതൽ ഒരു മണിവരെയാണ് ഡയാലിസിസ് ചെയ്തുവന്നിരുന്നത്. ഇത് മൂന്ന് മണിക്കൂറായി ചുരുക്കിയിരിക്കുകയാണ്. ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി രോഗികളും പറയുന്നു. മെഷീനുകളുടെ തകരാർ പരിഹരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.