അപരിചിത നഗരത്തോട് പൊരുത്തപ്പെടലും ഉയർന്ന ജീവിതം സാധ്യമാക്കലും
text_fieldsദുബൈ എന്ന നഗരത്തിന് മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം ഉണ്ട്. ഒരു നാഴികക്കല്ല് പോലെ, ഇവിടെ എത്തുന്ന ഓരോ മലയാളിയും പുതിയ സ്വപ്നങ്ങളുമായും പ്രതീക്ഷകളുമായും ഒരു പുതിയ അധ്യായം തുടങ്ങുന്നു. എന്നിരുന്നാലും, ഈ പുതിയ യാത്രയിൽ ചിലപ്പോൾ ആശയക്കുഴപ്പവും അനിശ്ചിതത്വവും നേരിടേണ്ടി വരുന്നു. സ്വന്തം മണ്ണിലെ പാരമ്പര്യവും അടിത്തറയും കൈവിടാതെ, അതിവേഗം വളരുന്ന ഈ നഗരത്തിൽ മുന്നോട്ടുപോകാൻ കഴിയാതെ വരുന്ന അവസ്ഥയുണ്ട്.
പ്രൊഫഷണൽ ലൈഫ് കോച്ച് എന്ന നിലയിൽ പലരും എന്നോട് ചോദിക്കാറുണ്ട്, ജീവിതം കൂടുതൽ സമ്പന്നമാക്കാൻ നമുക്കെന്ത് ചെയ്യാൻ കഴിയുമെന്ന്. ഈ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായകരമായ ചില ചിന്തകൾ ഞാൻ ഇവിടെ പങ്കിടുന്നു.
1. പുതിയ സ്ഥലം, പുതിയ സാധ്യതകൾ
ഒരു പുതിയ സ്ഥലത്ത് എത്തുമ്പോൾ എവിടെ നിന്ന് ആരംഭിക്കണം എന്നു തീരുമാനിക്കാൻ അൽപം സമയം എടുക്കുക. ദുബൈ പോലൊരു വൻകിട നഗരത്തിൽ, വേഗത്തിൽ വളർന്നു വരാൻ പലർക്കും പ്രയാസമായിരിക്കും. എന്നാൽ, ഈ അവസരം നിങ്ങൾക്ക് എന്ത് നൽകുന്നുവെന്ന് കൃത്യമായി മനസ്സിലാക്കുക. ഓരോ അവസരവും പൂർണ്ണമായും ഉപയോഗിക്കുകയും ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുക. ഈ നഗരത്തിൽ ഏത് മേഖലയിലാണ് കൂടുതൽ സാധ്യതകൾ എന്ന് കണ്ടെത്തുക.
2. തെറ്റുകളിൽ നിന്ന് പഠിക്കുക
പലപ്പോഴും വിജയത്തിൽ എത്താനുള്ള മാർഗമധ്യേ പിഴവുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. അതിൽ തളരാതെ അത്തരം തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ശ്രമിക്കുക. അത്തരം അബദ്ധങ്ങൾ / തെറ്റുകൾ ആവർത്തിക്കാതിരിക്കാനും കൂടുതൽ ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും ഇത് സഹായിക്കും. ഓരോ പിഴവും ഓരോ ജീവിതാനുഭവമായി കാണുക.
3. ആത്മവിശ്വാസം നിലനിർത്തുക
ആത്മവിശ്വാസം ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആസ്തിയാണ്. പലർക്കും അവരുടെ ആത്മവിശ്വാസം പരിമിതമായി തോന്നാറുണ്ട്, പ്രത്യേകിച്ച് പുതിയ സാഹചര്യങ്ങളിൽ. ഇതിന് പരിഹാരം കൃത്യമായ ചെറിയ ചുവടുകളാണ്. ഒറ്റടിക്ക് വലിയ കാര്യങ്ങള്‍ ചെയ്യാതെ, കാര്യങ്ങളെ ചെറുത് ചെറുതായി ഭാഗിച്ച് ചെയ്യുക. അവ വിജയകരമായി പൂർത്തീകരിക്കപ്പെടുമ്പോൾ നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസം വളരുന്നു. അങ്ങനെ അത് ഘട്ടം ഘട്ടമായി നിങ്ങളെ സ്ട്രോങ്ങായ ഒരു വ്യക്തിയാക്കി മാറ്റുന്നു.
4. ലക്ഷ്യം തീരുമാനിക്കുക
നിങ്ങൾക്ക് എന്താണ് വേണ്ടത്, എവിടെയാണ് എത്തേണ്ടത്, എന്താണ് നേടേണ്ടത് എന്നത് ആദ്യമേ തീരുമാനിച്ച് ഉറപ്പിക്കുക. ആദ്യം ചെറിയ ലക്ഷ്യങ്ങൾ എടുക്കുക. അവ നേടുമ്പോൾ ഉള്ള സന്തോഷം കൂടുതൽ വലിയ ലക്ഷ്യങ്ങളിലേക്ക് നയിക്കും.
5. ധ്യാനം / മൗനം പരിശീലിക്കുക
ദിവസവും അഞ്ച് മിനിറ്റ് മൗനത്തിൽ ഇരിക്കുക. നിങ്ങളുടെ മനസ്സിന് എന്താണ് ആവശ്യമെന്ന് തിരിച്ചറിയാൻ ഇത് ഫലപ്രദമാണ്.
6. വിജയങ്ങൾ ആഘോഷിക്കുക
ഓരോ ചെറിയ വിജയവും നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു ഓർമ്മപ്പെടുത്തലാണ്. അതിനാൽ സന്തോഷം / വിജയം എത്രതന്നെ ചെറുതാണെങ്കിലും അവ ആഘോഷിക്കാൻ ഓർക്കുക.
7. സ്വയംനിലനിൽപ്പും ആത്മീയതയും
ദുബൈ പോലൊരു നഗരത്തിൽ ഒന്നും ചെയ്യാതെ ജീവിക്കുന്നത് പോലും ഒരു ആഡംബരമാണ്. നിലനിൽപ്പിൻ്റെ മൂല്യത്തിനും ജീവിതത്തിൽ അർഥം സൂക്ഷിക്കുന്നതിനും ആത്മീയമായ ഒരു തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണ്. ജീവിതത്തിൽ വലിയ വലിയ വിജയങ്ങൾ ഉണ്ടാകുമ്പോൾ അഹങ്കാരം ഉണ്ടാവതിരിക്കാനും തോൽവികളിൽ തളരാതിരിക്കാനും ഈ ആത്മീയത നിങ്ങളെ സഹായിക്കും. പണം ഉണ്ടാക്കുന്നതിനുള്ള കാര്യങ്ങള്‍ മാത്രം ചെയ്യാതെ നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ കൂടി ചെയ്യാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക. അല്ലെങ്കിൽ ജീവിതം മടുപ്പുള്ളതായി മാറും.
8. മലയാളികളുടെ നിർമ്മാണ പ്രതിഭ
അനവധി മലയാളികൾ ദുബൈയിലെ വ്യവസായ രംഗത്ത് തങ്ങളുടേതായ മുദ്ര വെച്ചിട്ടുണ്ട്. നിങ്ങൾ ഇതിൽ ഒരാളായി ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ കഴിവുകളും പ്രത്യേകതകളും ലോകത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാൻ കരുതലോടെ നീക്കങ്ങൾ നടത്തുക.
9. ബന്ധങ്ങൾ വളർത്തുക
പലപ്പോഴും പുതിയ ആശയങ്ങൾ രൂപപ്പെടുന്നത് മറ്റുള്ളവരുമായുള്ള ആശയ വിനിമയത്തിൻ്റെ ഭാഗമായിട്ടായിരിക്കും. മറ്റുള്ളവരുടെ ചിന്തകളും ആശയങ്ങളും മനസ്സിലാക്കുന്നത് വഴി നമുക്ക് പുതിയ ചിന്തകളോ ആശ്യങ്ങളോ രൂപപ്പെടുന്നു. അത് ജീവിതത്തെ കൂടുതൽ നല്ലാതാക്കാൻ സഹായിക്കുന്നു. സോഷ്യൽ മീഡിയ, ഫോൺ എന്നിവയിൽ നിന്ന് ബ്രേക്ക് എടുത്ത് വ്യക്തികളുമായി കൂടുതൽ ഇടപെടുന്നതിന് സമയം കണ്ടെത്തുക.
10. അനിശ്ചിതത്വം / ഭയം എന്നിവയെ നേരിടുക
പുതിയ സ്ഥലങ്ങളിലെ ജീവിതങ്ങൾ പലപ്പോഴും അപരിചിതമായ അനുഭവങ്ങളോടെയാണ് ആരംഭിക്കുന്നത്. ഈ സാഹചര്യങ്ങൾ നമ്മിൽ ഭയവും ആശങ്കയും ഉണ്ടാക്കാറുണ്ട്. എന്നാൽ, ഈ ഭയത്തെ ജയിക്കുന്നത് വളർച്ചയിലേക്കുള്ള വാതിലാവുന്നു. എന്തിനാണ് ഞാൻ ഇതിൽ ഭയപ്പെടുന്നത്, ഇത് എനിക്ക് എന്ത് പാഠം നൽകുന്നു തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. അതിലൂടെ നിങ്ങളുടെ ഭയങ്ങളെചെറുക്കാൻ ചെറിയ ശ്രമങ്ങൾ ആരംഭിക്കുക. എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാനും സ്വയം പുതുക്കാനും മനപ്പൂർവമായ ശ്രമങ്ങൾ ഉണ്ടാകണം. കൂടാതെ, ജീവിതത്തിൻ്റെ തിരക്ക് പിടിച്ച ഓട്ടങ്ങൾക്കിടയിൽ ആവശ്യത്തിന് വിശ്രമവും ഉറക്കവും ആരോഗ്യകരമായ ഭക്ഷണ രീതികളും പിന്തുടരുന്നു എന്ന് ഉറപ്പാക്കുക.
അവിടെയുള്ള മറ്റ് മലയാളികളുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നത് പുതിയ നഗരങ്ങളിൽ അപരിചിതത്വം ഉണ്ടാക്കുന്നത് കുറക്കുകയും ആ സമൂഹത്തിൻ്റെ സപ്പോർട്ടും സഹകരണവും നിങ്ങൾക്ക് ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയോടെ പിന്തുടർന്നാൽ വിദേശത്ത് ഒരു മികച്ച ജീവിതം സാധ്യമാക്കുക അസാധ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.