കോട്ടയം മെഡിക്കല്‍ കോളജില്‍ വെരിക്കോസ് വെയിനിന് നൂതന ലേസർ ചികിത്സ സൗകര്യം
text_fieldsഗാന്ധിനഗർ: മെഡിക്കല്‍ കോളജില്‍ പ്രധാന ശസ്ത്രക്രിയ വിഭാഗത്തിന് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സായന്ത്രവും അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷനും യാഥാര്‍ഥ്യമാക്കി തോമസ് ചാഴികാടന് എം.പി.
ന്യൂറോ വിഭാഗം മേധാവി ഡോ. പി.കെ ബാലകൃഷ്ണന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് എം.പിയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് ജര്‍മന്‍ നിര്‍മിത അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷൻ എത്തിച്ചത്.
നിലവിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള അനസ്തേഷ്യ മെഷീന് ഉപയോഗശൂന്യമായതിന്റെ പശ്ചാത്തലത്തിലാണ് എം.പിയുടെ ഇടപെടല്‍.
സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ (സി.ഡബ്ല്യു.സി) സി.എസ്.ആര് ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സായന്ത്രം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് വാങ്ങിനല്‍കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാധുനികമായ ലേസര്‍ ചികിത്സാസൗകര്യം ഒരുക്കുന്നത്. സ്വകാര്യമേഖലയില്‍ ഒരുലക്ഷത്തിൽ കൂടുതൽ ചെലവ് വരുന്ന ഈ ചികിത്സ സൗകര്യം പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഇവിടെ നടത്താൻ കഴിയും.
വെരിക്കോസ് വെയിന്‍ ചികിത്സയില്‍ കുതിച്ചുചാട്ടം
ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സായന്ത്രം എത്തുന്നതോടെ വെരിക്കോസ് വെയിന്‍ ചികിത്സയില്‍ കോട്ടയം മെഡിക്കല്‍ കോളജ് വേറിട്ട് നില്ക്കും. ജര്‍മനിയില്‍ നിർമിച്ച ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സായന്ത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ശരീരം തുറന്നുള്ള ചികിത്സക്ക് അവസാനമാവുകയും നീഡില്ഹോള് (സൂചിദ്വാര) വഴി ലേസര്‍ രശ്മിയുടെ സഹായത്താല്‍ വെരിക്കോസ് വെയിന്‍ ചികിത്സ സാധ്യമാകും. നിലവില്‍ വെരിക്കോസ് വെയിന്‍ ശസ്ത്രക്രിയ ശരീരം തുറന്ന് ചെയ്യുമ്പോള്‍ കുറഞ്ഞത് ഒരാഴ്ച ആശുപത്രിയില്‍ കിടക്കുകയും ഒരു മാസത്തിലധികം വീട്ടില്‍ വിശ്രമിക്കുകയും ചെയ്യേണ്ടിവരും. എന്നാല്‍, ആധുനിക ലേസര്‍ ചികിത്സക്ക് വിധേയരായ രോഗികള്‍ക്ക് പിറ്റേദിവസം ആശുപത്രി വിടാന്‍ സാധിക്കും. ഒരാഴ്ചക്കകം സാധാരണ ജീവിതം തുടരാനും ഇവര്‍ക്ക് കഴിയും.
കേന്ദ്ര സര്‍ക്കാറിന്റെ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്പറേഷന് (സി. ഡബ്ല്യു. സി. ) സി.എസ്.ആര് ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് യന്ത്രം വാങ്ങിയിരിക്കുന്നത്. മെഡിക്കൽ കോളജിലെ വാസ്കുലാർ സർജറി മേധാവി ആയിരുന്ന ഡോ. ബിന്നി ജോണിന്റെ അഭ്യർഥനപ്രകാരം സി.ഡബ്ല്യു.സി ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാറിനോട് തോമസ് ചാഴികാടന് എം.പി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
തോമസ് ചാഴികാടന് എം.പി യോഗം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ ആര്. ശങ്കര്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ ടി.കെ. ജയകുമാര്‍, സി.ഡബ്ല്യു.സി ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാര്‍, ന്യൂറോസർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്, ഡോ. ബിന്നി ജോണ്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സാം ക്രിസ്റ്റി മാമ്മന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.