രോഗ ചികിത്സയിൽ മുന്നേറ്റം; അർബുദ കോശങ്ങളെ റിപ്പയർ ചെയ്യാം
text_fieldsഅർബുദം ബാധിച്ച് ലോകത്ത് നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി മരണപ്പെടുന്നത്. കീമോ, റേഡിയേഷൻ തുടങ്ങി പല തരത്തിലുള്ള ചികിത്സാരീതികൾ അർബുദ പ്രതിരോധത്തിനായി ഉണ്ടെങ്കിലും രോഗാരംഭത്തിൽ തിരിച്ചറിയാനാകാത്തതിനാലും മറ്റു കാരണങ്ങളാലും മരണനിരക്ക് ഇനിയും വേണ്ടത്ര പിടിച്ചുകെട്ടാനായിട്ടില്ല. അതുകൊണ്ടുതന്നെ, അർബുദരോഗ ഗവേഷണത്തെ ഏറെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ, പ്രതീക്ഷക്ക് വകനൽകുന്ന പുതിയൊരു ഗവേഷണ ഫലം പുറത്തുവന്നിരിക്കുന്നു.
ദ.കൊറിയയിലെ കെയ്സ്റ്റ് (കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നാളജി) ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ ക്വാങ് ഹ്യൂൻ ഷൊയും സംഘവുമാണ് കണ്ടെത്തലിനു പിന്നിൽ. ലളിതമായി പറഞ്ഞാൽ, അർബുദ കോശങ്ങളെ റിപ്പയർ ചെയ്ത് പൂർവസ്ഥിതിയിലെത്തിക്കുന്ന വിദ്യയാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
അസാധരണമായി വളരുന്ന അർബുദ കോശങ്ങളെ കരിയിച്ചു കളയുകയോ നീക്കം ചെയ്യുകയോ ആണല്ലൊ അർബുദ ചികിത്സയിൽ നടത്താറുള്ളത്. കോശങ്ങൾ അവ ഉൾക്കൊള്ളുന്ന അവയവം ആവശ്യപ്പെടുന്നതിനനുസരിച്ച് വളരുകയെന്നതാണ് (ട്രാജക്ടറി) സാധാരണ ക്രമം. അതിനു വിപരീതമായി അസാധാരണതലത്തിൽ വളരുന്നതാണ് അർബുദം.
ഇത്തരത്തിൽ അസാധാരണ വളർച്ചക്ക് നിദാനമാകുന്ന ജീനുകളുടെ ഡിജിറ്റൽ പകർപ്പുകൾ ഗവേഷകർ ലാബിൽ വികസിപ്പിച്ചു. ഈ പകർപ്പുകൾ ഉപയോഗിച്ചുതന്നെ അസാധാരണ വളർച്ച നിയന്ത്രിക്കുന്ന വിദ്യയാണിത്. വൻകുടൽ അർബുദ കോശങ്ങളിൽ ഇതു പരീക്ഷിച്ചപ്പോൾ വിജയിച്ചു. ആദ്യം ലാബിലും പിന്നീട് മൃഗങ്ങളിലും പരീക്ഷിച്ചു വിജയിച്ചു. ഈ ചികിത്സക്ക് പാർശ്വഫലം കുറവാണെന്നും ഗവേഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.