ആഫ്രിക്കന് പന്നിപ്പനി പ്രതിരോധം തുടങ്ങി
text_fieldsതൊടുപുഴ: ജില്ലയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കരിമണ്ണൂർ പഞ്ചായത്തിലെ ചാലാശ്ശേരിയിലെ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ 278 പന്നികളെ കൊന്നൊടുക്കി. കരിമണ്ണൂർ, ആലക്കോട്, ഇടവെട്ടി എന്നീ പഞ്ചായത്തുകളിലെ എട്ടോളം ഫാമുകളിലെ പന്നികളെയാണ് കൊന്നത്. ഇതിൽ ചാലാശ്ശേരിയിലെ ഫാമിലെ രോഗബാധിതരായ 26 പന്നികളും ഉൾപ്പെടുന്നു. നേരത്തേ ഈ ഫാമിലെ ഇരുപതിലേറെ പന്നികൾ രോഗം ബാധിച്ച് ചത്തിരുന്നു. തുടർന്ന് സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ ബുധനാഴ്ച വൈകീട്ടോടെയാണ് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
കലക്ടറുടെ നിർദേശപ്രകാരമാണ് വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ജില്ല മൃഗസംരക്ഷണ ഓഫിസർ ബിനോയ് പി. മാത്യുവിന്റെയും ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കുര്യൻ കെ. ജേക്കബിന്റെയും നേതൃത്വത്തിൽ ദയാവധം ആരംഭിച്ചത്. ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ഡോ. ബിജു ജെ. ചെമ്പരത്തി, എപിഡമോളജിസ്റ്റ് ഡോ. നിശാന്ത് എം. പ്രഭ, ഡോ. ജയ്സൺ, ഡോ. ഗദ്ദാഫി, ഡോ. കെ.പി. നീതു, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ബിന്റോ മോൻ, ജിജോ കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ദയാവധം നടത്തിയത്. പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷ മുൻകരുതലുകളോടെ ഉദ്യോഗസ്ഥർ ഫാമുകളിലെത്തി ഓരോ പന്നിയുടെയും തൂക്കം നോക്കിയ ശേഷം മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവയെ ഓരോ ഫാമിന് സമീപവും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴികളെടുത്ത് കൂട്ടത്തോടെ കുഴിച്ചുമൂടി. ഇതിന് ശേഷം പ്രദേശം അണുനശീകരണം നടത്തി. 24 മണിക്കൂർ കഴിഞ്ഞ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ വീണ്ടും അണുനശീകരണം നടത്തും.
രോഗം ബാധിക്കാത്ത പന്നികളെ കൊല്ലുന്നതിനെ കർഷകർ എതിർത്തെങ്കിലും രോഗം പടർന്ന് പിടിച്ചാലുണ്ടാകുന്ന ഭീകരാവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥർ ഇവരെ ബോധ്യപ്പെടുത്തി. ആരോഗ്യ വിഭാഗം സമീപ വീടുകളിൽ കയറിയും ബോധവത്കരണം നടത്തുന്നുണ്ട്. തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും കരിമണ്ണൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. കൊല്ലുന്ന പന്നികൾക്ക് പകരമായി കർഷകർക്ക് നഷ്ടപരിഹാര തുക നൽകും. തൂക്കമനുസരിച്ച് 2200 മുതൽ പരമാവധി 15,000 രൂപ വരെയാണ് നഷ്ടപരിഹാരം നൽകുക. 15 കിലോക്ക് താഴെയുള്ള പന്നിക്ക് 2200ഉം നൂറു കിലോക്ക് മുകളിലുള്ളതിന് 15,000 രൂപയും ലഭിക്കും. കേന്ദ്ര മാനദണ്ഡ പ്രകാരം കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും ചേർന്നാണ് നഷ്ടപരിഹാരം നൽകുക.
ആശങ്ക വേണ്ട; മനുഷ്യരിലേക്ക് പകരില്ല
പന്നികളിൽനിന്ന് മനുഷ്യരിലേക്ക് പകരുകയും രോഗബാധയുണ്ടാക്കുകയും ചെയ്യുന്ന ജന്തുജന്യരോഗങ്ങളിൽ ഒന്നല്ല ആഫ്രിക്കൻ പന്നിപ്പനി. അസ്ഫാർവൈറിഡെ എന്ന ഡി.എൻ.എ വൈറസ് കുടുംബത്തിലെ ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസുകളാണ് രോഗത്തിന് കാരണം. വളർത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും മുള്ളൻപന്നികളെയുമെല്ലാം രോഗം ബാധിക്കും. കാട്ടുപന്നികളെ അപേക്ഷിച്ച് നാടൻ പന്നികളിലും സങ്കരയിനത്തിൽപെട്ട പന്നികളിലും രോഗസാധ്യത ഉയർന്നതാണ്.
അഞ്ച് പഞ്ചായത്തിൽ നിരീക്ഷണം
ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികൾ, പന്നി മാംസം, പന്നിത്തീറ്റ എന്നിവ വാങ്ങാനും വിൽക്കാനുമുള്ള നിരോധനം തുടരും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ പന്നികളെ നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്യും. കരിമണ്ണൂർ പഞ്ചായത്ത് കൂടാതെ തൊടുപുഴ മുനിസിപ്പാലിറ്റി, ആലക്കോട്, ഇടവെട്ടി, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, കോടിക്കുളം പഞ്ചായത്തുകളിലും മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.