ആഫ്രിക്കൻ പന്നിപ്പനി: പടർന്നത് മനുഷ്യരിലൂടെ മാത്രമായിരിക്കില്ലെന്ന് വിദഗ്ധർ
text_fieldsകൽപറ്റ: കേരളത്തിലാദ്യമായി വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സംഭവത്തിൽ മനുഷ്യരായിരിക്കാം രോഗവാഹകരെന്നതിന് സ്ഥിരീകരണമില്ല. നേരത്തെ രോഗം സ്ഥിരീകരിച്ച ഫാമുമായി സമ്പർക്കം പുലർത്തിയിട്ടുള്ള മനുഷ്യരിൽനിന്നോ തീറ്റയിൽനിന്നോ അത് കൊണ്ടുപോകുന്ന വാഹനങ്ങളിൽനിന്നോ പാത്രങ്ങളിൽനിന്നോ ഉൾപ്പെടെ മറ്റു ഫാമുകളിലേക്ക് രോഗം പടരുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെയും കണിയാരത്തെയും ഫാമുകളിൽ രോഗം എത്തിയത് മനുഷ്യരിലൂടെയായിരിക്കാമെന്നത് സാധ്യത മാത്രമാണെന്നും ആളുകൾക്കൊപ്പം ഫാമിലേക്ക് കൊണ്ടുവന്ന തീറ്റയിൽനിന്നോ വാഹനങ്ങളിൽനിന്നോ ഉൾപ്പെടെ രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്.
പന്നികളിൽനിന്ന് പന്നികളിലേക്ക് അല്ലാതെ മറ്റു മൃഗങ്ങളിലേക്കോ പക്ഷികളിലേക്കോ മനുഷ്യരിലേക്കോ ആഫ്രിക്കൻ പന്നിപ്പനി പകരില്ല. എന്നാൽ, രോഗമുള്ള പന്നി ഫാമുമായി ചേർന്ന് പ്രവർത്തിക്കുന്നവരുടെ വസ്ത്രത്തിൽ ഉൾപ്പെടെ വൈറസ് നിലനിൽക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ രോഗവാഹകരായവർ മറ്റു ഫാമുകളിലേക്ക് പന്നിക്കച്ചവടത്തിനോ തീറ്റ കൊണ്ടുപോകുന്നതിനോ പോയാലും അവിടത്തെ പന്നികളിലേക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.
ഇതര ജില്ലകളിൽനിന്ന് ഒന്നിലധികം ഫാമുകളിലേക്ക് ഒരേ വാഹനത്തിൽ തീറ്റ കൊണ്ടുവരുന്ന രീതിയും നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ തീറ്റ കൊണ്ടുവരുന്ന വാഹനങ്ങൾ പല ഫാമുകളിലും പോകുന്നതും രോഗവ്യാപനത്തിന് കാരണമായേക്കാമെന്നും അധികൃതർ വിശദീകരിക്കുന്നു. മാനന്തവാടിയിലെ രോഗം സ്ഥിരീകരിച്ച കണിയാരത്തെ ഫാമിലേക്ക് പന്നികളെ കൊണ്ടുപോകാൻ ഇതര ജില്ലയിൽനിന്നുള്ളവർ എത്തിയിരുന്നു. ഇതിനുശേഷമാണ് ഇവിടെ പന്നികൾ ചത്തതെന്നാണ് ഉടമകൾ അധികൃതരെ അറിയിച്ചത്.
രോഗവാഹകരാകുന്നവരിൽ മനുഷ്യരും ഉൾപ്പെടാനുള്ള സാധ്യത കൂടുതലാണെങ്കിലും അവരിലൂടെ മാത്രമായിരിക്കാം കേരളത്തിൽ രോഗം പടർന്നതെന്ന് ഉറപ്പുപറയാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
രോഗം സ്ഥിരീകരിച്ചതിനെതുടർന്ന് മാനന്തവാടിയിലും തവിഞ്ഞാലിലുമായി 469 പന്നികളെയാണ് കൊന്നൊടുക്കിയതെന്നും കർഷകർക്ക് നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുന്നതിന് ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് തിരുവനന്തപുരത്തേക്ക് അയച്ചുവെന്നും ജില്ല മൃഗസംരക്ഷണ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.