കോവിഡ് ഭേദമായവരിൽ 'അസ്ഥി മരണം'; ബ്ലാക്ക് ഫംഗസിന് പിന്നാലെ പുതിയ വെല്ലുവിളി, മുംബൈയിൽ മൂന്നു പേർ ചികിത്സ തേടി
text_fieldsമുംബൈ: കോവിഡ് ഭേദമായ ശേഷം അവസ്കുലർ നെക്രോസിസ് (എ.വി.എൻ) അല്ലെങ്കിൽ അസ്ഥി ടിഷ്യു നശിക്കുന്ന രോഗം ബാധിക്കുന്നതായി റിപ്പോർട്ട്. ഇത്തരം രോഗാവസ്ഥയുമായി മൂന്നു പേർ മുംബൈയിൽ ചികിത്സ തേടിയതായി സ്ഥിരീകരിച്ചു.
രണ്ട് മാസം മുമ്പ് ബ്ലാക്ക് ഫംഗസ് വ്യാപിച്ചതിന് പിന്നാലെയാണ് കോവിഡ് ഭേദമായവരിൽ പുതിയ രോഗാവസ്ഥ തിരിച്ചറിഞ്ഞിരിക്കുന്നത്. മഹിമിലെ ഹിന്ദുജ ആശുപത്രിയിലാണ് ഈ രോഗം ബാധിച്ച മൂന്നു പേരും ചികിത്സ തേടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 40 വയസ്സിന് താഴെയുള്ള ഇവർക്ക് കോവിഡ് ഭേദമായി രണ്ടു മാസത്തിന് ശേഷമാണ് ഈ രോഗം പിടിപെട്ടത്.
തുടയിലെ അസ്ഥിയുടെ ഏറ്റവും മുകളിലെ ഭാഗത്ത് വേദന അനുഭവപ്പെടുകയും ഡോക്ടർമാരായതിനാൽ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വേഗം ചികിത്സ തേടുകയുമായിരുന്നെന്നും മഹിം ഹിന്ദുജ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജയ് അഗർവാല പറഞ്ഞു. കോവിഡ് ചികിത്സക്കുള്ള സ്റ്റിറോയിഡുകളുടെ ഉപയോഗമാണ് ഈരോഗവും കറുത്ത ഫംഗസും തമ്മിലുള്ള പൊതു ഘടകമെന്നും സഞ്ജയ് അഗർവാല തൻെറ ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.
അവസ്കുലർ നെക്രോസിസ് കേസുകൾ വരും ദിവസങ്ങളിൽ വർധിച്ചേക്കുമെന്ന ആശങ്കയിലാണ് ഡോക്ടർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.